India

ഭാവിതലമുറയ്ക്കായി ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും: പ്രധാനമന്ത്രി

“Manju”

കൊച്ചി: ഭാവിതലമുറയ്ക്കായി ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനാണ് തന്റെ സർക്കാർ ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 110 ലക്ഷം കോടി രൂപയുടെ നാഷണൽ ഇൻഫ്രാസ്ട്രക്ചർ പൈപ്പ് ലൈൻ പദ്ധതി അതിന് വേണ്ടിയാണ് വിഭാവനം ചെയ്തിട്ടുളളതെന്നും കൊച്ചിയിലെ പദ്ധതികൾ ഇതിന്റെ ഭാഗമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊച്ചിയിൽ അന്താരാഷ്ട്ര ക്രൂയിസ് ടെർമിനൽ സാഗരികയും കൊച്ചിൻ ഷിപ്പ് യാർഡിന്റെ മറൈൻ എഞ്ചിനിയറിംഗ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടും ഉൾപ്പെടെ ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി.

അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ തീരദേശ മേഖലയ്ക്കും വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്കും പർവ്വത പ്രദേശങ്ങൾക്കും പ്രത്യേക ശ്രദ്ധപതിപ്പിക്കുന്നുണ്ട്. മറൈൻ എഞ്ചിനിയറിംഗ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഈ മേഖലയിലെ നിർണായക പഠനകേന്ദ്രമായി ഭാവിയിൽ മാറുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ രംഗത്ത് പഠനം നടത്തുന്നവർക്ക് വലിയ അവസരമായിരിക്കും ഇത് നൽകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻപുണ്ടായിരുന്ന ധാരണ പോലെ ഏതാനും നഗരങ്ങളെ മാത്രം ബന്ധിപ്പിക്കുന്നതോ ഗതാഗത വികസനമോ വാർത്താവിനിമയമോ മാത്രമല്ല ഇപ്പോൾ അടിസ്ഥാന സൗകര്യ വികസനമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സമഗ്രമായ വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നത്.

നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ പ്രധാന വാണിജ്യ കേന്ദ്രമാണ് കൊച്ചി. സമയത്തിന്റെ വില അറിയുന്നവരാണ് കൊച്ചിക്കാർ. കരയിലൂടെ 30 കിലോമീറ്റർ യാത്ര ചെയ്യേണ്ട സ്ഥാനത്ത് ഇവിടെ കായലിലൂടെ 3.5 കിലോമീറ്റർ യാത്ര ചെയ്യാൻ സാധിക്കും. ഇത്തരം സൗകര്യങ്ങൾ ഉപയോഗിക്കുന്നതിലൂടെ സമയലാഭത്തിന് പുറമേ ഗതാഗതച്ചെലവും ഗണ്യമായി കുറയ്്ക്കാൻ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സാഗരിക ക്രൂയിസ് ടെർമിനൽ വിനോദസഞ്ചാരികൾക്ക് ഉൾപ്പെടെ മികച്ച സൗകര്യം നൽകുന്നതാണ്. സഞ്ചാരികൾക്ക് സുഖകരവും സൗകര്യപ്രദവുമായ സന്ദർശനത്തിന് സാഗരിക വഴിയൊരുക്കും. കൊറോണ രോഗവ്യാപനത്തിന് ശേഷം ആളുകൾ തൊട്ടടുത്ത സ്ഥലങ്ങളിലേക്കാണ് യാത്ര ചെയ്യുന്നത്. ഇക്കാര്യം കത്തുകളിലൂടെയും മറ്റും നിരവധി പേർ തന്നെ അറിയിക്കുന്നുണ്ട്. പ്രാദേശിക വിനോദസഞ്ചാരമേഖലയ്ക്ക് ഇത് വലിയ അവസരമാണെന്ന്് പ്രധാനമന്ത്രി പറഞ്ഞു. ചരിത്ര പ്രാധാന്യമുളള സ്ഥലങ്ങളും സവിശേഷമായ ആഹാരവും നിറഞ്ഞ കേരളത്തിന് ഇത് അവസരമാണ്.

പ്രാദേശിക തലത്തിൽ സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ ഇതിലൂടെ കഴിയും. യുവാക്കൾ ടൂറിസവുമായി ബന്ധപ്പെട്ട ഇന്നവേറ്റീവ് പ്രൊഡക്ടുകൾ കണ്ടെത്തണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഈ മേഖലയിൽ ഇന്ത്യയ്ക്ക് കൂടുതൽ മെച്ചപ്പെടാൻ കഴിയുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. യുവാക്കൾക്ക് അവരുടെ വാതിൽപടിയിൽ തന്നെ അവസരങ്ങൾ എത്തുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

കടൽ വിഭവങ്ങളുടെ കേന്ദ്രമായി ഇന്ത്യയെ വളർത്തിയെടുക്കാനാണ് ശ്രമം. മത്സ്യസമ്പത്തുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രവർത്തിക്കുന്നവർ അതുമായി മുന്നോട്ടുവരണം. മത്സ്യബന്ധന മേഖലയിൽ പ്രവർത്തിക്കുന്ന അധ്വാനശീലരായ മത്സ്യത്തൊഴിലാളികൾക്ക് അത് അനുഗ്രഹമായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊച്ചി മെട്രോയ്ക്ക് കേന്ദ്രബജറ്റിൽ തുക വകയിരുത്തിയ കാര്യവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്ക് അവരുടെ ക്ഷേമത്തിനായി തന്റെ സർക്കാർ ചെയ്യുന്ന കാര്യങ്ങൾ അറിയാം. ഗൾഫ് രാജ്യങ്ങളിൽ തടവിലാക്കപ്പെട്ട ഇന്ത്യക്കാരെ മോചിപ്പിക്കുന്നതിൽ ഉൾപ്പെടെ ക്രിയാത്മകമായി ഇടപെടാൻ കഴിഞ്ഞിരുന്നു. കൊറോണ കാലത്ത്് മടങ്ങിവരുന്നവർക്ക് വേണ്ടി സർക്കാർ ചെയ്തു കൊടുത്ത സൗകര്യങ്ങളും സേവനങ്ങളും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.

Related Articles

Back to top button