InternationalLatestSports

ബ്രസീല്‍ – അര്‍ജന്റീന പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം

ഇന്ത്യയില്‍ ടി വി സംപ്രേഷണം ഇല്ല

“Manju”

ബ്യൂനസ് അയേഴ്സ്: ഫുട്ബാള്‍ ലോകത്തിലെ ഏറ്റവും വലിയ വൈരികളായ ബ്രസീലും അ‌ര്‍ജന്റീനയും വീണ്ടും നേര്‍ക്കു നേര്‍ വരുന്നു.
ലോകകപ്പ് യോഗ്യത മത്സരത്തില്‍ നാളെ ഇന്ത്യന്‍ സമയം വെളുപ്പിന് 5 മണിക്ക് ഇരു ടീമുകളും ഏറ്റുമുട്ടും. ലോകകപ്പിന് ഇതിനോടകം യോഗ്യത നേടികഴിഞ്ഞ ബ്രസീലിന് വേണ്ടി അവരുടെ സൂപ്പര്‍ താരം നെയ്മര്‍ കളിക്കുന്ന കാര്യം സംശയത്തിലാണ്. ഇടത്തേ തുടയിലേറ്റ പരിക്കിനെതുടര്‍ന്ന് നെയ്മര്‍ വിശ്രമത്തിലാണ്.
അതേസമയം അര്‍ജന്റീനയ്ക്കു വേണ്ടി മെസി കളത്തിലിറങ്ങുമെന്ന് പരിശീലകന്‍ വ്യക്തമാക്കി. ഉറുഗ്വായ്ക്കെതിരെ അര്‍ജന്റീനയുടെ കഴിഞ്ഞ മത്സരത്തില്‍ മെസി പകരകാരനായാണ് കളത്തിലിറങ്ങിയത്. പരിക്കിനെതുടര്‍ന്ന് വിശ്രമത്തിലായിരുന്ന മെസി ആരോഗ്യം വീണ്ടെടുത്തുവെന്നും ബ്രസീലിനെതിരെ കളിക്കാന്‍ പൂര്‍ണ സജ്ജനാണെന്നും അര്‍ജന്റീന ടീം അധികൃതര്‍ വ്യക്തമാക്കി.
ദക്ഷിണ അമേരിക്കയില്‍ നിന്ന് ഇതിനോടകം ബ്രസീല്‍ ഫിഫ ലോകകപ്പിനു വേണ്ടി യോഗ്യത നേടി കഴിഞ്ഞു. ആകെ നാല് ടീമുകള്‍ക്കാണ് ദക്ഷിണ അമേരിക്കയില്‍ നിന്ന് ലോകകപ്പിലേക്ക് യോഗ്യത ലഭിക്കുന്നത്. അഞ്ചാമത്തെ ടീമിന് പ്ലേ ഓഫ് കളിച്ച്‌ വേണമെങ്കില്‍ യോഗ്യത നേടാം. നിലവില്‍ പോയിന്റ് നിലയില്‍ ബ്രസീല്‍ ഒന്നാം സ്ഥാനത്തും അര്‍ജന്റീന രണ്ടാം സ്ഥാനത്തുമാണ്. ഇരു ടീമുകളും കഴിഞ്ഞ തവണ തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ 1-0ന് അര്‍ജന്റീന വിജയിച്ചിരുന്നു. കോപ്പ അമേരിക്ക ഫൈനലിലായിരുന്നു അന്ന് അര്‍ജന്റീനയുടെ ജയം.
നിര്‍ഭാഗ്യവശാല്‍ ഇന്ത്യയിലെ ഫുട്ബാള്‍ ആരാധകര്‍ക്ക് മത്സരം ടി വിയില്‍ കാണാന്‍ സാധിക്കില്ല. മത്സരത്തിന്റെ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയിട്ടുള്ള സോണി ഇന്ത്യയില്‍ മത്സരം സംപ്രേഷണം ചെയ്യാത്തതാണ് ഇതിനു കാരണം. പകരം ലോകകപ്പിന്റെ യൂറോപ്യന്‍ യോഗ്യതാ മത്സരങ്ങള്‍ സോണിയുടെ വിവിധ സ്പോര്‍ട്സ് ചാനലുകളില്‍ ലഭ്യമാണ്. എന്നാല്‍ അര്‍ജന്റീന – ബ്രസീല്‍ പോരാട്ടം സോണിയുടെ മൊബൈല്‍ ആപ്പ് വഴി ഇന്ത്യയിലുള്ളവര്‍ക്ക് കാണാന്‍ സാധിക്കും.

Related Articles

Back to top button