IndiaLatest

ലോകത്തിലേറ്റവും വലിയ അണ്ഡാശയ മുഴ നീക്കം ചെയ്ത് അപ്പോളോ ആശുപത്രി ഡോക്ടര്‍മാര്‍

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി: നാള്‍ക്കുനാള്‍ ശരീരഭാരം കൂടിക്കൊണ്ടേയിരുന്നു. അതിനൊപ്പം തന്നെ കടുത്ത വയറുവേദനയും ശ്വാസതടസവും. അല്‍പദൂരം പോലും നടക്കാന്‍ വയ്യാത്ത അവസ്ഥ കൂടിയായതോടെയാണ് ദില്ലി സ്വദേശിനിയായ അമ്പത്തിരണ്ടുകാരിയെ ഡോക്ടറെ കാണിക്കാന്‍ വീട്ടുകാര്‍ തീരുമാനിക്കുന്നത്. ആദ്യം വീടിനടുത്തുള്ള ഒരു ആശുപത്രിയില്‍ കാണിച്ചെങ്കിലും അവിടെ നിന്ന് മെച്ചപ്പെട്ട സൗകര്യങ്ങളുള്ള മറ്റൊരാശുപത്രിയിലേക്ക് രോഗിയെ മാറ്റാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇവരെ പ്രവേശിപ്പിച്ച ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ഞെട്ടിക്കുന്ന ആ സംഗതി കണ്ടെത്തിയത്. സ്ത്രീയുടെ അണ്ഡാശയത്തിനകത്ത് വമ്പനൊരു മുഴ രൂപപ്പെട്ടിരിക്കുന്നു

തുടര്‍ന്ന് ഇവരുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് 50 കിലോഗ്രാം ഭാരമുള്ള മുഴ. ഡല്‍ഹി സ്വദേശിനിയായ ഇവര്‍ക്ക് 106 കിലോഗ്രാം ശരീര ഭാരമുണ്ടായിരുന്നു. ഇതില്‍ പകുതിയും ഈ മുഴയുടെ ഭാരമായിരുന്നു. ശസ്ത്രക്രിയയ്ക്ക ശേഷം ഇവരുടെ ശരീര ഭാരം 56 കിലോഗ്രാമായി കുറഞ്ഞു. സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യനില വീണ്ടെടുത്ത ഇവര്‍ ഇന്ന് ആശുപത്രി വിട്ടു.

ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയില്‍ നടന്ന മൂന്നര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് മുഴ നീക്കം ചെയ്തത്. രോഗിയുടെ താല്‍പ്പര്യപ്രകാരം ഇവരുടെ പേര് പുറത്തുവിട്ടിട്ടില്ല. ലോകത്തില്‍ ഇന്നേവരെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത ഏറ്റവും വലിയ മുഴയാണിതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. 2017ല്‍ കോയമ്പത്തൂര്‍ സ്വദേശിനിയില്‍ നിന്ന് നീക്കം ചെയ്ത 34 കിലോയുള്ള മുഴയാണ് ഇതിന് മുമ്പ് നീക്കം ചെയ്ത ഏറ്റവും വലിയ അണ്ഡാശയ മുഴ. രോഗിയുടെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെ പോലും ബാധിക്കുന്ന വിധത്തില്‍ മുഴ വളര്‍ന്നിരുന്നു. ഇതോടെ അടിയന്തര ശസ്ത്രക്രിയ നടത്താന്‍ അപ്പോളോയിലെ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.

Related Articles

Back to top button