IdukkiIndiaLatest

മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നത്പാട്ടക്കരാര്‍ ഒപ്പിട്ട ദിവസം

“Manju”

ഇടുക്കി: ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ട് വീണ്ടും തുറന്നത് ചരിത്ര ദിനത്തിൽ. 135 വർഷങ്ങൾക്ക് മുമ്പ് (1886 ഒക്ടോബർ 29) ഇതേ ദിനത്തിലാണ് പെരിയാർ പാട്ടക്കരാർ ഒപ്പിട്ടത്. തിരുവിതാംകൂർ മഹാരാജാവും ബ്രിട്ടീഷ് സർക്കാരും തമ്മിലായിരുന്നു ഇത്. വെള്ളിയാഴ്ച രാവിലെ 7.30-നാണ് അണക്കെട്ടിന്റെ ഒരു സ്പിൽവേ ഷട്ടർ തുറന്നത്. തൊട്ടുപിന്നാലെ രണ്ടാമത്തെ ഷട്ടറും തുറന്നു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് വർധിച്ച് 138 അടി പിന്നിട്ടതോടെയാണ് രണ്ട് ഷട്ടറുകൾ തുറന്നത്.
1886 ഒക്ടോബർ 29 നാണ് മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിക്കാനുള്ള ‘പെരിയാർ പാട്ടക്കരാർ’ ഒപ്പിട്ടത്. തിരുവിതാംകൂറിനുവേണ്ടി ദിവാൻ വി. രാമഅയ്യങ്കാറും മദിരാശി സംസ്ഥാനത്തിനുവേണ്ടി സ്റ്റേറ്റ് സെക്രട്ടറി ജോൺ ചൈൽഡ് ഹാനിംഗ്ടണുമാണ് കരാറിൽ ഒപ്പുവെച്ചിരിക്കുന്നത്. പെരിയാർ നദിയുടെ പോഷകനദിയായ മുല്ലപ്പെരിയാറിൽ അണക്കെട്ട് നിർമ്മിച്ച് പെരിയാറിലെ വെള്ളം കിഴക്കോട്ട് തിരിച്ച് വിടാനാണ് കരാർ.
പെരിയാർ നദിയുടെ ഏറ്റവും ആഴം കൂടിയ അടിത്തിട്ടിൽ നിന്ന് 155 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളിൽ വരെ ഉയരുന്ന വെള്ളം ഉപയോഗപ്പെടുത്താമെന്നാണ് കരാറിൽ പറയുന്നത്. ഈ വെള്ളം ഉപയോഗിക്കുന്നതിനുള്ള ജലസേചനപദ്ധതിക്കായി നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ പൂർണ്ണ അധികാരം മദിരാശി സംസ്ഥാനത്തിന് നൽകിയിരിക്കുന്നതായും കരാറിൽ പറയുന്നു. നദിയുടെ 155 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ചുറ്റുവട്ടത്തുള്ള 8000 ഏക്കർ സ്ഥലവും നിർമ്മാണ പ്രവർത്തനങ്ങൾക്കായി 100 ഏക്കർ സ്ഥലവുമാണ് പാട്ടമായി നൽകിയത്. പെരിയാർ ജലസേചന പദ്ധതിക്കായി അണക്കെട്ട് നിർമ്മിക്കാനുള്ള എല്ലാ അധികാരവും അവകാശവും മദിരാശി സർക്കാറിന് നൽകിയതായും കരാറിൽ പറയുന്നു. 999 വർഷത്തേക്കാണ് കരാർ. മദ്രാസ് സർക്കാർ കരാർ പുതുക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ വീണ്ടും 999 വർഷത്തേക്ക് പാട്ടത്തിന് നൽകേണ്ടിവരും. പാട്ടതുകയായി വർഷത്തിൽ ഏക്കറിന് അഞ്ച് രൂപതോതിൽ 40,000 രൂപയാണ് തിരുവിതാംകൂറിന് നൽകാൻ നിശ്ചയിച്ചത്.
വെള്ളം മദ്രാസ് സംസ്ഥാനത്തിലെ മധുര, രാമനാഥപുരം എന്നീ ജില്ലകളിലെ ജലസേചനത്തിനാണെന്നാണ് വ്യവസ്ഥ. കരാറിന്റെ കാര്യത്തിൽ തർക്കമുണ്ടായാൽ ഇരുഭാഗത്തുനിന്നുമുള്ള ഓരോ ആർബിട്രേറ്റർമാരൊ അമ്പയർമാരോ ഉൾപ്പെടുന്ന ട്രിബ്യൂണലിന് വിടാം. 1886ൽ കരാർ ഒപ്പിട്ട് അടുത്തവർഷം 1887 സപ്തംബറിൽ അണക്കെട്ടിന്റെ പണി തുടങ്ങി. 1896 ഫെബ്രുവരിയിൽ പൂർത്തിയായി.

Related Articles

Back to top button