IndiaLatest

ഓരോ വീട്ടിലും എത്തി വാക്‌സിന്‍ നല്‍കണം; പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി: വാക്‌സിന്‍ വിതരണം കുറവുള്ള പ്രദേശങ്ങളില്‍ വീടു വീടാന്തരം കയറിയിറങ്ങി വാക്‌സിനേഷന്‍ നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ വീട്ടിലും വാക്‌സിന്‍, വീടുകള്‍ തോറും വാക്‌സിന്‍ എന്നതായിരിക്കണം പുതിയ മുദ്രാവാക്യമെന്ന് മോദി പറഞ്ഞു. വാക്‌സിനേഷനില്‍ പിന്നാക്കം നില്‍ക്കുന്ന ജില്ലകളിലെ ആരോഗ്യപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

വാക്‌സിന് എതിരായ തെറ്റിദ്ധാരണകളും ഊഹാപോഹങ്ങളുമെല്ലാം പല രീതിയില്‍ പ്രചരിക്കുന്നുണ്ട്. ഇതിനെതിരെ ആളുകളെ ബോധവത്കരണം നടത്തുകയെന്നതാണ് പ്രധാനമായ പരിഹാരം. ഇതിനായി ആത്മീയ നേതാക്കളുടെ സഹായം തേടാവുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

രോഗത്തെയും ശത്രുവിനെയും കുറച്ചുകാണരുത്  രോഗങ്ങളെയും ശത്രുവിനെയും ഒരിക്കലും കുറച്ചുകാണരുത്. അവയ്‌ക്കെതിരായ പോരാട്ടം അവസാനം വരെ കൊണ്ടുപോവേണ്ടതുണ്ട്. അതുകൊണ്ടുതന്നെ കോവിഡിന് എതിരായ പോരാട്ടത്തില്‍ ഒരു ലാഘവവും പാടില്ല. ആരോഗ്യ സംവിധാനത്തിലെ ഓരോരുത്തരുടെയും ശ്രമത്തിലൂടെയാണ് കോവിഡിന് എതിരായ പോരാട്ടത്തില്‍ രാജ്യത്തിന് ഇതുവരെയുള്ള പുരോഗതി കൈവരിക്കാനായത്. മൈലുകളോളം നടന്നു വിദൂര പ്രദേശങ്ങളിലേക്കു വരെ ആശ പ്രവര്‍ത്തകര്‍ വാക്‌സിന്‍ എത്തിച്ചു. എന്നാല്‍ നൂറു കോടി പിന്നിട്ട ഈ വേളയില്‍ നമ്മള്‍ അലസരായാല്‍ പുതിയൊരു പ്രതിസന്ധി സംഭവിച്ചേക്കാം.

നൂറു ശതമാനം വാക്‌സിനേഷന്‍ സാധ്യമായ ജില്ലകളും ഒട്ടേറെ വെല്ലുവിളികളെ അതിജീവിച്ചാണ് നേട്ടത്തിലെത്തിയത്. ഭൂമിശാസ്ത്രപരമായ വെല്ലുവിളികളും വിഭവങ്ങളുടെ പരിമിതിയുമെല്ലാം അവര്‍ക്കുമുണ്ടായിരുന്നു. എന്നാല്‍ അവര്‍ അതിനെ മറികടന്നു കുതിച്ചു. നൂറു കൊല്ലത്തില്‍ ഒരിക്കലുണ്ടാവുന്ന മഹാമാരിയെയാണ് ലോകം നേരിടുന്നത്. പുതിയ രീതികളും പുതിയ പരിഹാരങ്ങളും കൊണ്ടാണ് കോവിഡിന് എതിരായ പോരാട്ടത്തെ ഇന്ത്യ മുന്നോട്ടുകൊണ്ടുപോയത്. വാക്‌സിനേഷനില്‍ പിന്നാക്കം നില്‍ക്കുന്ന ജില്ലകള്‍ ഇത്തരത്തിലുള്ള പുതിയ മാര്‍ഗങ്ങള്‍ അവലംബിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ പോരാട്ടത്തില്‍ നമ്മളെല്ലാം പുതിയ പാഠങ്ങള്‍ പഠിച്ചിട്ടുണ്ട്. അജ്ഞാതനായ ഒരു ശത്രുവിനെ നേരുന്നത് എങ്ങനയെന്ന് നമ്മുടെ ആശാ പ്രവര്‍ത്തകരും പഠിച്ചുകഴിഞ്ഞു. ഈ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പുതിയ രീതി വാക്‌സിനേഷനില്‍ കൊണ്ടുവരേണ്ടതുണ്ടെന്ന് മോദി പറഞ്ഞു.

Related Articles

Back to top button