KeralaLatest

കൊക്കയാറിൽ കാണാതായത് എട്ട് പേരെ

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് പെരുമഴ തുടരുമ്പോൾ മണ്ണിടിഞ്ഞും ഉരുൾപൊട്ടിയുമുണ്ടായ അപകടങ്ങളിൽ കാണാതായത് 12 പേരെ. ഇടുക്കിയിലെ കൊക്കയാറിൽ മാത്രം എട്ട് പേരെ കണ്ടെത്താനുണ്ട്. കൂട്ടിക്കലിൽ ഉരുൾപൊട്ടിയ സ്ഥലത്ത് ആറ് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഇവിടെ നാല് പേരെ കൂടെ കണ്ടെത്താനുണ്ട്.
തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഇതര സംസ്ഥാന തൊഴിലാളിക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. അതേസമയം ഇന്ന് രാത്രിയും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും മഴ ശക്തമായി തുടരാനാണ് സാധ്യത.
അറബിക്കടലിലെ ന്യൂനമർദത്തിന്റെ ശക്തി കുറയുന്നെങ്കിലും മഴ തുടരുമെന്നാണ് വിലയിരുത്തൽ. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 130 അടിയിലെത്തി. അണക്കെട്ടിലേക്ക് സെക്കന്റിൽ 8048 ഘനയടി വെള്ളം ഒഴുകി എത്തുന്നുണ്ട്. തമിഴ്‌നാട് കൊണ്ടു പോകുന്നത് 1331 ഘനയടി വെള്ളം മാത്രമാണ്.
കൊക്കയാറിൽ ഉരുൾപൊട്ടലിൽ കാണാതായത് എട്ട് പേരെയാണെന്ന് ഏറ്റവും ഒടുവിൽ ലഭിച്ച വിവരം. ആൻസി (45), ചിറയിൽ ഷാജി (50), പുതുപ്പറമ്പിൽ ഷാഹുലിന്റെ മകൻ സച്ചു ഷാഹുൽ (മൂന്ന്), കല്ലുപുരയ്ക്കൽ ഫൈസൽ നസീറിന്റെ മക്കളായ അപ്പു, മാളു എന്നിവരും ഫൈസലിന്റെ സഹോദരി ഫൗസിയയും മക്കൾ അഹിയാൻ, അഫ്സാന എന്നിവരെയുമാണ് കാണാതായത്.

Related Articles

Back to top button