KeralaLatest

ഉത്സവങ്ങള്‍ക്ക് 15 ആനകളെ എഴുന്നള്ളിക്കാന്‍ അനുമതി

“Manju”

തൃശൂര്‍ : ജില്ലയില്‍ ഉത്സവങ്ങള്‍ക്ക് ചടങ്ങുകള്‍ നടത്തുന്നതിനായി എഴുന്നള്ളിപ്പിന് 15 ആനകളെ വരെ അനുവദിക്കാന്‍ തീരുമാനം. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഉത്സവങ്ങള്‍ക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് ചേര്‍ന്ന ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്.

വരവ് പൂരങ്ങള്‍ക്ക് പരമാവധി 3 ആനകളെ അനുവദിക്കും. എന്നാല്‍ വരവ് പൂരങ്ങള്‍ ചടങ്ങ് പൂര്‍ത്തിയാക്കി ഉടന്‍ മടങ്ങണമെന്നും യോഗം നിര്‍ദ്ദേശിച്ചു. ഗുരുവായൂര്‍ ആനയോട്ടത്തിന് പ്രത്യേകമായി 3 ആനകളെ പങ്കെടുപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. പാറമേക്കാവ് ഉത്സവത്തിന്റെ എഴുന്നള്ളിപ്പിനായി വടക്കുംനാഥ ക്ഷേത്രത്തിലേക്ക് 7 ആനകളെ വരെ കൊണ്ട് പോകാനുള്ള പ്രത്യേക അനുമതി നല്‍കി. ആറാട്ടുപുഴ പൂരം സംബന്ധിച്ച്‌ പ്രത്യേക യോഗം ചേര്‍ന്ന് തീരുമാനങ്ങള്‍ കൈ കൊള്ളുമെന്ന് ജില്ലാ കളക്ടര്‍ ഹരിത വി കുമാര്‍ അറിയിച്ചു.

ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബി സജീഷ് കുമാര്‍, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ.ഉഷാറാണി, സ്പെഷ്യല്‍ ബ്രാഞ്ച് എസ് ഐ ഫൈസല്‍ കോറോത്ത്, കെ എഫ് സി സി ജനറല്‍ സെക്രട്ടറി വത്സന്‍ ചമ്പക്കര, ആന തൊഴിലാളി സംസ്ഥാന സെക്രട്ടറി പി എം സുരേഷ്, കേരള എലിഫന്റ് ഓണേഴ്സ് ഫെഡറേഷന്‍ ജോയിന്റ് സെക്രട്ടറി കെ മഹേഷ്, എ ഐ ടി യു സി സെക്രട്ടറി മനോജ് അയ്യപ്പന്‍, അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അംഗങ്ങള്‍, കേരള എലിഫന്റ് ഓണേഴ്സ് ഫെഡറേഷന്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button