ഫോണ്‍ കോണ്ടാക്ടുകള് ഫേസ്ബുക്കുമായി പങ്കുവെക്കില്ലെന്ന് വാട്സപ്പ്
ശ്രീജ.എസ്
ഡേറ്റ പ്രൈവസിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് സേവനമായ വാട്സപ്പ്. സ്വകാര്യ മെസേജുകള്‍ വായിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നും ഫോണ്‍ കോണ്ടാക്ടുകള് ഫേസ്ബുക്കുമായി പങ്കുവെക്കില്ലെന്നും വാട്സപ്പ് പറഞ്ഞു. തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് വാട്സപ്പ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.
ആരൊക്കെ വിളിക്കുന്നു എന്നോ മെസേജ് ചെയ്യുന്നു എന്നോ വാട്സപ്പ് കണക്കെടുക്കാറില്ല. മെസേജുകള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനത്തിലൂടെ സുരക്ഷിതമാണ്. വാട്സപ്പിനോ ഫേസ്ബുക്കിനോ ഉപഭോക്താവിന്റെ ലൊക്കേഷന്‍ കാണാന്‍ കഴിയില്ല. അതിനും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സുരക്ഷ ഉണ്ട്. ഫോണ്‍ കോണ്ടാക്ടുകള് ഫേസ്ബുക്കുമായി പങ്കുവെക്കുന്നില്ല.
കോണ്ടാക്ട് പെര്മിഷന് ചോദിക്കുന്നത് അഡ്രസ് ബുക്കിലെ മറ്റ് വാട്സപ്പ് ഉപഭോക്താക്കളെ തിരിച്ചറിയാന്‍ മാത്രമാണ്. ഗ്രൂപ്പുകള്‍ സ്വകാര്യമായി തുടരും എന്നിങ്ങനെയാണ് വാട്സപ്പ് വിശദീകരിക്കുന്നത്. മെസേജുകള്‍ക്ക് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉള്ളതിനാല്‍ അവ സുരക്ഷിതമാണെന്ന് കഴിഞ്ഞ ദിവസവും വാട്സപ്പ് വ്യക്തമാക്കി.