LatestThiruvananthapuram

ഷോപ്പിംഗ് വിസ്മയം തീര്‍ത്ത് ഇനി ലുലുമാള്‍ തിരുവനന്തപുരത്തും

ഇന്ന് രാവിലെ 11.30 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

“Manju”

തിരുവനന്തപുരം : സംസ്ഥാനത്തെ ജനങ്ങള്‍ ഇന്നേവരെ അറിഞ്ഞിട്ടില്ലാത്ത ഷോപ്പിംഗ് അനുഭവം ലഭ്യമാക്കിക്കൊണ്ട് പടുകൂറ്റന്‍ ഷോപ്പിംഗ് കോംപ്ളക്സ് ലുലുമാള്‍തലസ്ഥാനത്ത് ഇന്ന് മിഴിതുറന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ലുലുമാളിന്റെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഷോപ്പിംഗ് വിസ്മയം രാവിലെ 11.30 ന് ഉദ്ഘാടനം ചെയ്തു. സിനിമാ നടന്‍ മമ്മൂട്ടി, ശശി തരൂര്‍ എം.പി., ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി തുടങ്ങി സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ ലുലുമാള്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. എം.. യുസഫലി ചെയര്‍മാനായുള്ള ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ രണ്ടാമത്തെ ഷോപ്പിംഗ് കോംപ്ലക്സാണ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തത്. വെള്ളിയാഴ്ചമുതല്‍ ഘട്ടംഘട്ടമായി പൊതു ജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുന്നതാണ്.

500കാറുകള്‍ക്കും കാല്‍ ലക്ഷം ബൈക്കുകള്‍ക്കും പാര്‍ക്ക് ചെയ്യാവുന്ന കൂറ്റന്‍ പാര്‍ക്കിംഗ് ഗ്രൗണ്ടാണ് മാളിന്റെ വലതുവശത്ത്. ആയിരത്തോളം കാറുകള്‍ നിറുത്താവുന്ന അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിംഗും ഉണ്ട്. ഇതിന് പിന്നിലായി എട്ടുനിലകളിലായി മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് സംവിധാനമാണ്. ഇതില്‍ 3500 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാം. പാര്‍ക്കിംഗ് സ്ഥലത്തുനിന്ന് നേരെ എസ്കലേറ്റര്‍ വഴി മാളിലേക്ക് പ്രവേശിക്കാം. ലിഫ്റ്റ് സൗകര്യവും ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക എസ്കലേറ്റര്‍ സൗകര്യവുമുണ്ട്.

വലതുവശത്ത് മൂന്ന് നിലകളിലായി രണ്ടുലക്ഷം ചതുരശ്ര അടിയിലുള്ള കൂറ്റന്‍ ഹൈപ്പര്‍ മാര്‍ക്കറ്റാണ് മാളിന്റെ പ്രധാന ആകര്‍ഷണം. ലോകത്ത് എവിടെ നിന്നുമുള്ള വസ്തുക്കള്‍ ഇവിടെ ലഭിക്കും. ഗ്രോസറി, പഴം പച്ചക്കറികള്‍, വൈവിദ്ധ്യമാര്‍ന്ന മറ്റുല്പന്നങ്ങള്‍, ബേക്കറി, ഓര്‍ഗാനിക് ഫുഡ്, ഹെല്‍ത്ത് കെയര്‍ വിഭാഗങ്ങളുമായി വ്യത്യസ്തവും വിശാലവുമാണ് ഹൈപ്പര്‍മാര്‍ക്കറ്റ്. ഇത് കൂടാതെ ഇന്ത്യന്‍, അറബിക് ഭക്ഷണത്തിനായുള്ള പ്രത്യേക സെക്ഷനുകളുമുണ്ട്. കുടുംബശ്രീ ഉള്‍പ്പെടെ പ്രാദേശികമായി സംഭരിച്ച ഉല്പന്നങ്ങളും ഇവിടെ പ്രത്യേകമായി സജ്ജീകരിച്ചിട്ടുണ്ട്.

ഇതോടൊപ്പം ടെക്‌നോളജി ട്രെന്‍ഡുകളുമായി ലുലു കണക്‌ട്, ഫാഷന്‍ ലോകത്തെ തുടിപ്പുകള്‍ അണിനിരത്തുന്ന ലുലു ഫാഷന്‍ സ്റ്റോര്‍, മലയാളികളുടെ വെഡ്ഡിംഗ് ഡെസ്റ്റിനേഷനായി മാറുന്ന ലുലു സെലിബ്രേറ്റ് എന്നിവയടക്കം ഷോപ്പിംഗിന് തികച്ചും പുത്തന്‍ അനുഭവം പ്രദാനം ചെയ്യും.

ഹൈപ്പര്‍ മാര്‍ക്കറ്റിന് പുറമെ രണ്ട് നിലകളിലായി 200ല്‍ പരം രാജ്യാന്തര ബ്രാന്‍ഡുകളുടെ ഷോ റൂമുകളാണുള്ളത്. ജുവല്ലറികള്‍, ടെക്‌സ്റ്റൈലുകള്‍, ഇലക്‌ട്രോണിക് ഉത്പന്നങ്ങള്‍, ഷൂസ്, മറ്റ് വസ്തുക്കള്‍ എന്നിവയുടെ ഷോപ്പുകളാണ്. ഇവയ്ക്കെല്ലാം പുറമെ ഖാദി ഉത്പന്നങ്ങളുടെ വന്‍ ശേഖരവും ലഭ്യമാണ്.

മൂന്നാമത്തെ നിലയിലാണ് ഫുഡ്കോര്‍ട്ടുകള്‍. പല രാജ്യങ്ങളില്‍ നിന്നുള്ള വൈവിദ്ധ്യമാര്‍ന്ന രുചികളുമായി ഒരേ സമയം 2,500 പേര്‍ക്ക് ഇരിക്കാന്‍ പാകത്തില്‍ ഫുഡ് കോര്‍ട്ട് സജ്ജമാണ്. സ്റ്റാര്‍ ബക്ക്സ് മുതല്‍ നാടന്‍ വിഭവങ്ങള്‍ വരെയുള്ള കഫേകളും റസ്റ്റോറന്റുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

മാളിന് ഇടതുവശത്ത് കുട്ടികള്‍ക്കായുള്ള ഗെയിമിംഗ് സെന്ററുകളാണ്. മൊത്തം 80,000 ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലാണ് ഫണ്‍ട്യൂറ എന്നു പേരിട്ടിരിക്കുന്ന ഗെയിം മേഖല. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി മാളില്‍ സജ്ജീകരിച്ചിരിക്കുന്ന സിപ്പ് ലൈന്‍ വേറിട്ട അനുഭവമായിരിക്കും ഒരുക്കുക. സിപ്പ് ലൈന്‍ യാത്രയിലൂടെ മാളിനകം ചുറ്റി വരുന്ന സാഹസികവും കൗതുകവും നിറഞ്ഞ യാത്ര ആസ്വദിക്കാന്‍ കഴിയും. മൂന്നാമത്തെ നിലയില്‍ ഫണ്‍ട്യൂറയ്ക്ക് അടുത്ത് പി.വി.ആറിന്റെ പന്ത്രണ്ടോളം തിയേറ്ററുകളും ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ എല്ലാ നിലകളിലും എ.ടി.എം, കറന്‍സി എക്സ്ചേഞ്ച് സൗകര്യങ്ങളും 1500ഒാളം സി.സി ടിവി കാമറയും സുരക്ഷാജീവനക്കാരും ചേര്‍ന്നുള്ള സുരക്ഷാസംവിധാനങ്ങളും മാളിലൊരുക്കിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് മാത്രമല്ല, തമിഴ്നാട്ടില്‍ നിന്നും ആളുകള്‍ ഇനി തിരുവനന്തപുരത്തേക്ക് ഒഴുകും.

 

Related Articles

Back to top button