IndiaLatest

ബുദ്ധദേബ് ഭട്ടാചാര്യയുടെ ഭാര്യാ സഹോദരി ജീവിക്കുന്നത് കൊൽക്കത്ത തെരുവിൽ

“Manju”

കൊൽക്കത്ത: മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയുടെ ഭാര്യാ സഹോദരി ജീവിക്കുന്നത് കൊൽക്കത്തയിലെ തെരുവിൽ. വൈറോളജിയിൽ ഗവേഷണ ബിരുദധാരിയും 33 വർഷക്കാലം ഹൈസ്കൂൾ അധ്യാപികയുമായിരുന്ന ഇറ ബസുവിന്റെ ഇപ്പോഴത്തെ ജീവിതമാണ് സങ്കടക്കാഴ്ചയാവുന്നത്. കൊൽക്കത്ത ന​ഗരത്തിലെ ഫുട്പാത്തിലാണ് കഴിഞ്ഞ രണ്ടു വർഷമായി ഇവർ ജീവിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ വിഡിയോ പുറത്തുവന്നതോടെ അധികൃതർ ഇടപെട്ട് വൈദ്യപരിശോധനയ്ക്കും ചികിത്സയ്ക്കുമായി ആശുപത്രിയിലെത്തിച്ചു.

പർഗാനാസ്-വടക്ക് ജില്ലയിലുള്ള പ്രിയനാഥ് ഗേൾസ് ഹൈസ്കൂളിൽ ലൈഫ് സയൻസ് അധ്യാപികയായിരുന്ന ഇറ. 1976 മുതൽ 2009 വരെ ഇവർ ജോലി ചെയ്തു. ബഡാനഗറിൽ താമസിച്ചിരുന്ന അവർ വിരമിക്കലിനുശേഷം ഖർദയിലെ ലിച്ചുബഗാനിലേക്ക് താമസം മാറ്റി. എന്നാൽ ഇവിടെ നിന്ന് അപ്രത്യക്ഷയായ ഇറയെ പിന്നീട് കാണുന്നത് ഡൺലപ്പിലെ ഫുട്പാത്തിലാണ്. ബുദ്ധദേബിന്റെ ഭാര്യ മീരയുടെ സഹോദരിയാണ് ഇറ. എന്നാൽ മുൻമുഖ്യമന്ത്രിയുടെ കുടുംബവുമായുള്ള ബന്ധം ഇവർ ഇഷ്ടപ്പെടുന്നില്ല. അധ്യാപികയായത് സ്വന്തം കഴിവിലാണെന്നും അന്നും ബുദ്ധദേബിന്റെ പേരിൽ എന്തെങ്കിലും സഹായം സ്വീകരിച്ചിട്ടില്ലെന്നും അവർ പറയുന്നു. ‘കുറച്ചുപേർക്കൊക്കെ ഞങ്ങളുടെ കുടുംബബന്ധം അറിയാം. എന്നാൽ അങ്ങനെയൊരു മേൽവിലാസത്തിൽ എനിക്ക് താത്പര്യമില്ല’- ഇറ വ്യക്തമാക്കി. അവിവാഹിതയാണ് ഇവർ.
വിരമിച്ചശേഷം പെൻഷൻ ഏർപ്പാടാക്കാൻ ശ്രമിച്ചെങ്കിലും രേഖകൾ സമർപ്പിക്കാൻ ഇറ തയ്യാറായില്ലെന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് കൃഷ്ണകാളി ചന്ദ പറഞ്ഞു. അതിനാൽ പെൻഷനും കിട്ടുന്നില്ല. എന്നാൽ ഫുട്പാത്തിലാണ് ജീവിതമെങ്കിലും ആരുടേയും സഹായം ഇവർ സ്വീകരിക്കാറില്ല. പണം കൊടുത്താണ് ഭക്ഷണം വാങ്ങി കഴിക്കുന്നത്. കഴിഞ്ഞ അധ്യാപകദിനത്തിൽ ഡൺലപ്പിലെ ആർത്യജൊൻ എന്ന സംഘടന ഇറയെ ആദരിച്ചിരുന്നു.

Related Articles

Back to top button