IndiaLatest

24 വര്‍ഷത്തെ കാത്തിരിപ്പ്; 57 കാരന് സര്‍ക്കാര്‍ ജോലി

“Manju”

അമരാവതി : സര്‍ക്കാര്‍ ജോലി ലഭിക്കാനായി യുവാവ് പരീക്ഷയെഴുതി കാത്തിരുന്നത് നീണ്ട 24 വര്‍ഷങ്ങള്‍. സര്‍ക്കാര്‍ സ്‌കൂളില്‍ അദ്ധ്യാപകനായി ജോലി ലഭിക്കാനുള്ള എല്ലാ പരീക്ഷകളും പാസായിട്ടും ആന്ധ്ര സ്വദേശിയായ അല്ലക കേദാരേശ്വര റാവുവിന് ജോലി ലഭിച്ചില്ല.
എന്നാല്‍ 24 വര്‍ഷങ്ങള്‍ക്ക് ശേഷം 57 ാം വയസ്സില്‍ റാവു തന്റെ സ്വപ്‌ന ജോലി നേടിയിരിക്കുകയാണ്. അദ്ധ്യാപക നിയമനത്തിനുള്ള പ്രവേശന പരീക്ഷ(ഡിഎസ്സി)-1998 ഫയല്‍ ക്ലിയര്‍ ചെയ്തതോടെയാണ് ഇയാള്‍ക്ക് ജോലി ലഭിച്ചത്.
1981 ല്‍ പെഡ്ഡ സിദ്ധി എസ്പി സ്‌കൂളില്‍ നിന്നാണ് റാവു എസ്‌എസ്‌സി പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് 1992 ല്‍ അണ്ണാമലൈ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബി.എഡ് പാസായി. 1994 ലും 1996 ലും ഡിഎസ്‌സിക്ക് ഹാജരായെങ്കിലും നിര്‍ഭാഗ്യവശാല്‍ രണ്ട് തവണയും പരാജയപ്പെട്ടു. തുടര്‍ന്ന് 1998ല്‍ ഒരിക്കല്‍ കൂടി ഡിഎസ്സിക്ക് ഹാജരായി. ഇന്റര്‍വ്യൂവും പാസായി. എന്നാല്‍ വിവിധ നിയമപ്രശ്‌നങ്ങള്‍ കാരണം അന്തിമ ഫലം ലഭിക്കാന്‍ വൈകുകയായിരുന്നുവെന്ന് റാവു പറഞ്ഞു. 57- ാം വയസ്സില്‍ തനിക്ക് ജോലി ലഭിച്ചതില്‍ അതിയായി സന്തോഷമുണ്ടെന്നാണ് റാവു പറയുന്നത്.
എന്നാല്‍ കടന്നുപോയ 24 വര്‍ഷത്തെ റാവുവിന്റെ ജീവിതം അത്ര സന്തോഷം നിറഞ്ഞതായിരുന്നില്ല. സര്‍ക്കാര്‍ ജോലി കാത്തിരുന്ന റാവുവിന് ഗ്രാമത്തില്‍ മറ്റൊരു ജോലിയും ലഭിച്ചില്ല. ഏറെ കാലം അമ്മയെ നോക്കി റാവു ജീവിച്ചു. അതിനിടെ വിവാഹം കഴിക്കാനോ കുടുംബ ജീവിതം നടത്താനോ റാവുവിന് സാധിച്ചില്ല. അമ്മയുടെ മരണം ഇയാളെ വിഷാദ രോഗിയാക്കി.
എട്ട് വര്‍ഷം മുമ്ബ് റാവു പെഡ്ഡ സിദ്ധിയിലേക്ക് മടങ്ങിയെത്തിയപ്പോള്‍ ആരും സ്വീകരിക്കാന്‍ തയ്യാറായില്ല. ശാരീരികമായി രൂപമാറ്റങ്ങള്‍ സംഭവിച്ചതോടെ ഇയാളെ ആളുകള്‍ യാചകനാണെന്ന് കരുതി ആട്ടിയോടിച്ചു. ആളുകള്‍ എറിഞ്ഞ് കൊടുത്തിരുന്ന ഭക്ഷണം കഴിച്ചാണ് ഇത്രയും നാള്‍ റാവു ജീവിതം മുന്നോട്ട് കൊണ്ടുപോയത്.
സര്‍ക്കാര്‍ അദ്ധ്യാപകനായി തനിക്ക് സെലക്ഷന്‍ കിട്ടിയെന്ന് നാട്ടുകാര്‍ പറഞ്ഞാണ് ഇയാള്‍ അറിഞ്ഞത്. ഈ വിവരം കേട്ട് സന്തോഷം കൊണ്ട് തുള്ളിച്ചാടുന്ന റാവുവിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ചെയ്ത കര്‍മ്മങ്ങള്‍ക്ക് പ്രായശ്ചിത്തമെന്നോണം പൊന്നാടയണിയിച്ചാണ് ഇയാളെ നാട്ടുകാര്‍ സ്വീകരിച്ചത്.

Related Articles

Back to top button