KeralaLatestThiruvananthapuram

ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം : കേരളത്തില്‍ ശക്തമായ മഴയും പ്രകൃതി ദുരന്തങ്ങളും വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദ്ദേശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ജില്ലാതല മഴ സാധ്യത പ്രവചന പ്രകാരം ഇന്ന് എറണാകുളം, തൃശൂര്‍, ഇടുക്കി ജില്ലകളില്‍ റെഡ് അലേര്‍ട്ടും, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ടും പ്രഖ്യാപിച്ചിരിക്കുന്നു.

നാളെ എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ടും കാലാവസ്ഥാവകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാവരും പരമാവധി ജാഗ്രത പുലര്‍ത്തേണ്ട സമയമാണിതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

കേന്ദ്ര കാലാവസ്ഥ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാലും മലയോരമേഖലകളിലും കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലും കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഇന്നും നാളെയും കേരളത്തില്‍ ഒറ്റപ്പെട്ട അതി ശക്തമായ മഴക്ക് സാധ്യതയുണ്ട്.
പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ അധികൃതരും പൊതുജനങ്ങളും അതീവ ജാഗ്രത പാലിക്കണം. വരും മണിക്കൂറുകളില്‍ ഉരുള്‍പൊട്ടലിനും, മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. ദുരന്ത സാധ്യത മേഖലകളില്‍ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്കോ അടുത്തുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറിത്താമസിക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

Related Articles

Back to top button