International

മുഖത്ത് താടിയുണ്ടോ?; അഫ്ഗാനിൽ വാഹനപരിശോധനയുമായി താലിബാൻ

“Manju”

കാബൂൾ : അഫ്ഗാൻ ജനതയ്‌ക്ക് മേൽ ഇസ്ലാമിക നിയമം അടിച്ചേൽപ്പിക്കുന്നത് തുടർന്ന് താലിബാൻ. നിയമ ലംഘകരെ കണ്ടെത്തുന്നതിനായി താലിബാൻ വാഹന പരിശോധനയുൾപ്പെടെ നടത്തിവരികയാണ്. ഇതിന്റെ ദൃശ്യങ്ങൾ അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പുരുഷന്മാർ താടിവടിയ്‌ക്കരുതെന്നും, സ്ത്രീകൾ പൂർണമായി ശരീരം മറയ്‌ക്കണമെന്നുമുള്ള ശരിയ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ് താലിബാന്റെ വാഹന പരിശോധന. താടി വടിയ്‌ക്കുന്ന പുരുഷന്മാർക്കും, ശരീരം പൂർണമായി മറയ്‌ക്കാത്ത സ്ത്രീകൾക്കും ശിക്ഷയും നൽകുന്നുണ്ട്. സ്‌കൂളിലേക്ക് പോകുന്ന വിദ്യാർത്ഥിനികളെ പോലും താലിബാൻ പരിശോധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഇസ്ലാമിക നിയമപ്രകാരം സ്ത്രീകൾ മുഖവും തലയും ശരീരവും മൂടുന്ന നിഖാബും, അബയ റോബും ധരിക്കണമെന്നാണ്. ഇതല്ലാതെ സാധാരണ വസ്ത്രം ധരിക്കാൻ സ്ത്രീകൾക്കും പെൺകുട്ടികൾക്കും അനുമതിയില്ല. നിഖാബ് ധരിക്കാത്ത സ്ത്രീകളെ വാഹനങ്ങളിൽ കയറ്റരുതെന്നാണ് ഭീകരർ പുരുഷന്മാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

ചെക്‌പോസ്റ്റുകളിലും പ്രധാന പാതകളിലുമാണ് താലിബാൻ വാഹനം തടഞ്ഞ് പരിശോധിക്കുന്നത്. താടിവയ്‌ക്കുന്നതിന് ഇസ്ലാം മതത്തിൽ എത്രത്തോളം പ്രധാന്യമുണ്ടെന്നും ആളുകളോട് ഭീകരർ വിവരിക്കുന്നുണ്ട്. ഒന്നിൽ കൂടുതൽ സ്ത്രീകളെ വാഹനത്തിന്റെ മുൻ സീറ്റിൽ ഇരുത്തുന്ന പുരുഷന്മാരെയും ഭീകരർ ശിക്ഷിക്കുന്നുണ്ട്.

Related Articles

Back to top button