IndiaLatest

വിന്‍ഡീസിനെ തകര്‍ത്ത് ടി 20യില്‍ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യ

“Manju”

കൊല്‍ക്കത്ത : വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വിന്റി 20 പരമ്പരയില്‍ സമ്പൂര്‍ണ വിജയം നേടി ഇന്ത്യ. കൊല്‍ക്കത്തയില്‍ നടന്ന ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 17 റണ്‍സിനാണ് ഇന്ത്യ വിജയം ഉറപ്പിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 185 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസിന് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ.

ഈ വിജയത്തിന് ഇരട്ടി മധുരം നല്‍കിക്കൊണ്ട് ഐസിസി ടി20 റാങ്കില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. പരമ്പര തുടങ്ങും മുമ്പ് 269 റേറ്റിങ് പോയിന്റുണ്ടായിരുന്ന ഇംഗ്ലണ്ടിന് പിന്നില്‍ 268 പോയിന്റുമായി രണ്ടാം സ്ഥാനത്തായിരുന്നു ഇന്ത്യ. എന്നാല്‍ വിന്‍ഡീസിനെതിരെ സമ്പൂര്‍ണ വിജയം നേടിയതോടെ ഇംഗ്ലണ്ടിനെ ഇന്ത്യ പിന്തളളി. നാളെ പ്രഖ്യാപിക്കുന്ന റാങ്കില്‍ ടീം ഇന്ത്യ ഒന്നാം സ്ഥാനത്തെത്തും.

നാല് ഓവറില്‍ 22 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്‌ത്തിയ ഹര്‍ഷല്‍ പട്ടേലാണ് വിന്‍ഡീസിനെ മൊത്തത്തില്‍ തകര്‍ത്തത്. വെങ്കിടേഷ് അയ്യര്‍, ദീപക് ചാഹര്‍, ഷാര്‍ദ്ദൂല്‍ താക്കൂര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. സൂര്യകുമാര്‍ യാദവും വെങ്കടേഷ് അയ്യരുമാണ് മിന്നല്‍ പ്രകടനം നടത്തി ഇന്ത്യയുടെ സ്‌കോര്‍ വര്‍ദ്ധിപ്പിച്ചത്. സൂര്യകുമാര്‍ യാദവ് 31 പന്തില്‍ 65 റണ്ണെടുത്തപ്പോള്‍ വെങ്കിടേഷ് അയ്യര്‍ 19 പന്തില്‍ 35 റണ്ണെടുത്തു. ഇരുവരും ചേര്‍ന്നുള്ള കൂട്ടുകെട്ട് 6.1 ഓവറില്‍ 91 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

മത്സരത്തില്‍ ടോസ് നേടിയ വിന്‍ഡീസ് നായകന്‍ കീറോണ്‍ പൊള്ളാര്‍ഡ് ഇന്ത്യയെ ബാറ്റിംഗിന് അയയ്‌ക്കുകയായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിലും ജയിച്ച്‌ പരമ്പര സ്വന്തമാക്കിയതിനാല്‍ ബാറ്റിംഗില്‍ ഇന്ത്യ പ്രതീക്ഷ വെച്ചിരുന്നു. നായകന്‍ രോഹിത് ശര്‍മയ്‌ക്ക് പകരം ഇഷാന്‍ കിഷനൊപ്പം റുതുരാജ് ഗെയ്‌ക്ക്വാദിനെയാണ് ഇന്ത്യ ആദ്യം ഇറക്കിയത്. എന്നാല്‍ എട്ട് പന്തുകളില്‍ നിന്ന് ഒരു ബൗണ്ടറിയോടെ നാല് റണ്‍സുമായി റുതുരാജ് ക്രീസില്‍ നിന്നും മടങ്ങി.

മൂന്നാമനായി ശ്രേയസ് അയ്യരെ ഇന്ത്യ ഇറക്കിയെങ്കിലും 6 പന്തില്‍ നിന്ന് നാല് ബൗണ്ടറികളോടെ 25 റണ്‍സുമായി ശ്രേയസും തിരിച്ചെത്തി. പിന്നാലെ 31 പന്തുകളില്‍ നിന്ന് അഞ്ച് ബൗണ്ടറികളോടെ 34 റണ്‍സെടുത്ത് ഇഷാനും മടങ്ങി. അടുത്ത ഊഴം നായകന് ലഭിച്ചെങ്കിലും രോഹിതിന് തിളങ്ങാനായില്ല. 15 പന്തില്‍ നിന്ന് ഏഴു റണ്‍സുമായി നായകന്‍ മടങ്ങുമ്ബോള്‍ ഇന്ത്യ 13.5 ഓവറില്‍ 93 എന്ന നിലയിലായിരുന്നു. പിന്നീടാണ് സൂര്യകുമാര്‍വെങ്കിടേഷ് സഖ്യം തിരിച്ചടിച്ചത്.

Related Articles

Back to top button