KeralaLatestThiruvananthapuram

എല്ലാ നിയമനങ്ങള്‍ക്കും ഇനി പോലീസ് വെരിഫിക്കേഷന്‍

“Manju”

തിരുവനന്തപുരം : സുപ്രധാന തീരുമാനവുമായി മന്ത്രിസഭായോഗം. എല്ലാ നിയമനങ്ങള്‍ക്കും ഇനി നിര്‍ബന്ധമായും പോലീസ് വെരിഫിക്കേഷന്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഈ സുപ്രധാന തീരുമാനമെടുത്തത്. സര്‍ക്കാര്‍, പൊതുമേഖലാ, ദേവസ്വം, സഹകരണസ്ഥാപനങ്ങള്‍, ക്ഷേമനിധി ബോര്‍ഡുകള്‍ എന്നീ മേഖലകളില്‍ നിയമനം നടത്തുന്നതിന് ഇനി മുതല്‍ പോലീസ് വെരിഫിക്കേഷന്‍ വേണം. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക-അനധ്യാപക നിയമനത്തിനും ഈ നിയമം ബാധകമാണ്.
ജോലിയില്‍ പ്രവേശിച്ച്‌ ഒരു മാസത്തിനകം വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ ഇതിനായി ഉടന്‍ ചട്ടഭേദഗതി വരുത്തണമെന്നും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.

സഹകരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വ്യാപക ആക്ഷേപം ഉയര്‍ന്നു വരുന്ന സാഹചര്യത്തിലാണ് സഹകരണസ്ഥാപനങ്ങളിലെ നിയമനത്തിലും പൊലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കുന്നത്. പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുന്നെന്ന വാര്‍ത്തകള്‍ ഒരുപാട് പുറത്ത് വരുന്നുണ്ട്. ആലപ്പുഴ കയര്‍ ഫെഡില്‍ പെന്‍ഷനായിട്ടും സ്വാധീനം ഉപയോഗിച്ച്‌ വീണ്ടും അതേ തസ്തികയില്‍ തന്നെ പുനര്‍നിയമനം നേടിയ വാര്‍ത്തയും ഇന്ന് രാവിലെ വന്നിരുന്നു.

മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാരെ കണ്ടെത്താന്‍ സര്‍വേ നടത്താനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി 75 ലക്ഷം രൂപ അനുവദിക്കാനും തീരുമാനിച്ചു. കുടുംബശ്രീയെയാണ് സര്‍വേ നടത്താന്‍ നിയോഗിച്ചിരിക്കുന്നത്. തദ്ദേശവാര്‍ഡ് അടിസ്ഥാനത്തിലാകും സാമൂഹിക-സാമ്പത്തിക സര്‍വേ നടത്തുക.

Related Articles

Back to top button