IndiaLatest

മരക്കാര്‍ ഓസ്കറിലേക്ക്

“Manju”

മലയാള സിനിമയുടെ അഭിമാനം വാനോളമുയര്‍ത്തുന്ന ഒരു ചിത്രമാകും മരക്കാര്‍ എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകരും ആരാധകരും.
ഇപ്പോഴിതാ ഇന്ത്യന്‍ സിനിമയ്ക്കു തന്നെ അഭിമാനമാകാനുള്ള തയ്യാറെടുപ്പിലാണ് മരക്കാര്‍. 2022ലെ ഓസ്കര്‍ അവാര്‍ഡിലേക്ക് മത്സരിക്കാന്‍ ഒരുങ്ങുകയാണ് ഈ മോഹന്‍ലാല്‍ ചിത്രമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. എന്നാല്‍ ഇന്ത്യയുടെ ഒഫീഷ്യല്‍ എന്‍ട്രി ആയി അല്ലാതെ, സ്വതന്ത്രമായി, ഓസ്കര്‍ കമ്മിറ്റി മുന്നോട്ടു വെക്കുന്ന മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കി കൊണ്ടാണ് മരക്കാര്‍ മത്സരിക്കാന്‍ പോകുന്നത്. ഇന്‍ഡിവുഡ് ടീമാണ് മരക്കാര്‍ ഓസ്‌കറിന്‌ എത്തിക്കാനുള്ള നടപടികള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. മികച്ച ചിത്രത്തിനായുള്ള ജനറല്‍ വിഭാഗത്തില്‍ ആണ് ഈ ചിത്രം മത്സരിക്കുക എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിനു മുന്‍പ് മോഹന്‍ലാല്‍ ചിത്രം ഗുരു ഇന്ത്യയുടെ ഒഫീഷ്യല്‍ ഓസ്കര്‍ എന്‍ട്രി ആയിട്ടുണ്ട്. മോഹന്‍ലാല്‍ അഭിനയിച്ച പുലിമുരുകന്‍ എന്ന ചിത്രത്തിലെ സംഗീത വിഭാഗവും ഓസ്കര്‍ എന്‍ട്രിക്കായി മത്സരിച്ചിട്ടുണ്ട് എന്ന് മാത്രമല്ല, അതും ഇന്‍ഡിവുഡ് ടീം വഴി തന്നേയായിരുന്നു മുന്നോട്ടു പോയത്.
ഡിസംബര്‍ രണ്ടിന് ലോകം മുഴുവന്‍ റിലീസ് ചെയ്യാന്‍ പോകുന്ന ഈ ചിത്രം അഞ്ചു ഭാഷകളില്‍ ആണ് എത്താന്‍ പോകുന്നത്. മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി, കന്നഡ ഭാഷകളില്‍ എത്തുന്ന ഈ ചിത്രത്തിന് വേണ്ടി കേരളത്തില്‍ ഇതിനോടകം അറുനൂറോളം ഫാന്‍സ്‌ ഷോകള്‍ ചാര്‍ട്ട് ചെയ്തു കഴിഞ്ഞു. ആയിരം ഫാന്‍സ്‌ ഷോകളാണ് ആദ്യ ദിനം കേരളത്തില്‍ പ്ലാന്‍ ചെയ്തു കൊണ്ടിരിക്കുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഒരു മലയാള സിനിമയ്ക്കു ലഭിക്കുന്ന ഏറ്റവും വലിയ റിലീസ് ആവാനൊരുങ്ങുന്ന മരക്കാര്‍ രണ്ടായിരത്തില്‍ അധികം സ്‌ക്രീനുകളില്‍ ആണ് റിലീസ് ചെയ്യുക.

Related Articles

Back to top button