Latest

വമ്പന്‍ തൊഴിലവസരങ്ങളുമായി ഐടി മേഖല

“Manju”

കോവിഡിനു ശേഷം വര്‍ക്ക് ഫ്രം ഹോം സമ്പ്രദായത്തില്‍ നിന്നു പുറത്തേയ്ക്കു വന്നുകൊണ്ടിരിക്കുകയാണ് ഐടി മേഖല. ഓഫീസുകള്‍ തുറക്കുമ്പോള്‍ ലക്ഷകണക്കിനു തൊഴിലവസരങ്ങളാണ് മേഖലയിലെ കമ്പനികള്‍ മുന്നോട്ടുവയ്ക്കുന്നത്. നാല് പ്രധാന ഐടി സേവന ദാതാക്കളായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടി.സി.എസ്), ഇന്‍ഫോസിസ്, വിപ്രോ, എച്ച്‌.സി.എല്‍. ടെക്നോളജീസ് എന്നിവര്‍ മാത്രം ഈ വര്‍ഷം 1,20,000 പുതുമുഖങ്ങളെ റിക്രൂട്ട് ചെയ്യാന്‍ ഒരുങ്ങുകയാണ്. കമ്പനികള്‍ തന്നെയാണ് പാദാടിസ്ഥാന റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കിയിത്.

2022 സാമ്പത്തികവര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ കമ്പനികള്‍ ഇതുവരെ 50,000 ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു കഴിഞ്ഞു. സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ഈ നാലു കമ്പനികളും ചേര്‍ന്ന് 1,02,517 പേര്‍ക്കാണ് തൊഴില്‍ നല്‍കിയത്. കോവിഡിനു ശേഷം പുതിയ ഓര്‍ഡറുകളിലുണ്ടായ വര്‍ധനയാണു കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കമ്പനികള്‍ക്കു കരുത്തേകുന്നത്. കഴിഞ്ഞപാദത്തില്‍ മികച്ച നേട്ടം കൈവരിക്കാനായതും തൊഴില്‍ ശക്തി വര്‍ധിപ്പിക്കാന്‍ കമ്പനികളെ സഹായിച്ചു. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ 43,000 പുതിയ ബിരുദധാരികളെ കമ്പനിയിലേക്കു കൊണ്ടുവരാന്‍ സാധിച്ചെന്ന് ടി.സി.എസ്. ചീഫ് എച്ച്‌.ആര്‍. മിലിന്ദ് ലക്കാട് വ്യക്തമാക്കി. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ 35,000 പുതിയ ബിരുദധാരികളെ നിയമിക്കുമെന്നും അതുവഴി മൊത്തം സാമ്പത്തിക വര്‍ഷത്തില്‍ 78,000 പേരെ നിയമിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത രണ്ട്, മൂന്ന് പാദങ്ങളില്‍ ഈ പ്രവണത തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും മാനേജ്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.

പ്രവര്‍ത്തന വരുമാനവും ലാഭവും ഉയര്‍ന്നതു തന്നെയാണ് ഐടി ഭീമനായ ഇന്‍ഫോസിസും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള കാരണം. 2010ലാണ് കമ്പനി ഇതിനുമുമ്പ് ഇത്തരത്തിലൊരു പ്രകടനം കാഴ്ചവച്ചതെന്ന് ഇന്‍ഫോസിസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ യു.ബി. പ്രവീണ്‍ റാവു പറഞ്ഞു. നിലവിലുള്ള ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ചതായും റാവു വ്യക്തമാക്കി. കോളജ് റിക്രൂട്ട്മെന്റുകള്‍ വഴി 45,000 പേരെ പുതുതായി നിയമിക്കനാണ് കമ്പനി ലക്ഷ്യമിടുന്നത്.

രണ്ടാം പാദത്തില്‍ കോളജ് റിക്രൂട്ട്‌മെന്റ് വഴി 8,100 ജീവനക്കാരെ നിയമിച്ചതായി വിപ്രോയും വ്യക്തമാക്കി. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 25,000 പുതുമുഖങ്ങളെ നിയമിക്കാന്‍ കമ്പനി തയാറെടുക്കുകയാണെന്നു മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ തിയറി ഡെലാപോര്‍ട്ട് പറഞ്ഞു. അതേസമയം, എച്ച്‌.സി.എല്‍. ടെക്‌നോളജീസ് ഈ വര്‍ഷം കോളജുകളില്‍ നിന്ന് ഏകദേശം 20,000- 22,000 പുതിയ ബിരുദധാരികളെ നിയമിക്കാനാണു ലക്ഷ്യമിടുന്നത്. അടുത്ത വര്‍ഷം 30,000 പുതുമുഖങ്ങളെ ഉള്‍പ്പെടുത്താന്‍ ലക്ഷ്യമിടുന്നതായും മാനേജ്‌മെന്റ് വ്യക്തമാക്കി.

Related Articles

Back to top button