KeralaLatest

വിവാഹ യാത്രയ്ക്കും ‘ആനവണ്ടി

“Manju”

Anuraj joins 'Anavandi' for his wedding trip in thiruvananthapuram | വിവാഹ  യാത്രയ്ക്കും 'ആനവണ്ടി'യെ ഒപ്പം കൂട്ടി അനുരാജ്; തീരുമാനത്തിന് പിന്നിൽ  കെഎസ്ആർടിസിയോടുള്ള ...
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പൊതുഗതാഗത സംവിധാനമായ കെഎസ്‌ആര്‍ടിസിയിലെ (ആനവണ്ടി) യാത്രകള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ പ്രിയമേറുന്നു. കാലം മാറിയപ്പോള്‍ എന്തിനും ഏതിനും ആനവണ്ടിക്ക് മുന്തിയ പരിഗണന നല്‍കുന്നയാളുകളാണ് നമുക്ക് ചുറ്റുമുള്ളത്. സാധാരണ രീതിയില്‍ വരനും വധുവുമൊക്കെ കാറിലും ജീപ്പിലും യാത്രചെയ്ത വിവാഹത്തിനും മറ്റ് അനുബന്ധ സ്വകാര്യ ചടങ്ങുകള്‍ക്കും മറ്റുമായി പോകുമ്പോള്‍ ഇങ്ങ് തിരുവനന്തപുരത്തൊരു ഐടി പ്രൊഫഷണല്‍ അനുരാജ് വിവാഹവേദിയിലേക്ക് പോയത് ജനങ്ങളുടെ സ്വന്തം ആനവണ്ടിയില്‍. കെഎസ്‌ആര്‍ടിസിയോടുള്ള അടങ്ങാത്ത കമ്പമാണ് അനുരാജിന്റെയും ഭാര്യ പ്രിയയുടെയും വിവാഹയാത്രയെ രാജകീയമാക്കിയത്.
നെടുമങ്ങാട് കരകുളം അയണിക്കാട് അനുഭവനില്‍ അനുരാജാണ് കെഎസ്‌ആര്‍ടിസി ബസില്‍ യാത്ര ചെയ്ത് വിവാഹിതനായത്. നെടുമങ്ങാട് ഡിപ്പോയില്‍ നിന്നും ബസ് ബുക്ക് ചെയ്താണ് അനുരാജ് ആര്യനാടിന് സമീപത്തെ മരങ്ങാട് സിയോ മാര്‍ത്തോമാ ചര്‍ച്ചിലെത്തി മരങ്ങാട് സ്വദേശിനി പ്രിയയെ ജീവിത പങ്കാളിയാക്കിയത്. വ്യാഴാഴ്ചയായിരുന്നു അനുരാജിന്റെയും പ്രിയയുടെയും വിവാഹം. വാഹനങ്ങളൊക്കെ സ്വന്തമാക്കാനുള്ള സാമ്ബത്തിക സ്ഥിതിയുണ്ടായിട്ടും ഇതുവരെ അനുരാജ് ഒരു ഇരുചക്രവാഹനം പോലും വാങ്ങിയിട്ടില്ല. പഠിക്കുമ്പോഴും പിന്നീട് തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ സ്വകാര്യ കമ്ബനിയില്‍ ജോലിയില്‍ പ്രവേശിച്ചിട്ടും യാത്ര കെഎസ്‌ആര്‍ടിസിയില്‍ മാത്രം. ആനവണ്ടിയോടുള്ള തന്‍്റെ അടങ്ങാത്ത കമ്പമാണ് വിവാഹ യാത്രയും കെഎസ്‌ആര്‍ടിസിക്കൊപ്പമാക്കാന്‍ കാരണമെന്ന് അനു പറയുന്നു.
ഇക്കാര്യം വീട്ടിലവതരിപ്പിച്ചപ്പോള്‍ എല്ലാവരും പൂര്‍ണ്ണ പിന്തുണ നല്‍കി ഒപ്പം നിന്നു. ചിലരൊക്കെ എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും തീരുമാനം മാറ്റിയില്ലെന്നും അനുരാജ് പറയുന്നു. തന്റെ നിര്‍ബന്ധത്തിന് ഒടുവില്‍ ബന്ധുക്കള്‍ കൂടി വഴങ്ങിയതോടെ വിവാഹ യാത്രയും അങ്ങനെ കെഎസ്‌ആര്‍ടിസിയില്‍ തന്നെ കെങ്കേമാക്കുകയായിരുന്നു. സന്തോഷം തരുന്ന നിമിഷങ്ങളായിരുന്നു വ്യാഴാഴ്ച തനിക്കും പ്രിയക്കുമുണ്ടായിരുന്നതെന്നും അനുരാജ് പറഞ്ഞു.
നെടുമങ്ങാട് കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ നിന്ന് ബസ് ബുക്ക് ചെയ്ത് മനോഹരമായി അലങ്കരിച്ചായിരുന്നു വിവാഹ യാത്ര. അതില്‍ തന്നെ ഫോട്ടോഷൂട്ടിനുള്ള അവസരവും കെഎസ്‌ആര്‍ടിസി ഇവര്‍ക്ക് നല്‍കിയിരുന്നു. ഏതായാലും എന്തിനും ഏതിനും വ്യത്യസ്തത കണ്ടെത്തുന്ന ആളുകള്‍ നമുക്ക് ചുറ്റുമുള്ളപ്പോള്‍ ആനവണ്ടിയിലെ ഈ കല്യാണാഘോഷം ഒരല്പം വെറൈറ്റി ആഘോഷമായി.
കെഎസ്‌ആര്‍ടിസിയെ കൂടുതല്‍ ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായിട്ടാണ് വിവാഹം പോലുള്ള ചടങ്ങുകള്‍ക്ക് ആവശ്യക്കാര്‍ മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ ബസ് വിട്ടുനല്‍കാന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചത്. ടിക്കറ്റേതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി പരിഷ്കരണങ്ങള്‍ അടുത്തകാലത്ത് കെഎസ്‌ആര്‍ടിസിയില്‍ നടപ്പിലാക്കിയിരുന്നു. കെഎസ്‌ആര്‍ടിസി തുടങ്ങിയ പെട്രോള്‍ പമ്പുകളില്‍ നിന്ന് ജനങ്ങള്‍ക്കും ഇന്ധനം നിറയ്ക്കാനുള്ള സൗകര്യവും ഇതുവഴി ഒരുക്കിയിരുന്നു. നേരത്തെ, കെഎസ്‌ആര്‍ടിസി ബോണ്ട് സര്‍വീസുകളില്‍ പലയിടത്തും ഓണാഘോഷം നടത്തിയതും വളരെ വാര്‍ത്താ പ്രാധാന്യം ലഭിച്ചിരുന്നതായിരുന്നു. ബോണ്ട് സര്‍വീസുകളിലെ യാത്രക്കാരും ഡ്രൈവറും കണ്ടക്ടറുമൊക്കെ ഒരു കുടുംബത്തിലെ അംഗങ്ങളെ പോലെയാണ്. പരസ്പരം കളിതമാശകള്‍ പറഞ്ഞു ചിരിച്ചും ഉല്ലസിച്ചുമൊക്കെയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ പോലും സര്‍വീസുകളിലെ യാത്രകള്‍ മനോഹരമാക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ ബോണ്ട് സര്‍വീസുകളില്‍ നടത്തിയ ഓണാഘോഷമായിരുന്നു ഇതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു.
കൊവിഡ് കാലത്ത് തുടങ്ങിയ ബോണ്ട് സര്‍വീസുകള്‍ എട്ട് മാസം പിന്നിടുമ്പോഴും പ്രധാനപ്പെട്ട ജില്ലകളിലെല്ലാം ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്. തിരുവനന്തപുരത്തെ ശംഖുമുഖം ഡബിള്‍ഡെക്കര്‍ ബസ്സിലൂടെ നഗരം ചുറ്റിക്കാണുന്ന യാത്രക്കും ആവശ്യക്കാരേറെയാണ്. ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായി കെഎസ്‌ആര്‍ടിസിയില്‍ അവലംബിച്ചിട്ടുള്ള പുതിയ പദ്ധതികള്‍ക്കെല്ലാം ജനങ്ങളുടെ പൂര്‍ണ്ണപിന്തുണയും കോര്‍പ്പറേഷന് ലഭിക്കുന്നുണ്ട്. ബസ്സിനുള്ളില്‍ നടന്ന ഓണാഘോഷ പരിപാടികളില്‍ കേരളീയ വേഷം ധരിച്ചെത്തിയ മലയാളി മങ്കമാരും പുരുഷന്മാരും ആഘോഷം കെങ്കേമമാക്കിയതും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഓണനാളിലെത്തുന്ന മഹാബലിയെയും കൂടി ബസ്സിനുള്ളിലേക്ക് കൊണ്ടുവന്നതോടെ ഓണപ്പാട്ടും നാടന്‍പാട്ടുകളും സിനിമപാട്ടുകളുമായി യാത്രക്കാരെല്ലാം തകര്‍ത്താടിയിരുന്നതും വ്യത്യസ്ത കാഴ്ചകളായിരുന്നു. ഓണക്കോടി വിതരണവും ഓണസന്ദേശം കൈമാറലും ഓണാഘോഷത്തിന് സന്തോഷം പകര്‍ന്ന് മധുരപലഹാര വിതരണവും അന്ന് ബോണ്ട് സര്‍വീസില്‍ നടന്നിരുന്നു.
വെഞ്ഞാറമൂട്ടില്‍ നിന്നും തിരുവനന്തപുരത്തേക്കും പാറശാലയില്‍ നിന്ന് തിരുവനന്തപുരത്തേക്കും ജില്ലയില്‍ ബോണ്ട് സര്‍വീസുകള്‍ നടത്തുന്നുണ്ട്. പാറശാല ഡിപ്പോയില്‍ നിന്നുള്ള ഏക ബോണ്ട് സര്‍വീസില്‍ 47 യാത്രക്കാരാണുള്ളത്. 10 ദിവസത്തെ ബോണ്ട് സര്‍വീസ് യാത്രയ്ക്ക് 1400 രൂപയാണ് ആനവണ്ടിയില്‍ ഈടാക്കുന്നത്. ‘എന്റ് ടു എന്റ്’ സര്‍വീസുകളാണിതെന്നാണ് പ്രത്യേകത.

Related Articles

Back to top button