InternationalLatest

കനേഡിയന്‍ പ്രതിരോധ മന്ത്രി ഇന്ത്യന്‍ വംശജ

“Manju”

ഒട്ടാവ: കനേഡിയയില്‍ ജസ്റ്റിന്‍ ട്രൂഡോ മന്ത്രിസഭയുടെ പുനഃസംഘടനയില്‍ ഇന്ത്യന്‍ വംശജക്ക് ഉന്നതപദവി. കനേഡിയന്‍ രാഷ്ട്രീയക്കാരിയായ അനിത ആനന്ദിനെ രാജ്യത്തിന്‍റെ പുതിയ പ്രതിരോധ മന്ത്രിയായി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നിയമിച്ചു.
ദീര്‍ഘകാലം പ്രതിരോധ മന്ത്രിസ്ഥാനം വഹിച്ചിരുന്ന ഇന്ത്യന്‍ വംശജന്‍ ഹര്‍ജിത് സജ്ജന്‍റെ പിന്‍ഗാമിയായാണ് അനിത ആനന്ദിന്‍റെ നിയമനം. സൈന്യത്തിലെ ലൈംഗിക ദുരുപയോഗ വിവാദം കൈകാര്യം ചെയ്തതിലെ വീഴ്ച ഹര്‍ജിത്തിനെതിരെ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പൊതുതെരഞ്ഞെടുപ്പില്‍ ലിബറല്‍ പാര്‍ട്ടി വീണ്ടും അധികാരത്തിലേറിയതിന് പിന്നാലെയാണ് ജസ്റ്റിന്‍ ട്രൂഡോ മന്ത്രിസഭാ പുനഃസംഘടിപ്പിച്ചത്.
54കാരിയും അഭിഭാഷകയുമായ അനിത ആനന്ദ്, ഭരണ നിര്‍വഹണത്തില്‍ പരിചയമുള്ള വ്യക്തിയാണ്. മുന്‍ പൊതുസേവന -സംഭരണ മന്ത്രി എന്ന നിലയില്‍ കോവിഡ് വാക്സിന്‍റെ കാര്യത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ അനിതക്ക് സാധിച്ചിരുന്നു.
2019ലെ കന്നി മത്സരത്തില്‍ ഒന്‍റാറിയോ പ്രവിശ്യയിലെ ഓക് വില്ല മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് അനിത കനേഡിയന്‍ പാര്‍ലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 46 ശതമാനം വോട്ട് വിഹിതം നേടിയാണ് ഇത്തവണ വിജയിച്ചത്. മുന്‍ ട്രൂഡോ മന്ത്രിസഭയില്‍ അനിത അടക്കം മൂന്ന് ഇന്ത്യന്‍ വംശജര്‍ മന്ത്രിമാരായിരുന്നു. ഹര്‍ജിത് സജ്ജനും ബര്‍ദിഷ് ചാഗറുമായിരുന്നു മറ്റ് രണ്ടു പേര്‍.

Related Articles

Back to top button