IndiaLatest

നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ രാജ്യം; 10 പ്രധാന നിര്‍ദേശങ്ങള്‍

“Manju”

തിരുവനന്തപുരം: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപകമാകുന്നത് കണക്കിലെടുത്ത് ഇന്ത്യയും മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കുന്നു.
ഇതിന്റെ ഭാഗമായി നിരീക്ഷണങ്ങളും നിയന്ത്രണങ്ങളും കര്‍ശനമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി. വാക്സിനേഷന്‍ തോത് വര്‍ധിപ്പിക്കാനും കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്:
ഒമൈക്രോണ്‍ വകഭേദം കണ്ടെത്തിയ രാജ്യങ്ങളെ ‘അപകട സാധ്യതയുള്ള’ രാജ്യങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണം. അവിടെ നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാരുടെ പരിശോധനയും നിരീക്ഷണവും അടക്കമുള്ള തുടര്‍നടപടികള്‍ കൂടുതല്‍ ഊര്‍ജിതമാക്കണം.
കര്‍ശന നിയന്ത്രണങ്ങളും‌ ശക്തമായ നിരീക്ഷണവും ഉറപ്പുവരുത്തണം. വാക്സിനേഷന്‍ തോത് വര്‍ധിപ്പിക്കാനും, കോവിഡ് അനുയോജ്യമായ പെരുമാറ്റം ഉറപ്പുവരുത്താനും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
രാജ്യാന്തര വിമാനങ്ങളിലെത്തുന്ന യാത്രക്കാരുടെ മുന്‍കാല യാത്രാ വിവരങ്ങള്‍ ലഭിക്കുന്നതിന് റിപ്പോര്‍ട്ടിങ് സംവിധാനം നിലവിലുണ്ട്. ഈ സംവിധാനം സംസ്ഥാന തലത്തില്‍ അവലോകനം ചെയ്യണം.
പരിശോദനകള്‍ ശക്തമാക്കുന്നതിന് വിപുലമായ പരിശോധനാ സൗകര്യങ്ങള്‍ ഒരുക്കുക. ചില സംസ്ഥാനങ്ങളില്‍ മൊത്തത്തിലുള്ള പരിശോധനയും ആര്‍ടിപിസിആര്‍ പരിശോധനകളുടെ അനുപാതവും കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്.
ഹോട്സ്പോട്ടുകളിലും സമീപകാലത്ത് പോസിറ്റീവ് കേസുകള്‍ കൂടുതലായി കണ്ടെത്തിയ പ്രദേശങ്ങളിലും തുടര്‍ച്ചയായ നിരീക്ഷണം നടത്തണം. ഹോട്സ്‌പോട്ടുകളില്‍ വിപുലമായ പരിശോധനയ്ക്കൊപ്പം എല്ലാ പോസിറ്റീവ് സാംപിളുകളും ജീനോം സീക്വന്‍സിങ്ങിനായി ലാബുകളിലേക്ക് അയയ്ക്കണം.
എല്ലാ സംസ്ഥാനങ്ങളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തില്‍ താഴെ നിലനിര്‍ത്താന്‍ ശ്രമിക്കുക. രോഗം ആരംഭത്തില്‍ തന്നെ തിരിച്ചറിയാന്‍ പരിശോധനകളുെട എണ്ണവും ആര്‍ടിപിസിആര്‍ പരിശോധനകളും വര്‍ധിപ്പിക്കുക.
ചികിത്സ നല്‍കുന്നതില്‍ കാലതാമസം ഒഴിവാക്കാന്‍ സംസ്ഥാനത്തിലുടനീളം ആരോഗ്യ സൗകര്യങ്ങളുടെ മതിയായ ലഭ്യത ഉറപ്പാക്കുക.
കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സാമ്ബത്തിക സഹായം പരമാവധി ഉപയോഗിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം.
സംസ്ഥാനങ്ങള്‍ പൊതുജനങ്ങളില്‍നിന്നുള്ള സാംപിളിങ് ഗണ്യമായി വര്‍ധിപ്പിക്കുക. രാജ്യത്ത് വ്യാപിക്കുന്ന വകഭേദങ്ങള്‍ നിരീക്ഷിക്കാന്‍ ഇന്ത്യന്‍ സാര്‍സ്-കോവ്-2 ജീനോമിക്സ് കണ്‍സോര്‍ഷ്യം സ്ഥാപിച്ചു. വൈറസിന്റെ ജീനോമിക് വ്യതിയാനങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള മള്‍ട്ടി-ലബോറട്ടറി, മള്‍ട്ടി-ഏജന്‍സി, പാന്‍-ഇന്ത്യ നെറ്റ്‌വര്‍ക്ക് ആണിത്.
വ്യാജ പ്രചാരണങ്ങള്‍ ഒഴിവാക്കാന്‍ എല്ലാ സംസ്ഥാനങ്ങളും വാര്‍ത്താസമ്മേളനങ്ങളിലൂടെയും ബുള്ളറ്റിനിലൂടെയും ജനങ്ങളുടെ ആശങ്ക ഇല്ലാതാക്കണം. പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയും ചെയ്യണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.

Related Articles

Back to top button