ClimateLatest

മഴയ്ക്ക് നേരിയ ശമനം

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് പല മേഖലകളിലും മഴയുടെ ശക്തി കുറഞ്ഞു. കോട്ടയത്തും മഴയ്ക്ക് നേരിയ തോതില്‍ കുറവുണ്ട്. ഇന്നലെ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കയം കൂട്ടിക്കലില്‍ പുലര്‍ച്ചെയും മഴയുണ്ട്. ഉരുള്‍പൊട്ടലില്‍ മൂന്ന് മരണം സ്ഥിരീകരിച്ചു. ഏഴ് പേരെ കാണാതായി. ഉരുള്‍പൊട്ടലുണ്ടായ കൊക്കയാറിലും മഴ തുടരുന്നുണ്ട്. എട്ട് പേരെയാണ് ഇവിടെ കാണാതായിരിക്കുന്നത്. കൊക്കയാറില്‍ തിരച്ചിലിന് ഫയര്‍ ഫോഴ്‌സ്, എന്‍ഡിആര്‍എഫ്, റവന്യു, പൊലീസ് സംഘങ്ങള്‍ ഉണ്ടാകും. ഡോഗ് സ്‌ക്വാഡും തൃപ്പുണിത്തുറ, ഇടുക്കി എന്നിവിടങ്ങളില്‍ നിന്നും എത്തും.
ഏഴ് വീടുകള്‍ കൊക്കയാറില്‍ പൂര്‍ണമായും തകര്‍ന്നു. പുഴയോരത്തെ വീടുകളില്‍ നിന്നും സാധനങ്ങള്‍ ഒലിച്ചു പോയി. കോട്ടയത്ത് 33 ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നു. കൂട്ടിക്കലില്‍ 40 അംഗ സൈന്യം രക്ഷാപ്രവര്‍ത്തനത്തിന് ഉണ്ട്. മണിമലയും ഒറ്റപ്പെട്ട നിലയിലാണ്. റോഡുകളില്‍ എല്ലാം വെള്ളം കയറിയ നിലയാണ്. ഇടുക്കിയില്‍ രാത്രി മുഴുവന്‍ മഴ തുടരുകയായിരുന്നു. ജില്ലയില്‍ 17 ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നു.
പത്തനംതിട്ട ജില്ലയില്‍ വെള്ളക്കെട്ട് തുടരുകയാണ്. ജില്ലയിലെ കോട്ടങ്ങല്‍ പ്രദേശം വെള്ളത്തില്‍ മുങ്ങി. മണിമലയോട് അടുത്ത പ്രദേശമാണിത്. കൊല്ലത്ത് നിന്ന് അഞ്ച് ബോട്ടുകളുമായി മത്സ്യത്തൊഴിലാളികള്‍ പത്തനംതിട്ട ജില്ലയിലെത്തിയിട്ടുണ്ട്. ആറന്മുള ചെങ്ങന്നൂര്‍ റോഡ് വെള്ളത്തിനടിയിലാണ്.
അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ ജില്ലകളില്‍ ഇടിയോട് കൂടിയ അതിശക്തമായ മഴക്കും മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തും കൊല്ലത്തും നിലവില്‍ മഴയില്ല. അതേസമയം, തിരുവനന്തപുരത്ത് പൊന്മുടി, വിതുര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുന്നുണ്ട്. വടക്കന്‍ കേരളത്തില്‍ നിന്ന് ആശങ്കപ്പെടേണ്ട സാഹചര്യം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വയനാട്ടില്‍ രാത്രി മഴ പെയ്‌തെങ്കിലും ഇപ്പോള്‍ ഇല്ല. അടിയന്തര സാഹചര്യം നേരിടുന്നതിന് കണ്ണൂര്‍ ഡിഎസ്‌സി സെന്ററില്‍ നിന്ന് 25 പേരടങ്ങുന്ന കേന്ദ്രസേന ഉടന്‍ വയനാട്ടിലെത്തും. ജില്ലയില്‍ ഇതുവരെ എവിടെയും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടില്ല.

Related Articles

Back to top button