Latest

ആകാശത്ത് നിന്ന് വീണത് തവളയും മീനും ഞണ്ടും; തെലങ്കാനയിൽ ജന്തുമഴ

“Manju”

ഹൈദരാബാദ് : ആസിഡ് മഴ, കളർ മഴ എന്നൊക്കെ നാം സാധാരണയായി കേട്ടിട്ടുണ്ടാകും. എന്നാൽ മഴ പെയ്യുന്നതിനിടെ മത്സ്യങ്ങളും ജന്തുക്കളും വീഴാൻ ആരംഭിച്ചാൽ എന്താകും അവസ്ഥ. കഴിഞ്ഞ വെള്ളിയാഴ്ച തെലങ്കാനയിലെ ജനങ്ങൾ സാക്ഷ്യം വഹിച്ചത് ഇത്തരത്തിൽ ഒരു ജന്തുമഴയ്‌ക്കാണ്. ആകാശത്ത് നിന്നും വീണത് തവളകളും ഞണ്ടുകളും മീനുകളുമായിരുന്നു. ഇത് കണ്ട് അത്ഭുതപ്പെട്ടയാളുകൾ മീനുകൾ പാത്രത്തിൽ വാരിക്കൂട്ടാൻ ആരംഭിച്ചു. ചിലർ ഭയന്ന് വീടിനകത്തേക്ക് ഓടിപ്പോയി.

ജഗ്തിയാൽ പട്ടണത്തിലെ സായ് നഗറിൽ വെള്ളിയാഴ്ചയും ശനിയാഴ്ചയുമാണ് ഈ അത്ഭുത പ്രതിഭാസം നടന്നത്. ആകാശത്ത് നിന്ന് ജലജീവികൾ മഴയായി പെയ്യുകയായിരുന്നു. ഇത് എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ആളുകൾ ഭയപ്പെട്ടു. എന്നാൽ ഇത് തുടർന്നതോടെ ചിലർ മീനുകളെ പാത്രത്തിൽ പിടിച്ചു. ചിലയാളുകൾ ഇവയെ പിടിച്ച് കുളത്തിൽ കൊണ്ട് വിടുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഈ പ്രതിഭാസത്തിന് കാരണം വാട്ടർ സ്പൗട്ടിംഗാണ്. കടലിൽ നിന്നു വെള്ളം ഉയർന്നുപൊങ്ങുന്ന പ്രതിഭാസമാണ് വാട്ടർ സ്പൗട്ട്. ആകാശത്ത് നിന്നു മിന്നൽ രൂപത്തിൽ ഫൗണ്ടേൻ പോലെ തോന്നിക്കുന്ന മേഘപാളി കടലിലേക്ക് ഊർന്നിറങ്ങും. ഇതോടെ കടൽ ഇളകിമറിഞ്ഞു വിവിധ ഭാഗങ്ങളിൽ നിന്ന് വെള്ളവും അതോടൊപ്പം അവിടുത്തെ ജലജീവികളും ഉയരത്തിൽ പൊങ്ങും.

കടലിൽ നിന്നും മത്സ്യങ്ങളെയും ചെറു ജീവികളെയും ഇത്തരത്തിൽ വാട്ടർ സ്പൗട്ടിംഗിലൂടെയാണ് പൊക്കിയെടുക്കാറുള്ളത്. കാറ്റിനൊപ്പം കരയിലേക്കെത്തുന്ന മത്സ്യങ്ങൾ കിലോമീറ്റുകൾ സഞ്ചരിക്കും. എന്നാൽ ദൂരം കൂടുന്തോറും മർദ്ദത്തിന്റെ ശക്തി ക്ഷയിക്കും. പിന്നാലെ ഇവ ഭൂമിയിലേക്ക് വീഴാൻ തുടങ്ങും. പലപ്പോഴും മഴയ്‌ക്കൊപ്പമായിരിക്കും ഇവ ഭൂമിയിലെത്തുക.

ഇന്ത്യയിൽ കഴിഞ്ഞ വർഷവും മത്സ്യമഴ റിപ്പോർട്ട് ചെയ്തിരുന്നു. ഒക്ടോബറിൽ ഉത്തർപ്രദേശിലെ ബദോഹി ജില്ലയിലായിരുന്നു അത്. ശക്തമായ കാറ്റിനൊപ്പമാണ് മത്സ്യങ്ങൾ താഴെ വീണത്. ഇത് കണ്ടതോടെ ആളുകൾ പരിഭ്രാന്തരായി.

Related Articles

Back to top button