IndiaLatest

മിസോറമിലേക്ക് യാത്ര ചെയ്യരുത്; അസം സര്‍ക്കാര്‍

“Manju”

ഗുവാഹട്ടി : അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ക്കായി മാര്‍ഗ്ഗ നിര്‍ദ്ദേശം പുറത്തിറക്കി അസം സര്‍ക്കാര്‍. മിസോറമിലേക്ക് യാത്ര ചെയ്യരുതെന്നതുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങളാണ് ജനങ്ങള്‍ക്കായി പുറത്തിറക്കിയിരിക്കുന്നത്. ഭാവിയിലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നടപടി.
ജോലിയ്‌ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി മിസോറമില്‍ പോയവര്‍ അതീവ ജാഗ്രത പാലിക്കണം. ഒരു അറിയിപ്പുണ്ടാകുന്നതുവരെ അസം സ്വദേശികള്‍ സംസ്ഥാനത്തേക്ക് പോകാന്‍ അനുവദിക്കില്ലെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. ആഭ്യന്തരവകുപ്പാണ് നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. ജനങ്ങളുടെ സുരക്ഷയാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണനയെന്നും, സുരക്ഷയില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.
തിങ്കളാഴ്ചയാണ് അസം- മിസോറം അതിര്‍ത്തിയില്‍ സംഘര്‍ഷം ആരംഭിച്ചത്. ഇരു സംസ്ഥാനങ്ങളിലെയും പോലീസുകാര്‍ തമ്മിലായിരുന്നു അതിര്‍ത്തിയുടെ പേരില്‍ ഏറ്റുമുട്ടിയത്. സംഭവത്തില്‍ ആറ് പോലീസുകാര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Related Articles

Back to top button