InternationalLatestSports

ഒരു വീട്ടില്‍ ഒരേസമയം രണ്ടു ലോകകിരീടം

“Manju”

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ മാതൃകാ ദമ്പതികളാണ് മിച്ചല്‍ സ്റ്റാര്‍ക്കും അലീസ ഹീലിയും. യു.എ.ഇയില്‍ ഇന്നലെ പ്രഥമ ട്വന്റി 20 ക്രിക്കറ്റ് കിരീടം നേടിയ ഓസ്‌ട്രേലിയന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ ഭാഗമാണ് മിച്ചല്‍ സ്റ്റാര്‍ക്ക്.
ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ അലീസ അഞ്ചു തവണ ടി 20 ലോകകപ്പ് നേടിയ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു. 2010, 2012, 2014 വര്‍ഷങ്ങളില്‍ ടീമിനൊപ്പം ഹാട്രിക് കിരീടം നേടിയ അലീസ പിന്നീട് 2018-ലും 2020-ലും ലോകകപ്പ് ഉയര്‍ത്തി.
ഇപ്പോള്‍ സ്റ്റാര്‍ക്കും പട്ടികയില്‍ ചേര്‍ന്നതോടെ ഒരേസമയം രണ്ടു ലോകകപ്പ് കിരീടങ്ങളാണ് ഈ വര്‍ഷം ആ വീട്ടിലെ ഷോകെയ്‌സില്‍ ഇടംപിടിക്കുക. യു.എ.ഇയില്‍ ഓസീസ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് സ്റ്റാര്‍ക്. ഫൈനലില്‍ തിളങ്ങാനായില്ലെങ്കിലും ഏഴു മത്സരങ്ങളില്‍ നിന്ന് ഒമ്പതു വിക്കറ്റുമായി ഓസ്‌ട്രേലിയന്‍ വിക്കറ്റ് വേട്ടക്കാരില്‍ മൂന്നമാനാണ് അദ്ദേഹം.
എന്നാല്‍ കലാശപ്പോരാട്ടത്തില്‍ സ്റ്റാര്‍ക്ക് തീര്‍ത്തും നിറം മങ്ങിയിരുന്നു. നാലോവറില്‍ 15.00 എക്കണോമിയില്‍ 60 റണ്‍സാണ് സ്റ്റാര്‍ക്ക് വിട്ടുനല്‍കിയത്. വിക്കറ്റൊന്നും ലഭിച്ചതുമില്ല. മത്സരത്തില്‍ കീവീസ് നായകന്‍ കെയ്ന്‍ വില്യംസണാണ് സ്റ്റാര്‍ക്കിനെ കടന്നാക്രമിച്ചത്. 11-ാം ഓവറില്‍ സ്റ്റാര്‍ക്കിനെ തുടര്‍ച്ചയായ മൂന്നു ബൗണ്ടറികള്‍ക്കു ശിക്ഷിച്ച വില്യംസണ്‍ പിന്നീട് 16-ാം ഓവറില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 22 റണ്‍സാണ് അടിച്ചെടുത്തത്.
എങ്കിലും കിരീടജയത്തില്‍ ഭാഗമാകാന്‍ കഴിഞ്ഞതോടെ ഈ നിരാശ സ്റ്റാര്‍ക്കില്‍ നിന്നു വിട്ടൊഴിഞ്ഞുവെന്നു വേണം കരുതാന്‍. ഭാര്യയും ഭര്‍ത്താവും ഒരേസമയം ലോക ജേതാക്കളായത് ട്രോളന്മാര്‍ ആഘോഷിക്കുകയാണ്. ”ഇത്ര ആര്‍ത്തി പാടില്ല, കിരീടം മറ്റുള്ളവര്‍ക്കു കൂടി കൊടുക്കാം” എന്നു തുടങ്ങി രസകരമായ കമന്റുകളും ട്രോളുകളുമാണ് ഇരുവരുടെയും പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

Related Articles

Back to top button