IndiaLatest

ഓട്ടോറിക്ഷയ്‌ക്ക് മുകളിലേക്ക് തടിലോറി മറിഞ്ഞു

“Manju”

പത്തനംതിട്ട: പത്തനംതിട്ട മൈലപ്രയില്‍ തടി ലോറി ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. ഓട്ടോ ഡ്രൈവറും ഉതിമൂട് സ്വദേശിയുമായ ഷൈജുവാണ് മരിച്ചത്. സാരമായി പരുക്കേറ്റ രണ്ട് പേരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു അപകടം ഉണ്ടായത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ഏറെ ശ്രമപ്പെട്ടാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. ലോറിയ്‌ക്കടിയില്‍പ്പെട്ടവരെ രണ്ടര മണിക്കൂറിന് ശേഷമാണ് പുറത്തെടുക്കാനായത്.
മേക്കൊഴൂരില്‍ നിന്ന് തടി കയറ്റിവന്ന ലോറി എതിരെ ഓട്ടോ റിക്ഷ വരുന്നത് കണ്ട് ബ്രേക്ക് ചെയ്‌തെങ്കിലും നിയന്ത്രണം വിട്ടു. തുടര്‍ന്ന് ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിയുകയായിരുന്നു. ലോറിയ്‌ക്കും സമീപത്തെ മതിലിനും ഇടയിലേക്ക് ഓട്ടോറിക്ഷ അമര്‍ന്നു പോയി. മുകളിലേക്ക് തടിയും വീണു.
നാട്ടുകാര്‍ രക്ഷപ്രവര്‍ത്തനം നടത്തിയെങ്കിലും ആരേയും പുറത്തെടുക്കാന്‍ സാധിച്ചില്ല. പിന്നീട് അഗ്നിരക്ഷാ സേന എത്തിയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ലോറി ഉയര്‍ത്തി നിര്‍ത്തി ഓട്ടോ റിക്ഷ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. പിന്‍സീറ്റിലിരുന്നവരെയാണ് ആദ്യം രക്ഷിച്ചത്. പ്രദേശത്ത് വെളിച്ചമില്ലാത്തതും കനത്ത മഴപെയ്തതും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു.

Related Articles

Back to top button