KeralaLatestMalappuram

സി.എച്ച്. മുന്നോട്ടുവെച്ച മാനവീകതയും മതസൗഹാർദ്ദവും ഏറെ പ്രസക്തം. സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി.

“Manju”

കാഞ്ഞങ്ങാട് : ജനാധിപത്യ മതേതരത്വത്തിൽ വിശ്വസിച്ച് പ്രവർത്തിച്ചിരുന്ന ആളായിരുന്നു സി.എച്ച് എന്നും അദ്ദേഹം മുൻപോട്ടുവെച്ച മാനവീകതയും മതസൗഹാർദ്ദവും ഇക്കാലത്ത് ഏറ പ്രസക്തമാണെന്നും ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി. മറ്റുള്ളവരുടെ ആവകാശങ്ങളെ മാനിച്ചുകൊണ്ടാണ് അദ്ദേഹം മുന്നോട്ട് പോയത്. മതങ്ങളുടെ സമാധാനപരമായ സഹവർത്തിത്ത്വം അദ്ദേഹം ആഗ്രഹിച്ചു. ഈ കാലഘട്ടത്തിൽ സി.എച്ച്. മുന്നോട്ടുവെച്ച മാനവീകതയുടെ സന്ദേശങ്ങൾ ഏറ പ്രസക്തമാണ്. എന്നാൽ ഇത്തരമൊരു വ്യക്തിത്വത്തെ ആഴത്തിൽ പഠിക്കുവാൻ നവോത്ഥാനകാലഘട്ടത്തിന് കഴിഞ്ഞോ എന്ന് സംശയമാണ്. പൊതു സമൂഹത്തിന്റെ മൊത്തം ആദരവ് ഏറ്റുവാങ്ങാൻ സാധിച്ച മഹത് വ്യക്തിയായിരുന്നു സി.എച്ച്. മുഹമ്മദ് കോയ. അവകാശപോരാട്ടങ്ങളെക്കുറിച്ച് സംസാരിക്കുകയും ആത്മാർത്ഥമായി അതിന് മുൻപന്തിയിൽ നിലയുറപ്പിക്കുകയും ചെയ്യുമ്പോൾ തന്നെ തന്റെ കടമകളെക്കുറിച്ച് ഓർമ്മപ്പെടുത്താനും സ്വസമുദായത്തെ ഉദ്ബുദ്ധരാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. എല്ലാ അർത്ഥത്തിലും ഒരു മഹാവിസ്മയം ആയിരുന്നു അദ്ദേഹം. മുസ്ലീം സമുദായത്തിന് മാത്രമല്ല എല്ലാ ജനവിഭാഗങ്ങൾക്കും ആദരണീയനായി ആയുഷ്ക്കാലമത്രയും വിശ്വാസ്യമായ പൊതുജീവിതം നയിച്ചു. നിരീക്ഷണ പാടവവും നർമ്മബോധവും അനവരതം നിർഗ്ഗളിക്കുന്ന ശൈലീ സവിശേഷതയും സി.എച്ചിന്റെ പ്രസംഗംപോലെ എഴുത്തിനേയും സജീവമാക്കി. പഠിക്കുക.. പഠിക്കുക..വീണ്ടും പഠിക്കുക.. അദ്ദേഹം കേരളത്തിലെ വിദ്യാഭ്യാസമന്ത്രിയായിരുന്നപ്പോൾ വിദ്യാർത്ഥികളെ ആഹ്വാനം ചെയ്തു. എല്ലാ വിമർശനങ്ങൾക്കും മറുപടിപറയുവാനുള്ള സി.എച്ചിന്റെ പാടവം ഒന്നുവേറെതന്നെയായിരുന്നു. ഏത് ആക്രമണങ്ങളേയും ചാട്ടുളിപോലുള്ളവാക്കുകൾകൊണ്ട് പ്രതിരോധിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. രാഷ്ട്രീയ നേതാവും മികച്ച ഭരണാധികാരിയും സാമൂഹിക പരിഷ്കർത്താവും പത്രാധിപരുമൊക്കെയായി ശോഭിച്ച അദ്ദേഹം ജനമനസ്സുകളിൽ ആഴ്ന്നിറങ്ങുന്ന ശൈലിയുടെ ഉടമകൂടിയായിരുന്നു. ഓരോകര്യങ്ങളും പഠിച്ചെഴുതുകയും പറയുകയും ചെയ്യാറുള്ള അദ്ദേഹം അക്ഷരോപാസനക്കാലത്ത് എത്രയോ മുഖപ്രസംഗങ്ങൾ പുറത്തിറക്കി. സി.എച്ചിന്റെ പ്രൗഢലേഖനങ്ങൾ പുതിയകാലത്തെ പത്രപ്രവർത്തനത്തിൽ പ്രായോഗിക പരീശീലനത്തിന്റെ കളരിയാണ്. പച്ചയായ മനുഷ്യനായിരുന്നു സി.എച്ച്. നല്ലകുടുംബനാഥൻ, വാത്സല്യനിധിയായ പിതാവ്, നല്ലൊരു ഭർത്താവ്. സംസാരത്തിലെപ്പോഴും തമാശയുടെ മേമ്പൊടിയുണ്ടായിരുന്നു. മുൻമുഖ്യമന്ത്രിയും മുസ്ലീംലീഗ് നേതാവുമായ സി.എച്ച്. മുഹമ്മദ് കോയയുടെ 39-ാം ചരമവാർഷികത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് സി.എച്ച്. സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സി.എച്ച്. അനുസ്മരണത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. കാഞ്ഞങ്ങാട് മുസ്ലീം യത്തീംഖാന ഓപ്പൺ ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങുകൾ സംഘടിപ്പിച്ചത്. കീഴരിയൂർ തോണി അപകടത്തിൽപ്പെട്ട മൂന്ന് ജീവനുകളെ രക്ഷിച്ച ബേക്കൽ സ്വദേശി ബബീഷിനെയും അഷറഫ് കീഴൂരിനേയും ചടങ്ങിൽ ആദരിച്ചു. സി.എച്ച്. സെന്റർ ചെയർമാൻ തായൽ അബൂബക്കർ ഹാജി, ചെയർമാൻ ഇൻചാർജ് എം.പി. ജാഫർ, കൺവീനർ അഹമ്മദ് ഹാജി, ട്രഷറർ സി.എച്ച്. ആഹമ്മദ് കുഞ്ഞി ഹാജി, യു.എ.ഇ. സി.എച്ച്. സെന്റർ ട്രഷറർ കെ.എച്ച്.ശംസുദ്ദീൻ, മീഡിയ വിങ് കൺവീനർ മുല്ലക്കോയ തങ്ങൾ, റാഷിദ് തായൽ, ഖാലിദ് ബല്ലാ കടപ്പുറം എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചു.

Related Articles

Back to top button