IndiaKeralaLatest

കൊവിഡ് കാലത്തെ വോട്ടെടുപ്പ് ; ബൂത്തിലെത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

“Manju”

തിരുവനന്തപുരം: കൊവിഡ് കാലത്ത് മറ്റൊരു തിരഞ്ഞെടുപ്പിന് കൂടി കേരളം സാക്ഷിയാവുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിന് പാലിച്ച എല്ലാ ചട്ടങ്ങളും ഇത്തവണ ബൂത്തിന് പുറത്തും അകത്തുമുണ്ട്. ബൂത്തിന്റെ കവാടത്തില്‍ പൊലീസും പ്രശ്‌നബാധിത മേഖലകളില്‍ കേന്ദ്ര സേനയും കാവലുണ്ടാകും. ബൂത്തിലേക്ക് തിരിക്കുന്നവര്‍ മാസ്‌കും തിരിച്ചറിയല്‍ കാര്‍ഡും മറക്കരുത്. സാനിറ്റൈസര്‍ കരുതുന്നതും നല്ലതാണ്. വോട്ടര്‍ സ്ലിപ്പ് കരുതുന്നത് വോട്ടിംഗ് വേഗത്തിലാക്കാന്‍ സഹായിക്കും.
പോളിംഗ് ബൂത്തുകളില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേക ക്യൂ ഉണ്ടാകും. ഭിന്നശേഷിക്കാര്‍ക്കും എണ്‍പതിന് മുകളില്‍ പ്രായമുള്ളവര്‍ക്കും പ്രത്യേക പരിഗണന നല്‍കും. ക്യൂവില്‍ സാമൂഹിക അകലം ഉറപ്പാക്കുന്നതിന് നില്‍ക്കേണ്ട സ്ഥലം മുന്‍കൂട്ടി മാര്‍ക്ക് ചെയ്യും. വോട്ടര്‍മാര്‍ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് വളണ്ടിയര്‍മാരെയും നിയോഗിക്കും.
ബൂത്തുകളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഓരോ ബൂത്തിലേക്കും കോവിഡ് പ്രോട്ടോകോള്‍ ഓഫീസറെ നിയമിക്കും. ബൂത്തുകളിലേക്ക് ആവശ്യമായ മാസ്‌കുകളും ഗ്ലൗസുകളും എത്തിക്കും. ബൂത്തിലെത്തുന്ന വോട്ടറുടെ ശരീരതാപനില 37 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലാണെങ്കില്‍ മൂന്ന് തവണ താപനില പരിശോധിക്കും. ഏതെങ്കിലും ഒരു തവണ താപനില കുറവാണെങ്കില്‍ വോട്ട് ചെയ്യാന്‍ അനുവദിക്കും.
മൂന്ന് തവണയും കൂടുതലാണെങ്കില്‍ കോവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുമുള്ളവര്‍ക്കുള്ള വോട്ടിംഗ് സമയത്ത് മാത്രമേ വോട്ട് ചെയ്യാന്‍ അനുവദിക്കൂ. ഇതിനായി ടോക്കണ്‍ നല്‍കും. ജില്ലയില്‍ എം ത്രീ സീരീസിലുള്ള ആധുനിക സാങ്കേതിക വിദ്യയിലുള്ള വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് തകരാര്‍ സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണ്. തകരാറിലാകുന്ന യന്ത്രങ്ങള്‍ പരിശോധിക്കുന്നതിനും ആവശ്യമെങ്കില്‍ അടിയന്തിരമായി മാറ്റി സ്ഥാപിക്കുന്നതിനും പരിശീലനം ലഭിച്ച എഞ്ചീനിയര്‍മാരുടെയും ജീവനക്കാരുടെയും പ്രത്യേക ടീം ഉണ്ടാകും.

Related Articles

Back to top button