IndiaLatest

വാഹന നിര്‍മ്മാതാക്കള്‍ ഫ്‌ലെക്‌സ് ഫ്യുവല്‍ എഞ്ചിനുകള്‍ നിര്‍മ്മിക്കണം

“Manju”

ന്യൂഡല്‍ഹി: അടുത്ത എട്ട് മാസത്തിനുള്ളില്‍ ഫ്‌ലെക്‌സ് ഫ്യുവല്‍ എഞ്ചിനുകള്‍ നിര്‍മ്മിക്കാന്‍ വാഹന നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ട് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. 100 ശതമാനം എഥനോള്‍, ഗ്യാസോലിന്‍ എന്നിവയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആകുന്ന ഫ്‌ലെക്‌സ് ഫ്യുവല്‍ എഞ്ചിന്‍ വാഹനങ്ങള്‍ വിപണിയില്‍ എത്തിച്ചാല്‍ പെട്രോള്‍, ഡീസല്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്താനാകും എന്നും മന്ത്രി സൂചിപ്പിച്ചു.

കരിമ്പ്, ചോളം, മുള എന്നിവയും ജൈവ അവശിഷ്ടങ്ങളും എഥനോള്‍ നിര്‍മാണത്തിന് ഉപയോഗിക്കാം എന്നത് കാര്‍ഷിക മേഖലക്കും സഹായകരമായേക്കും. അതേസമയം എഥനോളിന്റെ ഇന്ധനക്ഷമത കുറവായതിനാല്‍ വാഹനങ്ങളുടെ മൈലേജ് കുറഞ്ഞേക്കാം. കൂടാതെ എഥനോള്‍ ഉത്പാദനം താരതമ്യേന കുറവാണ് എന്നതും വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ഈ പ്രതിസന്ധികള്‍ തരണം ചെയ്താല്‍ ഇന്ത്യന്‍ ഓട്ടോമോബൈല്‍ വ്യവസായത്തിന് അടുത്ത പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ 15 ലക്ഷം കോടിയുടെ വരുമാന നേട്ടമുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടികാട്ടി.

ഫ്‌ലെക്‌സ് ഫ്യുവല്‍ എഞ്ചിനുകളുടെ നിര്‍മ്മാണം വരുന്ന 6-8 മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ഇതിനോടകം തന്നെ വാഹന നിര്‍മ്മാതാക്കള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇത്തരത്തിലുള്ള എഞ്ചിനുകളുടെ പ്രവര്‍ത്തനത്തിനായി പൂര്‍ണ്ണ അനുമതി നല്‍കാന്‍ ഈ വിഷയം സുപ്രീം കോടതിയെ അറിയിക്കുമെന്നും ഗതാഗത മന്ത്രി അറിയിച്ചു.

Related Articles

Back to top button