IndiaLatest

ഇന്ന് സ്വാമി വിവേകാനന്ദ ജയന്തി

“Manju”

ഇന്ന് സ്വാമി വിവേകാനന്ദ ജയന്തി. 1984 മുതല്‍ എല്ലാ വര്‍ഷവും ജനുവരി 12 ദേശീയ യുവജനദിനമായി ആഘോഷിക്കുന്നു. ഭാരതത്തിലെ സന്ന്യാസിമാരില്‍ പ്രമുഖനാ‍യ വിവേകാനന്ദന്റെ ജന്മദിനമാണ് ദേശീയ യുവജനദിനമായി ആചരിക്കുന്നത് എന്ന പ്രത്യേകതയുണ്ട്. 1863 ജനുവരി 12ന് ജനിച്ച സ്വാമി വിവേകാനന്ദന്‍ വേദാന്ത തത്ത്വശാസ്ത്രത്തിന്റെ ആധുനികകാലത്തെ ഏറ്റവും ശക്തനായ വക്താവും ഇന്ത്യയിലെമ്പാടും സ്വാധീനമറിയിച്ച ആത്മീയ ഗുരുവുമായിരുന്നു.

1893ല്‍ ചിക്കാഗോയിലെ പാര്‍ലമെന്റ് ഓഫ് റിലീജിയന്‍സില്‍ നടത്തിയ പ്രസംഗത്തിനുശേഷം അദ്ദേഹം അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റി. വേദാന്ത തത്ത്വചിന്തയ്ക്ക് പേരുകേട്ട അദ്ദേഹം ഇന്ത്യയുടെ ആത്മീയ അംബാസഡറായി മാറി. 39 വര്‍ഷം മാത്രമേ ഭൂമിയില്‍ അദ്ദേഹം ജീവിച്ചിരുന്നുള്ളൂവെങ്കിലും ലോകത്തിന് അനശ്വരമായ സംഭാവനകള്‍ നല്‍കിയാണ് അദ്ദേഹം വിടവാങ്ങിയത്. പശ്ചിമ ബംഗാളിലെ ബേലൂര്‍ മഠം ആസ്ഥാനമായി രാമകൃഷ്ണ മിഷന്‍ സ്ഥാപിച്ചു.

ഇന്ത്യയിലും അമേരിക്കയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ഹിന്ദു ആത്മീയ സംസ്കാരത്തിന്റെ പ്രചാരണത്തിനായി ഈ സംഘടന പ്രവര്‍ത്തിക്കുന്നു. മാതൃരാജ്യത്ത് പുരോഗമനപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട സ്വാമി വിവേകാനന്ദന്‍ ഇതോടൊപ്പം യോഗയും വേദാന്തവും അമേരിക്കയിലേക്കും ഇംഗ്ലണ്ടിലേക്കും പരിചയപ്പെടുത്തി. ഈ രാജ്യങ്ങളില്‍ നിരവധി പ്രഭാഷണങ്ങളും അദ്ദേഹം നടത്തി. പടിഞ്ഞാറന്‍ രാ‍ജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന ആദ്യത്തെ അറിയപ്പെടുന്ന ഹിന്ദു സന്യാസിയാണ് സ്വാമി വിവേകാനന്ദന്‍.

സ്വഭാവശുദ്ധിയും ഇച്ഛാശക്തിയുമുള്ള ഒരു യുവതലമുറയെ ഇളക്കിപ്രതിഷ്ഠിച്ച അതുല്യ വ്യക്തിയാണ് സ്വാമി വിവേകാനന്ദന്‍. യുവാക്കള്‍ക്ക് അഭിവൃദ്ധി പ്രാപിക്കാന്‍ ആവശ്യമായ അറിവും അവസരങ്ങളും നല്‍കുമ്പോള്‍ രാജ്യത്തിന്റെ വികസനത്തിന് ഒരു പ്രേരകശക്തി ആയി അത് മാറുമെന്ന് മനസ്സിലാക്കി ദീര്‍ഘദൃഷ്ടിയോടെ പ്രവര്‍ത്തിച്ച ആ മഹാനുഭവനെ നമുക്ക് മറക്കാതിരിക്കാം.

Related Articles

Back to top button