KeralaLatest

കേരളത്തിന്​ ദേശീയ അവാര്‍ഡ്​

“Manju”

തിരുവനന്തപുരം: ഇന്ത്യാ ടുഡേയുടെ ഈ വര്‍ഷത്തെ ഹെല്‍ത്ത്ഗിരി അവാര്‍ഡ് പട്ടികയില്‍ കേരളവും. രാജ്യത്തെ ഏറ്റവും മികച്ച കോവിഡ് വാക്സിനേഷന്‍ ഡ്രൈവിനാണ് സംസ്ഥാന ആരോഗ്യ വകുപ്പിന് അവാര്‍ഡ് ലഭിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ടവ്യയില്‍നിന്ന് ആരോഗ്യ വകുപ്പിന് വേണ്ടി കേരള ഹൗസ് റെസിഡന്‍റ്​ കമീഷണര്‍ സൗരഭ് ജയിന്‍ പുരസ്‌കാരം ഏറ്റുവാങ്ങി.കേരളം നടത്തിയ മികച്ച വാക്സിനേഷനുള്ള അംഗീകാരമാണ് ഈ അവാര്‍ഡെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്തെ ഒന്നാം ഡോസ് വാക്സിനേഷന്‍ അന്തിമ ഘട്ടത്തിലാണ്. 92.66 ശതമാനം പേരും (2,47,47,633) നിലവിലെ മാനദണ്ഡമനുസരിച്ച്‌ ഒരു ഡോസ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 41.63 ശതമാനം പേര്‍ (1,11,19,633) രണ്ടു ഡോസ് വാക്സിനും എടുത്തു. 45 വയസ്സിന് മുകളിലുള്ള 97 ശതമാനം പേരും ഒരു ഡോസ് വാക്സിന്‍ എടുത്തവരാണ്. ഒന്നും രണ്ടും ഡോസും ചേര്‍ത്ത് 3,58,67,266 ഡോസ് വാക്സിന്‍ നല്‍കി. സംസ്ഥാനത്തെ വാക്സിനേഷന്‍ ലക്ഷ്യത്തോടടുക്കുകയാണ്. ഇനി 19 ലക്ഷത്തോളം പേരാണ് ആദ്യ ഡോസ് വാക്സിനെടുക്കാനുള്ളത്.കോവിഡ് ബാധിച്ചവര്‍ക്ക് മൂന്ന് മാസം കഴിഞ്ഞ് വാക്സിന്‍ എടുത്താല്‍ മതിയാകും. ഇത്തരത്തിലുള്ളവര്‍ 10 ലക്ഷത്തോളം പേര്‍ വരുമെന്നാണ് കണക്കാക്കുന്നത്. അതിനാല്‍ തന്നെ വളരെ കുറച്ച്‌ പേരാണ് വാക്സിനെടുക്കാനുള്ളത്. ഇനിയും വാക്സിനെടുക്കാനുള്ളവര്‍ എത്രയും വേഗം വാക്സിന്‍ എടുക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

Related Articles

Back to top button