KeralaLatest

കൂട്ടായ്മയില്‍ മനോഹരമായി കുണ്ടറ റെയില്‍വേ സ്റ്റേഷന്‍

“Manju”

 

കൊല്ലം (കുണ്ടറ) : ചെടികളും പൂക്കളം നിറഞ്ഞ ഒരു പൂന്തോട്ടം. ഒരു റെയില്‍വേ സ്റ്റേഷന്റെ കാര്യമാണ് പറയുന്നത്. വേറെങ്ങുമല്ല ഇത് കൊല്ലം ജില്ലയിലെ കുണ്ടറ റെയില്‍വേ സ്റ്റേഷന്‍. യാത്രക്കാര്‍ക്ക് ഇരിപ്പിടമോ ഫാനുകളോ വെള്ളമോ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനുള്ള സൌകര്യങ്ങളോ ഇല്ലാത്ത അവസ്ഥയില്‍ നിന്നാണ് ഈ മാറ്റം. ഇന്നും നിരവധി റെയില്‍വേ സ്റ്റേഷനുകള്‍ ഇത്തരത്തിലാണ് എന്നത് ഓര്‍ക്കേണ്ട കാര്യമാണ്.

മീറ്റര്‍ഗേജില്‍ ഓടിക്കൊണ്ടിരുന്ന കാലം മാറി ബ്രോഡ്ഗേജ് എത്തിയെങ്കിലും യാത്രക്കാരുടെ സൌകര്യങ്ങള്‍ അടുത്ത സമയംവരെ മീറ്റര്‍ഗേജ് പോലെ തുടരുകയായിരുന്നു. റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്‍ പ്രവര്‍ത്തകരുടെ ശ്രമഫലമായി നടപ്പാലം നിര്‍മ്മിച്ചതും വിവിധ സന്നദ്ധസംഘടനകള്‍ നല്‍കിയ കസേരകളും ഫാനുകളും റെയില്‍വേയുടെ ബെഞ്ചുകളും കൂടിയായതോടെ സ്റ്റേഷനില്‍ എത്തുന്ന യാത്രക്കാര്‍ക്ക് വിശ്രമിക്കാനുള്ള സൌകര്യങ്ങളായി. രണ്ടു വര്‍ഷം മുന്‍പ് പോത്തന്‍കോട് സ്വദേശിയായ കെ.ആര്‍. രമേശ് സ്റ്റേഷന്‍ മാസ്റ്ററായി ചുമതലയേറ്റതോടെ മാറ്റങ്ങള്‍ക്കു വേഗം കൂടി.

ഓഫീ‍സിനകത്തും പുറത്തും അടുക്കും ചിട്ടയോടും കൂടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി വരുന്നു. ഓഫീസിനകത്ത് വലിയ പരിഷ്ക്കാരങ്ങളാണ് വരുത്തിയത്. ചിലന്തിവല കെട്ടിക്കിടന്ന പഴയ ഫയലുകള്‍ പോലും, പ്രത്യേക റാക്കുണ്ടാക്കി മനോഹരമായി അടുക്കി വച്ചു. പരിമിതികളില്‍ നിന്നുകൊണ്ട് കാടുകയറി കിടന്ന സ്റ്റേഷനും പരിസരവും വൃത്തിയാക്കി പ്ലാറ്റ്ഫോമില്‍ ചട്ടികളിലായി ഒരുക്കിയിട്ടുള്ള വിവിധതരം തൂക്കുചെടികള്‍ വളരെ മനോഹരമായി. നൂറു വര്‍ഷത്തോളം പഴക്കം വരുന്ന ഉപയോഗശൂന്യമായി കിടന്ന മേശ വൃത്തിയാക്കി നെറ്റടിച്ച് പെയിന്റിംഗ് നടത്തി ചെടികള്‍ തൂക്കിയിട്ടിരിക്കുന്നതും കൌതുകകരമായി. നേരിട്ടുള്ള സൂര്യപ്രകാശം വേണ്ടാത്ത ചെടികളാണ് ഏറെയും. ചെടികള്‍ നനയ്ക്കുന്നതും പരിചരണം നല്‍കുന്നതുമെല്ലാം സ്റ്റേഷന്‍ മാസ്റ്റര്‍‍ തന്നെ.

പുനലൂര്‍ സ്റ്റേഷന്‍ മാസ്റ്റര്‍ ആയിരിക്കെ അവിടെ മനോഹരമായ പൂന്തോട്ടം നിര്‍മ്മിച്ചതും റെയില്‍വേ ജനറല്‍മാനേജരുടെ അഭിനന്ദനം ലഭിച്ചതും വലിയ അംഗീകാരമായി അദ്ദേഹം കാണുന്നു. കുണ്ടറ സ്റ്റേഷനില്‍ പൂന്തോട്ടം നിര്‍മ്മിക്കണമെന്ന് വലിയ ആഗ്രഹമാണ്. ഇതിനായി റെയില്‍വേയുടെയും സന്നദ്ധസംഘടനകളുടെയും ഭാഗത്തുനിന്നും സഹകരണം ഉണ്ടായാല്‍ വളരെ വേഗത്തില്‍ നടപ്പാക്കാന്‍ കഴിയുമെന്നാണ് അദ്ദേഹം പറയുന്നത്. ‍

2019 ലെ ഡിവിഷണൽ റെയിൽവേ മാനേജർ പുരസ്ക്കാരവും 2020 ലെ പ്രിൻസിപ്പൽ ചീഫ് ഓപ്പറേഷൻസ് മാനേജർ പുരസ്ക്കാരവും ലഭിച്ചിരുന്നു. ദിവംഗതനായ ആമ്പാടി കൃഷ്ണപിള്ളയുടേയും രാധമ്മ ടീച്ചറുടേയും മകനാണ്. ശാന്തിഗിരി ഗുരുധർമപ്രകാശസഭയിലെ ജനനി കൽപന ജ്ഞാനതപസ്വിനി, രാജേഷ് ആമ്പാടി എന്നിവർ സഹോദരങ്ങളാണ്. ഭാര്യ: സോഫി വി., മക്കൾ: ശാന്തിരൂപൻ ആർ, ഗുരുപ്രിയ ആർ. ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിന് സമീപം പുഷ്പം ഭവനത്തിലാണ് താമസം.

Related Articles

Back to top button