Kottayam

വാവ സുരേഷിന്റെ തലച്ചോറിന്റെ പ്രവർത്തനം ഗുരുതരാവസ്ഥയിൽ; വെന്റിലേറ്ററിലേക്ക് മാറ്റി

“Manju”

കോട്ടയം : മൂർഖൻ പാമ്പിന്റെ കടിയേറ്റ് ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ നില ഗുരുതരം. തലച്ചോറിന്റെ പ്രവർത്തനം ഗുരുതര അവസ്ഥയിലാണ്. അതേസമയം ഹൃദയതിന്റെ പ്രവർത്തനം ശരിയായി. സുരേഷ് അപകടനില തരണം ചെയ്തിട്ടില്ലെന്ന് മന്ത്രി വിഎൻ വാസവൻ അറിയിച്ചു. നിലവിൽ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. വെന്റിലേറ്ററിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

വാവ സുരേഷ് അപകട നില തരണം ചെയ്തു എന്ന് പറയാനാവില്ലെന്ന് മന്ത്രി വാസവൻ പറഞ്ഞു. അദ്ദേഹം രക്ഷപെടുമെന്നാണ് പ്രതീക്ഷ. ആശുപത്രിയിൽ എത്തിയപ്പോൾ ഹൃദയത്തിന്റെ പ്രവർത്തനം 20 ശതമാനം മാത്രമായിരുന്നു. അഞ്ച് മണിക്കൂർ നിരീക്ഷണത്തിൽ കഴിയണം. അതിന് ശേഷമേ തലച്ചോറിന്റെ പ്രവർത്തനം സംബന്ധിച്ച് പറയാനാകൂ. വാവ സുരേഷിനെ പരിശോധിക്കാൻ ഡോക്ടർമാരുടെ പ്രത്യേക സംഘത്തെ നിയോഗിച്ചതായും മന്ത്രി വ്യക്തമാക്കി.

അതേസമയം കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന് സൗജന്യ ചികിത്സ നൽകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിനെ വിളിച്ച് സുരേഷിന്റെ ആരോഗ്യനിലയെ കുറിച്ച് മന്ത്രി ചോദിച്ചറിഞ്ഞു. എല്ലാവിധ വിദഗ്ധ ചികിത്സയും ഉറപ്പാക്കാനും മന്ത്രി നിർദേശം നൽകി.

കോട്ടയം കുറിച്ചിയിൽ വെച്ച് ഇന്ന് വൈകീട്ടോടെയാണ് വാവ സുരേഷിനെ മൂർഖൻ പാമ്പ് കടിച്ചത്. രണ്ട് ദിവസമായി പ്രദേശത്ത് ഉണ്ടായിരുന്ന പാമ്പിനെ പിടിക്കാൻ പറ്റാതെ വന്നതോടെ നാട്ടുകാരാണ് സുരേഷിനെ വിവരം അറിയിച്ചത്. തുടർന്ന് വാവ സുരേഷെത്തി പാമ്പിനെ പിടികൂടി. എന്നാൽ ചാക്കിലാക്കുന്നതിനിടെയാണ് പാമ്പിന്റെ കടിയേറ്റത്. സുരേഷിന്റെ തുടയിലാണ് പാമ്പ് കടിച്ചത്.

അബോധാവസ്ഥയിലാണ് അദ്ദേഹ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നില ഗുരുതരമായതോടെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. വാവ സുരേഷിനെ കടിച്ചത് മൂർഖൻ പാമ്പ് തന്നെയാണ് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. 2013 ലും 2020 ലും സമാനമായ സാഹചര്യത്തിൽ അതീവ ഗുരുതരാവസ്ഥയിൽ വാവ സുരേഷിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Related Articles

Back to top button