KeralaLatest

കൈയബദ്ധത്തിലവസാനിച്ച ഒളിവ് ജീവിതം

“Manju”

ചാലക്കുടി: മുപ്പത് വര്‍ഷത്തോളം ഒളിവിലായിരുന്ന മോഷ്ടാവിന്റെ ഒളിവ് ജീവിതം അവസാനിച്ചത് ചെറിയൊരു കൈയബദ്ധത്തിലൂടെ. കന്യാകുമാരി മുരുന്നം പാറൈ സ്വദേശി ജ്ഞാനദാസന്‍ എന്ന ദാസന്‍ (49) ആണ് പൊലീസിന്റെ പിടിയിലായത്. കേരളത്തിലും തമിഴ് നാട്ടിലുമായി നൂറില്‍പരം മോഷണ കേസുകളിലും പോക്കറ്റടിക്കേസുകളിലും പ്രതിയായ ദാസന്‍ മുപ്പതില്‍ പരം വര്‍ഷങ്ങളായി ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു.
കഴിഞ്ഞ ദിവസം തൃശൂര്‍ ടൗണില്‍ ജോലി ആവശ്യത്തിനായി എത്തിയ പാലക്കാട് സ്വദേശി ശക്തന്‍മാര്‍ക്കറ്റിനു സമീപം സിനിമാ ഷൂട്ടിങ്ങ് നടക്കുന്നത് കണ്ട് അല്‍പ നേരം ഷൂട്ടിങ്ങ്കണ്ട് നിന്ന ശേഷം ബസില്‍ കയറാന്‍ ശ്രമിക്കവേയാണ് വില കൂടിയ മൊബൈല്‍ ഫോണ്‍ മോഷണം പോയതായി മനസിലായത്. സമീപത്തുണ്ടായിരുന്ന ആളുടെ ഫോണ്‍ വാങ്ങി വിളിച്ചു നോക്കിയെങ്കിലും രണ്ട് റിങ്ങിനു ശേഷം സ്വിച്ചോഫായി. ഇതോടെ സിനിമാ ഷൂട്ടിങ്ങിനിടയിലെ തിരക്കില്‍ ഫോണ്‍ ആരോ മോഷ്ടിച്ചതാണെന്ന ധാരണയില്‍ തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തി മൊബൈല്‍ ഫോണ്‍ മോഷണം പോയതായി പരാതി നല്‍കി.
തുടര്‍ന്ന് പൊലീസ് അന്വേഷണമാരംഭിക്കുകയായിരുന്നു. ഇതിനിടയില്‍ ചാലക്കുടിയിലെത്തിയ മോഷ്ടാവ് ഫോണില്‍ നിന്നും സിം കാര്‍ഡ് ഊരിമാറ്റാന്‍ ശ്രമിച്ചെങ്കിലും സാധ്യമായില്ല. പിന്നീട് രണ്ട് യുവാക്കളുടെ സഹായം തേടുകയും സംശയം തോന്നിയ യുവാക്കള്‍ വിവരം പൊലീസ് സ്റ്റേഷനിലറിയിക്കുകയും ചെയ്തു. തൃശൂര്‍ ടൗണില്‍ നിന്നും മൊബെല്‍ ഫോണ്‍ മോഷണം പോയതറിഞ്ഞിരുന്നതിനാല്‍ ചാലക്കുടി പൊലീസ് ഉടനെ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നും ഓട്ടോ റിക്ഷാ ഡ്രൈവര്‍മാരുടേയും മറ്റും സഹായത്തോടെ മോഷ്ടാവിനെ കണ്ടെത്തുകയായിരുന്നു.
പിടിക്കപ്പെട്ടപ്പോഴാണ് ഇയാള്‍ മറ്റു കേസുകളിലും പിടികിട്ടാപ്പുള്ളി ആണെന്ന് പൊലീസ് തിരിച്ചറിയുന്നത്. 1990 ല്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനമായ എറണാകുളം ജില്ലയിലെ കാലടി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ വക റബര്‍ ഫാക്ടറിയില്‍ നിന്നും സംസ്കരിച്ച ലാറ്റക്സ് മോഷ്ടിച്ച കേസില്‍ അയ്യമ്ബുഴ പോലീസ് സ്റ്റേഷനിലടക്കം പലയിടത്തും പിടി കിട്ടാപ്പുള്ളിയാണ് ജ്ഞാന ദാസന്‍.

Related Articles

Back to top button