KeralaLatest

പൊലീസ് തലപ്പത്ത് അഴിച്ചുപണി

ഹര്‍ഷിത അട്ടല്ലൂരി ഇന്‍റലിജന്‍സ്​ ഐ.ജി, ബല്‍റാംകുമാര്‍ ഉപാധ്യയും മഹിപാല്‍ യാദവും എ.ഡി.ജി.പിമാര്‍

“Manju”

തിരുവനന്തപുരം: ഗുണ്ടാ അക്രമങ്ങള്‍ വര്‍ധിക്കുകയും പൊലീസിനെതിരെ കോടതിയില്‍നിന്ന് ഉള്‍പ്പെടെ രൂക്ഷവിമര്‍ശനം ഉയരുകയും ചെയ്ത പശ്ചാത്തലത്തില്‍ പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി നടത്തി മുഖം രക്ഷിക്കാന്‍ ആഭ്യന്തരവകുപ്പ്.
ദക്ഷിണമേഖലാ ഐ.ജി ഹര്‍ഷിത അട്ടല്ലൂരിയെ ഇന്‍റലിജന്‍സിലേക്ക് മാറ്റി. പകരം പി. പ്രകാശാണ് പുതിയ ദക്ഷിണമേഖലാ ഐ.ജി. ബല്‍റാംകുമാര്‍ ഉപാധ്യായക്ക് സ്ഥാനക്കയറ്റം ലഭിച്ചതോടെ ഐ.ജി ജി. സ്പര്‍ജ്ജന്‍കുമാറാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണര്‍. ഐ.സി.ടി എസ്.പിയായിരുന്ന ഡോ. ദിവ്യ വി. ഗോപിനാഥാണ് തിരുവനന്തപുരം റൂറല്‍ പൊലീസ് മേധാവി. ബല്‍റാംകുമാര്‍ ഉപാധ്യായയെ ട്രെയിനിങ് എ.ഡി.ജി.പിയായും എ.ഡി.ജി.പി യോഗേഷ് ഗുപ്തയെ പൊലീസ് അക്കാദമിയുടെ (കേപ്പ) ഡയറക്ടറായും നിയമിച്ചു.
ഡി.ഐ.ജിമാരായ അനൂപ് കുരുവിള ജോണ്‍, വിക്രംജിത്ത് സിങ്, പി. പ്രകാശ്, കെ. സേതുരാമന്‍, കെ.പി. ഫിലിപ്പ്, എ.വി. ജോര്‍ജ് എന്നിവര്‍ക്ക് ഐ.ജിമാരായി സ്ഥാനക്കയറ്റം നല്‍കി. സ്ഥാനക്കയറ്റം ലഭിച്ച അനൂപ് കുരുവിള ജോണിനെ ട്രാഫിക്ക് റോഡ്‌ സുരക്ഷ മാനേജ്‌മെന്‍റ് ഐ.ജിയായും വിക്രംജിത്ത് സിങ്ങിനെ കിഫ്ബി ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായി തുടരാനും നിശ്ചയിച്ചു. ദക്ഷിണമേഖലാ ഐ.ജിയായി നിയോഗിക്കപ്പെട്ട പി. പ്രകാശിന് പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ എം.ഡിയുടെ അധികചുമതല കൂടി നല്‍കി.
കെ. സേതുരാമന് പൊലീസ് അക്കാദമി ഐ.ജിയായും കെ.പി ഫിലിപ്പിനെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് 1 ഐ.ജിയായും എ.വി. ജോര്‍ജിനെ കോഴിക്കോട് സിറ്റി പൊലീസ് കമീഷണറായി എക്‌സ്‌കേഡര്‍ തസ്തിക സൃഷ്ടിച്ച്‌ അവിടെ തുടരാനും അനുവദിച്ചു. എസ്.പിമാരായ പുട്ട വിമലാദിത്യ, എസ്. അജീതാബീഗം, ആര്‍. നിശാന്തിനി, എസ്. സതീഷ് ബിനോ, രാഹുല്‍ ആര്‍. നായര്‍ എന്നിവര്‍ക്ക് ഡി.ഐ.ജിമാരായി സ്ഥാനക്കയറ്റം നല്‍കി. ആര്‍. നിശാന്തിനിയാണ് തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി.
തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആയിരുന്ന കോറി സജ്ജയ്കുമാര്‍ ഗുരുഡിനെ ആംഡ് പൊലീസ് ബറ്റാലിയന്‍ ഡി.ഐ.ജിയായി മാറ്റി നിയമിച്ചു. രാഹുല്‍ ആര്‍. നായരാണ് പുതിയ കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി. ഐ.ജിയായി സ്ഥാനക്കയറ്റം ലഭിച്ച കെ. സേതുരാമന് പകരമാണ് ഈ നിയമനം. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എ.എസ്.പിയായിരുന്ന അങ്കിത്ത് അശോകനാണ് തിരുവനന്തപുരം സിറ്റിയുടെ പുതിയ ഡി.സി.പി. തിരുവനന്തപുരം ഡി.സി.പി ആയിരുന്ന വൈഭവ് സക്‌സേനയെ കാസര്‍കോട് എസ്.പിയായി നിയമിച്ചു. ചിറ്റൂര്‍ എ.എസ്.പിയായിരുന്ന പഥംസിങ്ങിനെ ഇന്ത്യാറിസര്‍വ് ബറ്റാലിയന്‍ കമാന്‍ഡന്‍റാക്കി. പി.വി. രാജീവാണ് പുതിയ കണ്ണൂര്‍ റൂറല്‍ പൊലീസ് മേധാവി.
ഇടുക്കി ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന വി.യു. കുര്യാക്കോസാണ് കൊച്ചി സിറ്റിയുടെ പുതിയ ഡി.സി.പി. കൊച്ചി ഡി.സി.പി ഐശ്വര്യ പ്രശാന്ത് ഡോംഗ്രെയെ തൃശ്ശൂര്‍ റൂറല്‍ എസ്.പിയായി നിയമിച്ചു. തൃശ്ശൂര്‍ റൂറല്‍ എസ്.പിയായിരുന്ന ജി. പൂങ്കുഴലിയെ പൊലീസ് അക്കാദമി അഡ്മിനിട്രേഷന്‍ വിഭാഗം അസി. ഡയറക്ടറായി നിയമിച്ചു. ഇന്ത്യാറിസര്‍വ് ബറ്റാലിയന്‍ കമാന്‍ഡന്‍റായിരുന്ന വിവേക് കുമാറിനെ കെ.എ.പി 4 കമാന്‍ഡന്‍റായി മാറ്റി. നവനീത് ശര്‍മ്മ (ടെലികോം എസ്.പി), അമോസ് മാമന്‍ (കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമീഷണര്‍), സ്വപ്നില്‍ മധുകര്‍ മഹാജന്‍ (പത്തനംതിട്ട എസ്.പി) എന്നിവര്‍ക്കും നിയമനം നല്‍കി.

Related Articles

Back to top button