LatestThiruvananthapuram

റിപ്പബ്ലിക് ദിനാഘോഷത്തിന് കര്‍ശന കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ നിര്‍ദേശം

“Manju”

തിരുവനന്തപുരം: കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളില്‍ കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നു നിര്‍ദേശിച്ച്‌ പൊതുഭരണ വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ആഘോഷ പരിപാടികളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും പങ്കെടുക്കുന്നവരെല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കല്‍, സാനിറ്റൈസേഷന്‍, സാമൂഹിക അകലം എന്നിവ കൃത്യമായി പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷത്തില്‍ രാവിലെ ഒന്‍പതിന് ഗവര്‍ണര്‍ ദേശീയപതാക ഉയര്‍ത്തും. നൂറില്‍ കൂടാതെയുള്ള ക്ഷണിക്കപ്പെട്ടവരെ പങ്കെടുപ്പിച്ചാകും പരിപാടി. ജില്ലാതലത്തില്‍ രാവിലെ ഒന്‍പതിനു ശേഷം നടക്കുന്ന ചടങ്ങില്‍ അതതു മന്ത്രിമാര്‍ ദേശീയ പതാക ഉയര്‍ത്തും. പരമാവധി അന്‍പതു പേരെ മാത്രമേ ഈ ചടങ്ങുകളില്‍ പങ്കെടുപ്പിക്കാവൂ. സബ് ഡിവിഷണല്‍, ബ്ലോക്ക് തലത്തില്‍ നടക്കുന്ന പരിപാടിയിലും ക്ഷണിതാക്കളുടെ എണ്ണം 50ല്‍ കൂടാന്‍ പാടില്ല. പഞ്ചായത്ത്, മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ തലത്തിലെ പരിപാടിക്ക് 25 പേരില്‍ കൂടുതല്‍ അധികരിക്കരുതെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മറ്റ് ഓഫിസുകളിലും റിപ്പബ്ലിക് ദിനാഘോഷ പരിപാടി സംഘടിപ്പിക്കുമ്പോഴും 25 പേരില്‍ അധികരിക്കരുത്.

ആഘോഷ പരിപാടികളില്‍ പൊതുജനങ്ങള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവരെ അനുവദിക്കരുത്. പരിപാടികള്‍ നടക്കുന്ന സ്ഥലങ്ങളിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ തെര്‍മല്‍ സ്‌കാനിങ് സൗകര്യം ഏര്‍പ്പെടുത്തണം. ആഘോഷ പരിപാടികളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കണമെന്നും പ്ലാസ്റ്റിക് കൊണ്ടു നിര്‍മിച്ച ദേശീയ പതാകയുടെ നിര്‍മ്മാണം, വിതരണം, വില്‍പ്പന, ഉപയോഗം എന്നിവ സംസ്ഥാനത്ത് നിരോധിച്ചിട്ടുള്ളതായും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു.

Related Articles

Back to top button