IndiaLatest

എന്‍ജിനീയറിംഗ്, ഫാര്‍മസി, ആര്‍കിടെക്ചര്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു

“Manju”

തിരുവനന്തപുരം: കേരള എന്‍ജിനീയറിംഗ്, ഫാര്‍മസി, ആര്‍കിടെക്ചര്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു. എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ ഇടംപിടിച്ച ആദ്യ അഞ്ച് പേരും ആണ്‍കുട്ടികളാണ്. തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി ഫൈസ് ഹാശിം ഒന്നാം റാങ്കും കോട്ടയം പൂവക്കുളം സ്വദേശി ഹരിശങ്കര്‍ എം രണ്ടാം റാങ്കും നയന്‍ കിഷോര്‍ നായര്‍ കൊല്ലം മൂന്നാം റാങ്കും കരസ്ഥമാക്കി.

എസ് സി വിഭാഗത്തില്‍ തൃശൂര്‍ സ്വദേശി അമ്മു ഒന്നാം റാങ്കും അക്ഷയ് നാരായണന്‍ മലപ്പുറം രണ്ടാം റാങ്കും നേടി. എസ് ടി വിഭാഗത്തില്‍ ജോനാഥന്‍ ഡാനിയേല്‍ ഒന്നാം റാങ്കും ശബരിനാഥ് എറണാകുളം രണ്ടാം റാങ്കും സ്വന്തമാക്കി.

എന്‍ജിനീയറിംഗ് കീം പരീക്ഷയില്‍ റാങ്ക് പട്ടികയിലിടം നേടിയ ആദ്യ നൂറ് പേരില്‍ 78 പേര്‍ ആണ്‍കുട്ടികളും 22 പേര്‍ പെണ്‍കുട്ടികളുമാണ്. ഇതില്‍ 64 പേര്‍ ആദ്യമായി പരീക്ഷയെഴുതിയതാണ്. എറണാകുളം 21, തിരുവനന്തപുരം 17, കോഴിക്കോട് 11 എന്നിങ്ങനെയാണ് ആദ്യ നൂറില്‍ ഇടംപിടിച്ചത്.

ആര്‍കിടെക്ചര്‍ പരീക്ഷയില്‍ തേജസ് ജോസഫ് കണ്ണൂര്‍ ഒന്നാം റാങ്കും അമ്രീന്‍ കല്ലായി രണ്ടാം റാങ്കും നേടി. ഫാര്‍മസി വിഭാഗത്തില്‍ തൃശൂര്‍ സ്വദേശി അബ്ദുല്‍ നാസര്‍ ഒന്നാം റാങ്കും തേജസ്വിനി വിനോദ് രണ്ടാം റാങ്കും സ്വന്തമാക്കി.

സംസ്ഥാനത്തിന് അകത്തും പുറത്തുമായി 418 കേന്ദ്രങ്ങളിലായാണ് പരീക്ഷകള്‍ നടത്തിയത്. 73,977 വിദ്യാര്‍ഥികളാണ് എന്‍ജിനീയറിംഗ് പരീക്ഷ എഴുതിയത്. ഇവരില്‍ യോഗ്യത നേടിയത് 51031 വിദ്യാര്‍ഥികളാണ്. റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് തന്നെ വിദ്യാര്‍ഥികളുടെ സ്കോര്‍ അനുസരിച്ചുള്ള ഓപ്ഷന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചിരുന്നു.

സിബിഎസ്‌ഇ ഇംപ്രൂവ്മെന്‍റ് പരീക്ഷ എഴുതിയവര്‍ക്ക് കൂടി അപേക്ഷിക്കാന്‍ അവസരം നല്‍കണമെന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ വൈകിയതെന്നാണ് എന്‍ട്രന്‍സ് കമീഷനറുടെ വിശദീകരണം. ഓപ്‌ഷന്‍ നേരത്തെ നല്‍കിയതില്‍ അപാകതയില്ലെന്ന് വിശദീകരിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു, കുട്ടികള്‍ക്ക് ഗുണം ലഭിക്കുകയാണ് ചെയ്തതെന്നും പറഞ്ഞു.

Related Articles

Back to top button