KeralaLatestSports

വീണ്ടും ട്രാക്കില്‍ കുതിച്ച് മന്ത്രി ചിഞ്ചുറാണി

കേരള സ്റ്റേറ്റ് മാസ്റ്റേഴ്‌സ് ഗെയിംസില്‍ 100 മീറ്റര്‍ ഓട്ടത്തിലാണ് മന്ത്രി പങ്കെടുത്തത്

“Manju”

കൊല്ലം: പഴയ ഓര്‍മ്മകളും ആര്‍പ്പുവിളികളും കാതില്‍ മുഴങ്ങി.വര്‍ഷങ്ങള്‍ക്ക് മുന്‍പെ ട്രാക്കിലെ താരമായിരുന്ന ആ പഴയ ചിഞ്ചുറാണി വീണ്ടും ഉണര്‍ന്നു.ഒടുവില്‍ ഇടവേളയുടെ ഒരു പരിമിതിയും ഇല്ലാതെ ഓട്ടമത്സരത്തില്‍ മിന്നുംജയവും.വര്‍ഷങ്ങളായി ട്രാക്കിനോടുള്ള അപരിചിതത്വം സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ മറികടന്ന്, മൂന്നാം സ്ഥാനത്തായാണു മന്ത്രി ഫിനിഷ് ചെയ്തത്.
ചടങ്ങിനു വേണ്ടി മാത്രമുള്ള ഓട്ടമായിരുന്നില്ല അത്. കേരള സ്റ്റേറ്റ് മാസ്റ്റേഴ്‌സ് ഗെയിംസില്‍ 100 മീറ്റര്‍ ഓട്ടത്തില്‍ പങ്കെടുക്കാന്‍ ട്രാക്ക് സ്യൂട്ട് ധരിച്ചു മന്ത്രി ജെ. ചിഞ്ചുറാണി എത്തിയതു പഴയ ദീര്‍ഘദൂര ഓട്ടക്കാരിയുടെ ആവേശത്തോടെയാണ്. 59 വയസ്സുകാരിയായ മന്ത്രി 55 വയസ്സിനു മുകളിലുള്ളവരുടെ വിഭാഗത്തിലാണു പങ്കെടുത്തത്.
എസ്‌എന്‍ വനിതാ കോളജില്‍ പഠിക്കുമ്ബോള്‍ ദീര്‍ഘദൂര ഓട്ടമത്സരങ്ങളിലൂടെ കോളജ് ചാംപ്യന്‍ പട്ടം നേടിയിട്ടുള്ള ചിഞ്ചുറാണി ഒട്ടേറെ അത്‌ലറ്റിക് മീറ്റുകളില്‍ പങ്കെടുത്തിട്ടുണ്ട്. അതിനാല്‍തന്നെ നൂറു മീറ്റര്‍ ഓടി ഫിനിഷ് ചെയ്യാന്‍ വലിയ പ്രയാസം ഉണ്ടായില്ല. പരിശീലനം ചെയ്തു വന്നിരുന്നെങ്കില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കാമായിരുന്നു എന്നും പറഞ്ഞു.
ഇന്നലെ മാസ്റ്റേഴ്‌സ് ഗെയിംസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്ബോഴാണു താനും മത്സരിക്കുന്നു എന്നു മന്ത്രി അറിയിച്ചത്. 3000, 400 മീറ്റര്‍ ഓട്ടത്തിലാണു പഠനകാലത്തു പങ്കെടുത്തിരുന്നത്. പരിശീലനം ചെയ്യാത്തതിനാലാണ് ഇപ്പോള്‍ ഈ ഇനങ്ങളില്‍ പങ്കെടുക്കാത്തത്. അടുത്ത ദിവസത്തെ ജാവലിന്‍ ത്രോ, ഹാന്‍ഡ് ബോള്‍ ഗെയിമുകളില്‍ സമയം അനുവദിച്ചാല്‍ മത്സരിക്കും.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഓടിയ ട്രാക്കില്‍ വീണ്ടും ഓടാന്‍ കഴിഞ്ഞതില്‍ സന്തോഷവും പങ്കുവച്ചു. സഹപാഠികളായ കായികതാരങ്ങളുമായി ഓര്‍മകള്‍ പങ്കിട്ടാണു മന്ത്രി മടങ്ങിയത്. മത്സരത്തില്‍ കൊല്ലം ജില്ലയെ പ്രതിനിധീകരിച്ച്‌ എത്തിയ എല്‍.കെ.ലേഖ ഒന്നാം സ്ഥാനവും വയനാട് നിന്നുള്ള സി.ജി ദീപ രണ്ടാം സ്ഥാനവും നേടി.

Related Articles

Back to top button