Kerala

250 കോടി രൂപയുടെ കള്ളപ്പണ ഇടപാട്;  അന്വേഷണത്തിനൊരുങ്ങി ഇഡി

“Manju”

കൊച്ചി: എറണാകുളം, കോട്ടയം ജില്ലകളിലെ നാല് ക്വാറികളിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് 250 കോടി രൂപയുടെ നികുതി വെട്ടിപ്പ്. നിരവധി കളളപ്പണ ഇടപാടുകളും നടന്നതായി ആദായ നികുതി വകുപ്പ് അറിയിച്ചു.

മുൻ മന്ത്രി ടി.യു കുരുവിളയ്‌ക്കും പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ബേബി, ഐ.എൻ.ടി.യു.സി നേതാവ് പി.ടി പോൾ എന്നിവർക്കും ക്വാറി ഉടമകളുമായി വൻ സാമ്പത്തിക ഇടപാടുണ്ടെന്നും ആദായനികുതി വകുപ്പ് കണ്ടെത്തി. ക്വാറികളിലെ കള്ളപ്പണ ഇടപാടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണത്തിനൊരുങ്ങുകയാണ്.

കഴിഞ്ഞ മൂന്ന് ദിവസമായി നാല് ക്വാറികളുമായി ബന്ധപ്പെട്ട് റെയ്ഡുകൾ പുരോഗമിക്കുകയായിരുന്നു. തിരുവാണിയൂരിലെ മറിയം ഗ്രാനൈറ്റ്സ്, മൂവാറ്റുപുഴയിലെ ലക്ഷ്വറി ഗ്രാനൈറ്റ്സ്, നെടുങ്കുന്നത്തെ റോയൽ ഗ്രാനൈറ്റ്സ്, കോതമംഗലത്തെ റോയി തണ്ണിക്കോട് എന്നീ സ്ഥാപനങ്ങളിലും ഉടമകളുടെ വീടുകളിലുമാണ് റെയ്ഡ് നടന്നത്. ഏതാണ്ട് രണ്ടുകോടിയോളം രൂപ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പണമായി കണ്ടെത്തിയിരുന്നു.

റെയ്ഡിനിടെ കണക്കുകൾ സൂക്ഷിച്ചിരുന്ന പെൻഡ്രൈവുകൾ നശിപ്പിക്കാൻ ക്വാറി ജീവനക്കാർ ശ്രമിച്ചതായാണ് വിവരം. പെൻഡ്രൈവുകൾ കാട്ടിലേക്ക് എറിഞ്ഞും ടോയ്‌ലെറ്റിൽ കളയാനുമായിരുന്നു നീക്കം. എന്നാൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ഇവ പ്രയാസപ്പെട്ട് കണ്ടെടുക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി നടക്കുന്ന റെയ്ഡിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Related Articles

Back to top button