IndiaLatest

മരിലിയ മെന്‍ഡോന്‍സ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു

“Manju”

പ്രശസ്ത ഗായികയും ലാറ്റിന്‍ ഗ്രാമി ജേതാവുമായ മരിലിയ മെന്‍ഡോന്‍സ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു; വിട വാങ്ങുന്നത് വിരഹ ഗാനങ്ങളുടെ വാനമ്പാടി; രണ്ടു വയസ്സുകാരനായ മകനെ തനിച്ചാക്കിയാണ് അമ്മയുടെ യാത്ര.

ബ്രസീലിലെ പ്രശസ്ത ഗായികയും ലാറ്റിന്‍ ഗ്രാമി ജേതാവുമായ മരിലിയ മെന്‍ഡോന്‍സ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. 26 വയസ്സായിരുന്നു. ഒരു സംഗീത പരിപാടിക്ക് പോകുന്നതിനിടെയാണ് വിമാനം തകര്‍ന്നു വീണത്. മെന്‍ഡോന്‍സയുടെ ജന്മനാടായ ഗോയാനിയയ്ക്കും കാരറ്റിംഗയ്ക്കും ഇടയിലാണ് അവരുടെ വിമാനം തകര്‍ന്നത്. മെന്‍ഡോന്‍സയ്‌ക്കൊപ്പം വിമാനത്തിലുണ്ടായിരുന്ന മറ്റ് നാല് യാത്രക്കാരും മരിച്ചുവെന്ന് പ്രസ് ഓഫീസ് ഒദ്യോഗികമായി സ്ഥിരീകരിച്ചു
മിനാസ് ഗെറൈസ് സംസ്ഥാനത്തിലെ സിവില്‍ പോലീസും മെന്‍ഡോന്‍സയുടെ മരണം സ്ഥിരീകരിച്ചു. വിമാനാപകടം സംബന്ധിച്ച് കൂടുതല്‍ വിശദാശങ്ങള്‍ ലഭിച്ചിട്ടില്ല. ഒരു വെള്ളച്ചാട്ടത്തിന് സമീപം തകര്‍ന്ന വിമാനം കിടക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നിട്ടുണ്ട്. മരണത്തിന് മുന്‍പ് കയ്യില്‍ ഗിറ്റാര്‍ കെയ്‌സുമായി വിമാനത്തിനരികിലേക്ക് നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ മെന്‍ഡോന്‍സ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.
തന്റെ പാട്ടുകളിലൂടെ സ്ത്രീ ശാക്തീകരണത്തിന് ശക്തമായ പിന്തുണ നല്‍കിയിരുന്ന മെന്‍ഡോന്‍സയുടെ മരണ വിവരം പുറത്തുവന്നതോടെ സോഷ്യല്‍മീഡിയ കണ്ണീര്‍ക്കടലാകുന്ന കാഴ്ചയാണ് കണ്ടത്. ആരാധകരും രാഷ്ട്രീയക്കാരും സംഗീതജ്ഞരും ഫുട്‌ബോള്‍ കളിക്കാരും ഉള്‍പ്പെടെ ബ്രസീലിന്റെ എല്ലാ കോണുകളില്‍ നിന്നുള്ളവരും താരത്തിന് അനുശോചനങ്ങള്‍പ്പിച്ചു.


ഇന്‍സ്റ്റഗ്രാമില്‍ മെന്‍ഡോന്‍സയ്ക്ക് 38 ദശലക്ഷം ഫോളോവേഴ്സ് ഉണ്ട്. ‘എനിക്കിത് വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്ന്’ മെന്‍ഡോന്‍സയുടെ സുഹൃത്തും ബ്രസീല്‍ ഫുട്‌ബോള്‍ താരവുമായ നെയ്മര്‍ ട്വീറ്റ് ചെയ്തു. രാജ്യം മുഴുവന്‍ ഞെട്ടലോടെയാണ് ഈ വാര്‍ത്ത സ്വീകരിക്കുന്നതെന്ന് അനുശോചനമര്‍പ്പിച്ച് ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബോള്‍സനാരോ ട്വീറ്റ് ചെയ്തു.
‘എം ടോഡോസ് ഓസ് കാന്റോസ്’ എന്ന മെന്‍ഡോന്‍സയുടെ ആല്‍ബത്തിന് 2019 ലെ ലാറ്റിന്‍ ഗ്രാമി അവാര്‍ഡ് ലഭിച്ചിരുന്നു. ‘പാട്രോസ്’ എന്ന പേരിലുള്ള ആല്‍ബം ഈ വര്‍ഷം അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. പ്രണയ നഷ്ടങ്ങളും പ്രീയപ്പെട്ടവരുടെ വേര്‍പാടുകളും വ്യക്തമാക്കുന്ന ഗാനങ്ങളിലൂടെ മെന്‍ഡോന്‍സ പ്രേക്ഷകരുടെ ഹൃദയങ്ങളില്‍ ഒരു പ്രത്യേക സ്ഥാനം നേടിയിരുന്നു. രണ്ടു വയസ്സുകാരനായ മകനെ തനിച്ചാക്കിയാണ് മെന്‍ഡോന്‍സയുടെ വിട വാങ്ങല്‍.

Related Articles

Back to top button