LatestThiruvananthapuram

വിളിക്കാതെ വന്ന ‘അതിഥി’യെക്കൊണ്ട് പുലിവാലു പിടിച്ച്‌ വീട്ടുകാര്‍

“Manju”

തിരുവനന്തപുരം: പുതുവത്സരത്തലേന്ന് രാത്രി വീട്ടില്‍ വന്നു കയറിയ മുന്തിയ ഇനം നായ്ക്കുട്ടിയെക്കൊണ്ടു പുലിവാലു പിടിച്ച്‌ വീട്ടുകാര്‍.
പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള ഷാഹിദ് അലിയുടെയും കുടുംബത്തിന്റെയും കാത്തിരിപ്പിലേക്കാണ് 31നു രാത്രി പതിനൊന്നരയോടെ നായ്ക്കുട്ടി എത്തിയത്. മുന്തിയ ഇനം നായ ആയതിനാല്‍ ആരുടേതെന്നും, എങ്ങനെ വീട്ടില്‍ വന്നു കയറിയെന്നുമറിയാതെ ഷാഹിദ് അലി അമ്ബരന്നു. എളുപ്പത്തില്‍ ഇണങ്ങിയ നായ്ക്കുട്ടിയാകട്ടെ ഇറങ്ങിപ്പോയതുമില്ല.
അടുത്ത പ്രദേശത്തെങ്ങും അങ്ങനെ ഒരു നായ്ക്കുട്ടിയുള്ളതായി അറിവില്ലായിരുന്നു. സുഹൃത്തുക്കളെ കാണിച്ചപ്പോള്‍ ടിബറ്റന്‍ ഇനമായ ടോയ് ഡോഗ് ഷീസുവാണെന്നും കുറഞ്ഞത് മുപ്പതിനായിരം രൂപയെങ്കിലും വിലയുണ്ടെന്നുമറിഞ്ഞു. ഇത്രയും വിലയുള്ള നായ്ക്കുട്ടിയെ ആരും ഉപേക്ഷിക്കില്ലല്ലോ. പൊലീസിന്റെ സഹായം തേടാന്‍ തീരുമാനിച്ചു.
പുതുവത്സര ദിവസം രാവിലെ തന്നെ ഷാഹിദ് അലി മംഗലപുരം പൊലീസ് സ്റ്റേഷനിലെത്തി വിവരം ധരിപ്പിച്ചു. രണ്ട് ദിവസം ഉടമയെ നോക്കാമെന്നും വന്നില്ലെങ്കില്‍ ആര്‍ക്കെങ്കിലും ദത്ത് നല്‍കാമെന്നുമായിരുന്നു പൊലീസിന്റെ ഉപദേശം. ഉടമയെ കാത്തിരുന്നു മടുത്ത് വൈകീട്ട് ഫെയ്സ്ബുക്ക് പേജില്‍ ഷാഹിദ് അലി നായയുടെ ചിത്രം സഹിതം ഒരു പോസ്റ്റിട്ടു. പോസ്റ്റ് ശ്രദ്ധയില്‍പെട്ട ഖത്തറിലെ ബന്ധു വിവരമറിയിച്ചതനുസരിച്ച്‌ നായയുടെ ഉടമ ഫഹദ് ഇന്നലെ രാവിലെ ഷാഹിദ് അലിയെ തേടിയെത്തി.
നായക്കൊപ്പമുള്ള ഫഹദിന്റെ പഴയ ചിത്രങ്ങള്‍ കണ്ടപ്പോള്‍ യഥാര്‍ഥ ഉടമയെന്നു ബോധ്യപ്പെട്ടതോടെ പൊലീസിന്റെ അനുമതിയോടെ നായയെ കൈമാറി. രണ്ടര കിലോമീറ്റര്‍ അകലെ വരിക്കുമുക്കിലെ ഫഹദിന്റെ വീട്ടില്‍ നിന്നാണു നായ രാത്രിയില്‍ ഷാഹിദ് അലിയുടെ വീട്ടില്‍ വന്നു കയറിയത്. തുറന്നു കിടന്ന ഗേറ്റിലൂടെ പുറത്തു ചാടുകയായിരുന്നു. പൊല്ലാപ്പായെങ്കിലും നായയെ ഉടമസ്ഥനെ തിരിച്ചേല്‍പിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണു ഷാഹിദ് അലിയും കുടുംബവും.

Related Articles

Back to top button