InternationalLatest

മകന്റെ മൃതദേഹം വീടിന്റെ ചുമരില്‍ ഒളിപ്പിച്ച് ഒരമ്മ

“Manju”

പെന്‍സില്‍വാനിയ: ഒരു വയസ്സുള്ള കുഞ്ഞിന്റെ മൃതദേഹം വീടിന്റെ ചുമരുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച അമ്മ അറസ്റ്റിലായി. പെന്‍സില്‍വാനിയയിലെ 25കാരിയായ വില്‍റ്റാണ് മകന്റെ മൃതദേഹം ഒളിപ്പിച്ചതിനെത്തുടര്‍ന്ന് അറസ്റ്റിലായത്. വാടക വീട്ടില്‍ നിന്ന് മറ്റൊരു വീട്ടിലേക്ക് താമസം മാറുന്ന സമയത്ത് വില്‍റ്റ് ചുമര് പൊളിച്ച് കുട്ടിയുടെ മൃതദേഹം ഇവിടെ നിന്ന് നീക്കം ചെയ്യുകയും ചെയ്തിരുന്നു.
2021 ഫെബ്രുവരി മുതല്‍ തന്റെ ഒരു വയസ്സുള്ള കുഞ്ഞ് മരിച്ച് മറഞ്ഞിരിക്കുകയായിരുന്നുവെന്ന് 25 കാരിയായ കൈലി വില്‍റ്റ് അധികൃതരോട് പറഞ്ഞു. വാഷിംഗ്ടണ്‍ കൗണ്ടി ഡിഎയുടെ ഓഫീസ് പറയുന്നതനുസരിച്ച്, വില്‍റ്റ് തന്റെ കുട്ടിയുടെ മൃതദേഹം ഒരു ബോക്‌സിലാക്കിയതിനു ശേഷം ഇത് ചുമരില്‍ വിടവുണ്ടാക്കി അവിടെ ഒളിപ്പിക്കുകയായിരുന്നു. പിന്നീട് ഈ ഭാഗം പെയിന്റ് ചെയ്യുകയും ചെയ്തു.
സംസ്ഥാന ശിശു, യുവജന സേവന വകുപ്പില്‍ നിന്ന് കുട്ടിയുടെ വിവരങ്ങള്‍ അന്വേഷിച്ച് ഏജന്റുമാര്‍ വില്‍റ്റയുടെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ കുട്ടി ഇപ്പോള്‍ തന്റടുത്തില്ലെന്നും നോര്‍ത്ത് കരോലിനയില്‍ ഒരാളെ നോക്കാനേല്‍പ്പിച്ചിരിക്കുകയാണെന്നുമാണ് യുവതി അവരോട് പറഞ്ഞത്. പിന്നീട് കഥ മാറ്റിപ്പറഞ്ഞ യുവതി, സഡന്‍ ഇന്‍ഫന്റ് ഡെത്ത് സിന്‍ഡ്രോം ബാധിച്ച് തന്റെ മകന്‍ അഞ്ചാം മാസത്തില്‍ തന്നെ മരിച്ചുപോയെന്നും പറഞ്ഞു.
കുഞ്ഞ് മരിച്ചതിനു ശേഷം താന്‍ ആകെ അസ്വസ്ഥയായിരുന്നുവെന്നും യുവതി പോലീസിനോട് പറഞ്ഞു. പിന്നീട് യുവതിയും കാമുകനും മറ്റ് മൂന്നു കുട്ടികളും കൂടി മറ്റൊരു വീട്ടിലേക്ക് താമസം മാറി. അറസ്റ്റിലായതിനു ശേഷം പോലീസിന്റെ ചോദ്യം ചെയ്യലില്‍ കുഞ്ഞ് മരണപ്പെട്ടതിനു ശേഷം അവന്റെ സംസ്‌കാരം നടത്താന്‍ പണമിലല്ലാത്തതിനാല്‍ മൃതദേഹം ചുമരില്‍ ഒളിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി പറഞ്ഞത്.
അതേസമയം കുഞ്ഞിന്റെ കരച്ചില്‍ താന്‍ ദിവസവും കേള്‍ക്കാറുണ്ടായിരുന്നുവെന്നും പെട്ടന്നൊരു ദിവസം അത് അവസാനിക്കുകയായിരുന്നുവെന്നും ഇവരുടെ അയല്‍ക്കാരിയായിരുന്ന റോബിന്‍ സ്റ്റാസിച പറഞ്ഞു. അസുഖം ബാധിച്ച് കുട്ടി മരിച്ചുവെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ വീട്ടില്‍ ഒരു ആംബുലന്‍സ് വരുന്നതോ കുട്ടിയെ പുറത്തേക്ക് കൊണ്ടുപോകുന്നതോ താന്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ല. താന്‍ മുഴുവന്‍ സമയവും വീട്ടിലുള്ളയാളാണെന്നും അവര്‍ പറഞ്ഞു. സ്വന്തം കുട്ടിക്ക് ഒരു അസുഖം വന്നാല്‍ ആരായാലും 911-ലേക്ക് വിളിക്കില്ലേ എന്നും അവര്‍ ചോദിച്ചു.
കുട്ടിയുടെ മരണം സംബന്ധിച്ച് പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. കുട്ടിയുടെ മരണം മറച്ചുവെക്കല്‍, മൃതദേഹം ദുരുപയോഗം ചെയ്യല്‍, നീതി തടസ്സപ്പെടുത്തല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് വില്‍റ്റിനെതിരെ ചുമത്തിയിരിക്കുന്നത്. കുഞ്ഞിന്റെ പിതാവ് അലന്‍ ഹോളിസിനെതിരെയും കേസെടുത്തിട്ടുണ്ട്.

Related Articles

Back to top button