KeralaLatest

ഇടപ്പള്ളി കനാലില്‍ രോഗം പടര്‍ത്തുന്ന ഒച്ചുകള്‍

“Manju”


കളമശ്ശേരി : മനുഷ്യരില്‍ രോഗം പടര്‍ത്താന്‍ ശേഷിയുള്ള പ്രത്യേകയിനം ഒച്ചുകളെ ഇടപ്പള്ളി തോട്ടില്‍ കണ്ടെത്തി. ശുദ്ധജല ‘അക്യൂട്ട ബ്ലാഡര്‍’ ഒച്ചുകളെയാണ് കുസാറ്റ് ഗവേഷകര്‍ കണ്ടെത്തിയത്. ഭക്ഷ്യജന്യരോഗങ്ങള്‍ക്കും തൊലിപ്പുറത്ത് ചൊറിച്ചിലുണ്ടാക്കുന്നതിനും കാരണമായ ട്രിമാറ്റോഡ് വിരകളുടെ വ്യാപനത്തിന് ഈ ഒച്ചുകള്‍ കാരണമാകും. സ്കൂള്‍ ഓഫ് മറൈന്‍ സയന്‍സ് ഡീനും പ്രൊഫസറുമായ എസ് ബിജോയ് നന്ദന്റെ നേതൃത്വത്തില്‍ കൊച്ചിയിലെ തോടുകളിലും കായലിലും നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.
‘ഫിസെല്ല അക്യൂട്ട’ എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന ഒച്ചുകള്‍ തദ്ദശീയ ജന്തുജാലങ്ങളില്‍ ആധിപത്യം സ്ഥാപിച്ച് അവയുടെ ആവാസവ്യവസ്ഥ തകര്‍ക്കും. അതിവേഗ വളര്‍ച്ചയും കൂടിയ പുനരുല്‍പ്പാദന നിരക്കുമുണ്ട്. നേരിട്ട് വായു ശ്വസിച്ച് മലിനജലത്തില്‍ വളരാനും കഴിവുണ്ട്. അക്വേറിയം ചെടികളുടെ ഇറക്കുമതിയിലൂടെയാകാം ഇന്ത്യയിലെത്തിയതെന്നാണ് കരുതുന്നത്. ഇളം മഞ്ഞനിറത്തില്‍ കറുത്ത കുത്തുകളോടുകൂടിയ ഇടംപിരിശംഖുകളാണ് ഒച്ചുകളുടെ സവിശേഷത. 16 മില്ലിമീറ്റര്‍ നീളത്തില്‍ വരെ വളരും. ഇന്ത്യന്‍ വകഭേദത്തിന്റെ ജനിതകഘടനയും പഠനത്തിലുണ്ട്. മറൈന്‍ ബയോളജി, മൈക്രോ ബയോളജി ആന്റ് ബയോകെമിസ്ട്രി ഗവേഷകരായ ഡോ.പി. ആര്‍.ജയചന്ദ്രന്‍., ഡോ. ആര്‍.രാധിക., ഡോ.ബി.പി. അനീഷ്, ഡോ.കെ.എസ്. സന്റു., എം. ജിമ എന്നിവരടങ്ങുന്ന സംഘമാണ് പഠനം നടത്തിയത്. ഇവയുമായി ഇടപെഴകുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അക്വേറിയങ്ങളില്‍ ഇവയെ വളര്‍ത്തരുതെന്നും ഡോ.ജയച്ദ്രന്‍ പറഞ്ഞു. കണ്ടെത്തല്‍ ശാസ്ത്രമാസികയായ ‘പ്രൊസീഡിംഗ്സ് ഓഫ് സുവോളജിക്കല്‍ സൊസൈറ്റി’ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Related Articles

Back to top button