KeralaKottayamLatest

പരീക്ഷാപ്പേടി അകറ്റാൻ ബോധവത്ക്കരണ ക്ലാസ്

“Manju”

കോട്ടയം : ശാന്തിഗിരി ഗുരുമഹിമ കോട്ടയം, വൈക്കം ഏരിയകളുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 12 ന് ‘പരീക്ഷാപ്പേടി എങ്ങനെ അകറ്റാം’ എന്ന വിഷയത്തെക്കുറിച്ച് ‘മാർഗദീപം’ ബോധവത്കരണ ക്ലാസ് നടന്നു. തിരുവനന്തപുരം ഗവ.വിമൻസ് കോളേജ് മലയാളം വിഭാഗം അസി. പ്രൊഫസറും ശാന്തിഗിരി മാതൃമണ്ഡലം ഗവേണിംഗ് കമ്മിറ്റി കൺവീനറുമായ ഡോ.സ്വപ്ന ശ്രീനിവാസനാണ് ക്ലാസ് നയിച്ചത്. വിദ്യാഭ്യാസത്തിന് മുൻഗണനയും മത്‌സരങ്ങളും ഏറിനിൽക്കുന്ന ഈ കാലഘട്ടത്തിൽ വരാനിരിക്കുന്ന പരീക്ഷക്കാലത്തേക്ക് വ്യക്തമായ പദ്ധതിയോടെ നമുക്ക് കിട്ടിയിരിക്കുന്ന സമയത്തെ ഉപയോഗിച്ച് കൃത്യമായ ലക്ഷ്യത്തോടെ എങ്ങനെ തയ്യാറെടുക്കാമെന്നും അവയെ ആരോഗ്യപരമായി എങ്ങനെ അഭിമുഖീകരിക്കാമെന്നും വിദ്യാർത്ഥികളെ അലട്ടുന്ന പ്രശ്നങ്ങളെ മുൻനിർത്തി നടത്തിയ ക്ലാസ് ഏറെ ശ്രദ്ധേയമായി. ജീവിതത്തിൽ വിജയം കണ്ടെവരൊക്കെയും അതിനു മുന്നേ പല പ്രാവശ്യം സ്വയം വിജയിച്ചതിനു ശേഷം മുന്നിൽ വന്നതാണെന്നത് ഉദാഹരിച്ചുകൊണ്ട് ഒരു പരീക്ഷയ്ക്ക് ഏങ്ങനെ മുൻകൂട്ടി തയ്യാറെടുത്ത് വിജയിക്കാം എന്ന് വ്യക്തമാക്കിയ ഈ ക്ലാസ് പ്രായഭേദമില്ലാതെ എല്ലാ കുട്ടികൾക്കും ഏറേ പ്രയോജനകരമായി.

ഓൺലൈനായി നടന്ന പരിപാടിയിൽ ശാന്തിഗിരി ആശ്രമം വൈക്കം ഏരിയ ഇൻചാർജ് സ്വാമി ജ്യോതിചന്ദ്രൻ ജ്ഞാനതപസ്വി മഹനീയ സാന്നിധ്യം വഹിച്ചു. ശാന്തിഗിരി ആശ്രമം വൈക്കം ഏരിയ ഡെപ്യൂട്ടി ജനറൽ മാനേജർ ജോയി വി., ഗുരുപ്രിയ എ., ഗുരുവന്ദിത വിനോദ്, ഐശ്വര്യ കെ. എസ്., ഇന്ദു മോഹൻ, ജനവൽസ വിജയൻ എന്നിവർ പങ്കെടുത്തു. ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം, ശാന്തിഗിരി മാതൃമണ്ഡലം എന്നീ ഡിവിഷനുകളുടെ പ്രധാന ചുമതലക്കാരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Related Articles

Back to top button