KeralaLatest

മേളം തീയേറ്റര്‍ ഇനി മോഹന്‍ലാലിന് സ്വന്തം

“Manju”

പാലക്കാട്: ഷൊര്‍ണൂരിലെ പ്രശസ്തമായ മേളം തീയേറ്റര്‍ ഇനി മോഹന്‍ലാലിന് സ്വന്തം. എംലാല്‍ പ്ലക്‌സ് എന്ന പേരില്‍ നവീകരിച്ച തീയേറ്റര്‍ താരം ഉദ്ഘാടനം ചെയ്തു. 1980 മുതല്‍ സജീവമായ മേളം തീയേറ്റര്‍ 900 സീറ്റുകളുള്ള തീയേറ്ററായിരുന്നു. 2019ല്‍ തീയേറ്റര്‍ അടച്ചുപൂട്ടി. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള തീയേറ്ററില്‍ ആരംഭം എന്ന സിനിമയാണ് ആദ്യം പ്രദര്‍ശിപ്പിച്ചത്.

2019 ഡിസംബര്‍ 30നാണ് മേളം തീയേറ്റര്‍ പ്രദര്‍ശനം നിര്‍ത്തിയത്. ആശിര്‍വാദ് സിനിമാസിലും മോഹന്‍ലാലിനുമാണ് ഇനി ഈ തീയേറ്ററിന്റെ ഉടമസ്ഥത. ആശിര്‍വാദ് മോഹന്‍ലാല്‍ സിനിപ്ലക്‌സ് എന്ന തീയേറ്റര്‍ കോംപ്ലക്‌സിന്റെ ചുരുക്കെഴുത്താണ് എംലാല്‍ സിനിപ്ലക്‌സ്. ഹരിപ്പാടും എംലാല്‍ പ്ലക്‌സിന്റെ പേരില്‍ പുതിയ സിനിമാ തീയേറ്റര്‍ ആരംഭിച്ചിട്ടുണ്ട്.

ആലപ്പുഴ എം.പി കെ.സി വേണുഗോപാല്‍, മോഹന്‍ലാല്‍, സുചിത്രാ മോഹന്‍ലാല്‍, ആന്‍റണി പെരുമ്പാവൂര്‍, മഞ്ജുവാര്യര്‍, സംവിധായകന്‍ കെ.മധു, സന്തോഷ് ശിവന്‍,  മുരളീ കൃഷ്ണന്‍, സദാശിവന്‍, ഗോപീനാഥന്‍, എന്നിവര്‍ ചേര്‍ന്നാണ് തീയേറ്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. സിനിമാ മേഖലയില്‍ കഴിഞ്ഞ 41 വര്‍ഷമായുള്ള തന്റെ വരുമാനം സിനിമയില്‍ തന്നെ ചെലവിടാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

അതേസമയം മോഹന്‍ലാല്‍ നായകനായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഡിസംബര്‍ രണ്ടിന് റിലീസ് ചെയ്യും. 3300സ്‌ക്രീനുകളിലാണ് മരക്കാര്‍ റിലീസ് ചെയ്യുന്നത്. കേരളത്തില്‍ മാത്രം 600 സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തും. പുലര്‍ച്ചെ 12.01നാണ് കേരളത്തില്‍ ചിത്രത്തിന്റെ ആദ്യ ഷോ തുടങ്ങുന്നത്. മലയാളത്തിന് പുറമെ, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

Related Articles

Back to top button