LatestThiruvananthapuram

മുഖമുദ്ര ചാര്‍ത്താന്‍ ആറുനഗരങ്ങള്‍

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തെ ആറു നഗരങ്ങളെ അവയുടെ സവിശേഷതകളുടെ പേരില്‍ ബ്രാന്‍ഡ് ചെയ്യാനുള്ള ദൗത്യവുമായി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഭരണകാര്യങ്ങളില്‍ പരിശീലനം നല്‍കുന്ന കില രംഗത്ത്.
തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നീ നഗരങ്ങളെയാണ് കണ്ടെത്തിയിരിക്കുന്നത്.

യുനെസ്കോയുടെ ‘ക്രിയേറ്റീവ് സിറ്റീസ് ‘എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണിത്. വികസനം, സഹകരണം, പൈതൃകം, സംസ്കാരം എന്നിവ ഇത്തരത്തില്‍ പരിപോഷിപ്പിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. നഗരസഭകള്‍ ബന്ധപ്പെട്ട മേഖലകളില്‍ കൂടുതല്‍ പദ്ധതികള്‍ ആവിഷ്കരിച്ച്‌ നടപ്പാക്കിയാല്‍ മാത്രമേ ബ്രാന്‍ഡിംഗ് സാധ്യമാവൂ. നഗരസഭകളുമായി കില ചര്‍ച്ചകള്‍ നടത്തിവരികയാണ്.

തിരുവനന്തപുരം സമാധാന നഗരം (സിറ്റി ഒഫ് പീസ്)
സവിശേഷത:തലസ്ഥാന നഗരി, മതസൗഹാര്‍ദ്ദം, ഉയര്‍ന്ന ജനസംഖ്യ, അനുദിനം വികസനം
ബ്രാന്‍ഡ് ചെയ്യാന്‍: ക്രമസമാധാനം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സുരക്ഷ, വാണിജ്യം, കല, വിനോദം, പരിസ്ഥിതി, ഭരണസംവിധാനം എന്നിവ മെച്ചപ്പെടുത്തണം.

കൊല്ലം ജൈവ വൈവിദ്ധ്യ നഗരം (സിറ്റി ഒഫ് ബയോ ഡൈവേഴ്സിറ്റി)
സവിശേഷത: ജൈവ വൈവിദ്ധ്യ സര്‍ക്ക്യൂട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അഷ്ടമുടി,ശാസ്താംകോട്ട കായലുകള്‍, കല്ലടയാറ്, കണ്ടല്‍കാടുകള്‍. ഇവയുടെ സംരക്ഷണം സര്‍ക്യൂട്ടിലുണ്ട്.
ബ്രാന്‍ഡ് ചെയ്യാന്‍: ജൈവവൈവിദ്ധ്യം നിലനിറുത്തി ഭാവി തലമുറയ്ക്കായി സംരക്ഷിക്കുകയും വികസനത്തില്‍ ജൈവ വിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗം ഉറപ്പാക്കുകയും വേണം.

കൊച്ചി രൂപകല്പനകളുടെ നാട് (സിറ്റി ഒഫ് ഡിസൈന്‍സ്)
സവിശേഷത: മെട്രോ നഗരം.വ്യാപാര,വ്യവസായ കേന്ദ്രം. ഭൂമിക്ക് പൊന്നുവില, ഫ്ളാറ്റ് സമുച്ചയങ്ങള്‍ ധാരാളം.
ബ്രാന്‍ഡ് ചെയ്യാന്‍: വൃത്തിയും വെടിപ്പും സഞ്ചാരസൗകര്യവുമുള്ള തെരുവുകളും പൊതുഇടങ്ങളും വേണം.പ്രദേശത്തിന് അനുയോജ്യമായ വികസനം.

തൃശൂര്‍ പഠന നഗരം
(സിറ്റി ഒഫ് ലേണിംഗ്)
സവിശേഷത: ആരോഗ്യ, കാര്‍ഷിക, ഹോര്‍ട്ടികള്‍ച്ചര്‍, വെറ്ററിനറി സര്‍വകലാശാലകളുടെ ആസ്ഥാനങ്ങള്‍.സാഹിത്യ അക്കാഡമി, ലളിതകലാ അക്കാഡമി, സംഗീത-നാടക അക്കാഡമി എന്നിവയ്ക്കു പുറമേ,
കേരള പൊലീസ് അക്കാഡമി, കില ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയും ഇവിടെയാണ്.
ബ്രാന്‍ഡ് ചെയ്യാന്‍: അറിവിനെ അടിസ്ഥാനമാക്കിയുള്ള പദ്ധതികളിലൂടെ ജനങ്ങള്‍ക്ക് തൊഴിലും വരുമാനവും ഉറപ്പാക്കണം.

കോഴിക്കോട് സാഹിത്യ നഗരം (സിറ്റി ഒഫ് ലിറ്ററേച്ചര്‍)
സവിശേഷത: വായനശാലകള്‍ ഏറ്റവും കൂടുതലുള്ള നഗരം.
മലബാര്‍ ടൂറിസം സര്‍ക്യൂട്ട്, ലിറ്റററി ഫെസ്റ്റിവല്‍ എന്നിവയാല്‍ പ്രശസ്തം.
ബ്രാന്‍ഡ് ചെയ്യാന്‍: സാഹിത്യത്തോടുള്ളതാല്പര്യവും വായനാശീലവും തലമുറകളിലേക്ക് പകര്‍ന്നു നല്‍കാന്‍ കഴിയുന്ന പദ്ധതികള്‍ ആവിഷ്കരിക്കണം.

കണ്ണൂര്‍ നാടന്‍ കലാ-കരകൗശല നഗരം (സിറ്റി ഒഫ് ക്രാഫ്റ്റ് ആന്‍ഡ് ഫോക്ക് ആര്‍ട്സ്)
സവിശേഷത: നാടന്‍ കലാരൂപങ്ങളും കരകൗശല ഉല്പന്നങ്ങളും സമൃദ്ധമായ നഗരം.
ബ്രാന്‍ഡ് ചെയ്യാന്‍: നാടന്‍ കലാരൂപങ്ങളെ പരിപോഷിപ്പിക്കണം. കലാകാരന്‍മാരുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കണം.നാടന്‍കലകളെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തണം.

Related Articles

Back to top button