KeralaLatest

കാര്‍ഷിക വികസന ബാങ്ക്‌ ,മുഴുവന്‍ സീറ്റും എല്‍.ഡി.എഫ്‌. പിടിച്ചു

“Manju”

പാലാ: മീനച്ചില്‍ സഹകരണ കാര്‍ഷിക വികസനബാങ്ക്‌ ഭരണം കേരള കോണ്‍ഗ്രസ്‌ (എം) നേതൃത്വത്തിലുള്ള എല്‍.ഡി.എഫിന്‌.

മീനച്ചില്‍ താലൂക്ക്‌ മുഴുവന്‍ പ്രവര്‍ത്തനമേഖലയായ ബാങ്ക്‌ വര്‍ഷങ്ങളായി യു.ഡി.എഫ്‌ ഭരണത്തിലായിരുന്നു. 1962-ല്‍ രജിസ്‌റ്റര്‍ ചെയ്‌ത്‌ 1963 മുതല്‍ പാലാ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബാങ്കില്‍ ആദ്യമായാണ്‌ എല്‍.ഡി.എഫ്‌ ഭരണത്തിലെത്തുന്നത്‌. കഴിഞ്ഞ 28 വര്‍ഷം ബാങ്ക്‌ പ്രസിഡന്റായിരുന്ന ഇ.ജെ. ആഗസ്‌തിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ്‌.പാനല്‍ മത്സരരംഗത്ത്‌ ഉണ്ടായിരുന്നു.
പ്രസിഡന്റായിരുന്ന ഇ.ജെ. ആഗസ്‌തിയുടെ നേതൃത്വത്തില്‍ ഏതാനും കേരള കോണ്‍ഗ്രസ്‌ (എം) അംഗങ്ങള്‍ പാര്‍ട്ടി മാറിയതോടെ ഭൂരിപക്ഷം അംഗങ്ങള്‍ രാജിവച്ചു. ഇതേത്തുടര്‍ന്ന്‌ രണ്ട്‌ തവണ അഡ്‌മിനിസ്‌ട്രേറ്റീവ്‌ കമ്മിറ്റിയും തുടര്‍ന്ന്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ ഭരണത്തിലുമായിരുന്നു ബാങ്ക്‌. ആറു മാസം മുമ്ബ്‌ തെരഞ്ഞെടുപ്പ്‌ നടപടികള്‍ ആരംഭിച്ചിരുന്നുവെങ്കിലും കോവിഡ്‌നിയന്ത്രണങ്ങളും കോടതി ഇടപെടലുകളുമായി നടപടികള്‍ നീണ്ടുപോവുകയായിരുന്നു.
ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്‌(എം) 10, സി.പി.എം 2, സി.പി.ഐ ഒന്ന്‌ സീറ്റും നേടി. യു.ഡി.എഫ്‌ സ്‌ഥാനാര്‍ത്ഥികള്‍ക്ക്‌ ഏതാനും വോട്ടുകള്‍ മാത്രമാണ്‌ ഇവിടെ ലഭിച്ചത്‌.
കെ.കെ. അലക്‌സ്‌(മരങ്ങാട്ടുപിള്ളി പഞ്ചായത്ത്‌ മുന്‍ വൈസ്‌ പ്രസിഡന്റ്‌), ജോബി കുളത്തറ (സ്‌കൂള്‍ എംപ്ലോയീസ്‌ സൊസൈറ്റി പ്രസിഡന്റ്‌), കെ.പി.ജോസഫ്‌ (കര്‍ഷക യൂണിയന്‍-എം) ജനറല്‍ സെക്രട്ടറി) ഔസേപ്പച്ചന്‍ വാളിപ്ലാക്കല്‍ (കേരള കോണ്‍.(എം) ജില്ലാ സെക്രട്ടറി, ജോസഫ്‌ മാത്യു, കെ.പ്രസാദ്‌, ബെന്നി തെരുവത്ത്‌ (മുന്‍ രാമപുരം ഗ്രാമ പഞ്ചായത്തംഗം), സണ്ണി നായിപുരയിടം, പി.എം.മാത്യു (ജില്ലാ പഞ്ചായത്ത്‌ അംഗം), ടി.ജി.ബാബു, പെണ്ണമ്മ ജോസഫ്‌ (വനിതാ കോണ്‍ഗ്രസ്‌-എം, സംസ്‌ഥാന പ്രസിഡന്റ്‌), ബെറ്റി ഷാജു (മുന്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍) ലതിക അജിത്‌ എന്നിവരാണ്‌ തെരഞ്ഞെടുക്കപ്പെട്ടത്‌.
തെരഞ്ഞെടുപ്പ്‌ നടപടി പൂര്‍ത്തിയാക്കുന്നത്‌ തടയുവാന്‍ യു.ഡി.എഫ്‌ നടത്തിയ നീക്കങ്ങള്‍ക്കും ബാങ്ക്‌ അംഗങ്ങളുടെ പിന്തുണയില്ലാതെ മത്സരരംഗത്തിറങ്ങിയതിനും വ്യാജ പ്രചാരണങ്ങള്‍ക്കും യു.ഡി.എഫിന്‌ ലഭിച്ച തിരിച്ചടിയാണ്‌ എല്‍.ഡി.എഫിന്റെ തകര്‍പ്പന്‍ വിജയമെന്ന്‌ എല്‍.ഡി.എഫ്‌ നേതാക്കള്‍ പറഞ്ഞു.

Related Articles

Back to top button