IndiaInternationalLatest

പ്രധാനമന്ത്രിയുടെ ക്ഷണം മാർപാപ്പ സ്വീകരിച്ചതായി സ്ഥിരീകരിച്ചു.

“Manju”

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ത്യയിലേക്ക്. പ്രധാനമന്ത്രിയുടെ ക്ഷണം മാർപാപ്പ സ്വീകരിച്ചതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. അധികം വൈകാതെ പോപ്പ് ഇന്ത്യയിലെത്തും. ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി മാർപാപ്പ കേരളവും തമിഴ്‌നാടും അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും എത്തും എന്നാണ് ലഭ്യമായ വിവരം.

മാർപ്പാപ്പയുടെ ഇന്ത്യാ സന്ദർശനം ഉടനുണ്ടായേക്കുമെന്നും വലിയ സമ്മാനമാണ് ഇന്ത്യ നൽകിയിരിക്കുന്നതെന്ന് മാർപാപ്പ പ്രതികരിച്ചതായി വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ സിംഗ്ല വാർത്താ സമ്മേളത്തിൽ അറിയിച്ചു.

രണ്ട് പതിറ്റാണ്ടിന് ശേഷമാണ് മറ്റൊരു മാര്‍പ്പാപ്പ ഇന്ത്യാ സന്ദർശനത്തിന് എത്തുന്നത്. മുന്‍പ് ഇന്ത്യാ സന്ദർശനത്തിന് അദ്ദേഹം താല്‍പര്യം അറിയിച്ചിരുന്നെങ്കിലും പ്രാവർത്തികമായില്ല. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയാണ് സന്ദർശനത്തിന് വഴിയൊരുക്കിയത്.

അപ്പോസ്തലിക്ക് കൊട്ടാരത്തിന്റെ മൂന്നാം നിലയിൽ ചരിത്ര നിമിഷമാണ് ഇന്ന് പിറന്നത്. പേപ്പൽ ലൈബ്രറിയിൽ ഇരുപത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മാർപാപ്പയെ കാണാൻ ഇന്ത്യൻ പ്രധാനമന്ത്രി എത്തിയത്. അഗോളതാപനം, ഭീകരവാദം അടക്കമുള്ള വിഷയങ്ങളിലും കൂടിക്കാഴ്ചയിൽ ഇരു ലോക നേതാക്കളും ആശയവിനിമയം നടത്തി.

കൊവിഡ് സാഹചര്യമടക്കം കൂടിക്കാഴ്ചയിൽ പ്രധാന ചര്‍ച്ചാ വിഷയമായി. രണ്ട് കൊവിഡ് തരംഗങ്ങളെ രാജ്യം അതി ജീവിച്ചതും, നൂറ് കോടി കടന്ന വാക്സിനേഷന്‍ നേട്ടവും പ്രധാനമന്ത്രി മാര്‍ പാപ്പയോട് വിശദീകരിച്ചു. ഇന്ത്യയുടെ നേട്ടത്തെയും കൊവിഡ് കാലത്തെ സേവന സന്നദ്ധതേയയും മാര്‍പാപ്പ അഭിനന്ദിച്ചതായി വിദേശ കാര്യമന്ത്രലായം വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.

കാലാവസ്ഥ വ്യതിയാനം, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയായി. മത പരിവര്‍ത്തന നിരോധന നിയമത്തിന്‍റെ പേരില്‍ രാജ്യത്ത് മിഷണിമാര്‍ക്കും കന്യാസ്ത്രീകള്‍ക്കും നേരെ അതിക്രമം തുടരുന്നുവെന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച നടന്നത്. എന്നാല്‍ ഇക്കാര്യം ചര്‍ച്ചയായതായി വിദേശ കാര്യ മന്ത്രാലയമോ വത്തിക്കാനോ വ്യക്തമാക്കിയിട്ടില്ല.

Related Articles

Back to top button