IndiaLatest

24 മണിക്കൂറില്‍ ഇടിമിന്നലേറ്റ് 25 പേര്‍ മരിച്ചു

“Manju”

പട്‌ന (ബീഹാര്‍): കാലവര്‍ഷം ആരംഭിച്ചു, കഴിഞ്ഞ 24 മണിക്കൂറിനിടെ ബിഹാറില്‍ ഇടിമിന്നലില്‍ 25 പേര്‍ക്ക് ജീവൻ നഷ്ടപ്പെട്ടു. ശക്തമായ മഴയും ഇടിയും മിന്നലും ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. റോഹ്താസ് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മരണം, 10 പേര്‍. കൂടാതെ, ജഹനാബാദ്, ബക്‌സര്‍, ജമുയി എന്നിവിടങ്ങളില്‍ മൂന്ന് പേര്‍ വീതവും ഗയ, ബങ്ക, ഭഗല്‍പൂര്‍ എന്നിവിടങ്ങളില്‍ രണ്ട് പേര്‍ വീതവും ഔറംഗബാദ്, കതിഹാര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തരും മരിച്ചു.മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യത.

സംഭവത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 4 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുകയും ചെയ്തു. ഇടിമിന്നല്‍ മൂലമുണ്ടാകുന്ന ദുരന്തങ്ങള്‍ ഒഴിവാക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കാലാവസ്ഥാ വകുപ്പും പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ തെറ്റാതെ പാലിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

കനത്ത മഴയില്‍ കൃഷിയിടങ്ങളില്‍ ഏര്‍പ്പെടുകയോ മരങ്ങള്‍, വൈദ്യുത തൂണുകള്‍, മണ്‍ വീടുകള്‍ എന്നിവയ്‌ക്ക് താഴെ നില്‍ക്കുകയോ ചെയ്യുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജനങ്ങളോട്, പ്രത്യേകിച്ച്‌ ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവരോട് ആവശ്യപ്പെട്ടു.
നഗരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജനാലകളില്‍ നിന്ന് അകന്നു നില്‍ക്കുക, മഴക്കാലത്ത് റഫ്രിജറേറ്റര്‍, എസി തുടങ്ങിയ ഇലക്‌ട്രിക്കല്‍ ഉപകരണങ്ങളില്‍ തൊടരുത്. കെട്ടിടങ്ങളുടെ മുകളില്‍ കയറുന്നത് ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്പ് പശ്ചിമ ബംഗാളിലെ മാള്‍ഡ ജില്ലയില്‍ ഇടിമിന്നലേറ്റ് മൂന്ന് കുട്ടികളടക്കം 7 പേര്‍ മരിച്ചിരുന്നു. ഓള്‍ഡ് മാള്‍ഡയില്‍ ഒരാള്‍ മരിച്ചപ്പോള്‍ കാലിയാചക് മേഖലയില്‍ 6 പേര്‍ക്ക് ജീവൻ നഷ്ടപ്പെട്ടതായി ജില്ലാ കളക്ടര്‍ നിതിൻ സിംഘാനിയ അറിയിച്ചു. കൂടാതെ, മൊത്തം ഒന്‍പത് കന്നുകാലികളും ചത്തു. കര്‍ണാടകയിലെ ദാവൻഗരെയില്‍ ഇടിമിന്നലേറ്റ് രണ്ട് പേര്‍ മരിച്ചു. ജില്ലയിലെ ജഗലുരു താലൂക്കിലെ അനബുരു ഗ്രാമത്തില്‍ ഇടിമിന്നലേറ്റ് രണ്ട് പേര്‍ മരിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.

Related Articles

Back to top button