KeralaLatest

കേരള പൊലീസ് അക്കാഡമി ഡോഗ് സ്‌ക്വാഡ് സെന്ററിലെ ‘ഹണി’ വിടവാങ്ങി

“Manju”

തൃശൂര്‍: രാഷ്ട്രപതി, പ്രധാനമന്ത്രി, ഗവര്‍ണര്‍ തുടങ്ങിയവരുടെ സന്ദര്‍ശനത്തിന്റെ ഭാഗമായുളള വി.വി.ഐ.പി സുരക്ഷാ പരിശോധനാ സംഘത്തിലെ ശ്രദ്ധേയ സാന്നിദ്ധ്യമായിരുന്ന, കേരള പൊലീസ് അക്കാഡമി ഡോഗ് സ്‌ക്വാഡ് സെന്ററിലെ ‘ഹണി’ വിടവാങ്ങി.
പത്ത് വര്‍ഷക്കാലത്തെ സര്‍വീസിന് ശേഷം, വിരമിച്ച പൊലീസ് ഡോഗുകളെ പാര്‍പ്പിക്കുന്ന റിട്ടയര്‍മെന്റ് സെന്ററായ വിശ്രാന്തിയിലായിരുന്നു ഹണി ഇന്നലെ രാവിലെ അവസാന സല്യൂട്ട് ഏറ്റുവാങ്ങിയത്. ബ്യൂഗിള്‍ മുഴക്കിയ ശേഷം ട്രെയിനിംഗ് ഐ.ജി.സേതുരാമന്‍ സല്യൂട്ട് നല്‍കി ഹണിക്ക് അന്ത്യോപചാരമര്‍പ്പിച്ചു. പുഷ്പാര്‍ച്ചനയും, റീത്തും സമര്‍പ്പിച്ചു. പ്രത്യേക കല്ലറയും, ബലികുടീരവും ഹണിക്കായി സജ്ജമാക്കിയിരുന്നു.

സംസ്ഥാനത്തെ ഏക ഡോഗ് പരിശീലന കേന്ദ്രമായ കേരള പൊലീസ് അക്കാഡമിയില്‍ പരിശീലനത്തിനെത്തുന്ന മുഴുവന്‍ ഡോഗുകള്‍ക്കും മാതൃകയും, വഴികാട്ടിയുമായി നിറസാന്നിദ്ധ്യമായ ഹണി സ്റ്റേറ്റ് ഡോഗ് ട്രെയിനിംഗ് സെന്ററിലെ കണ്ണിലുണ്ണിയായിരുന്നു. 2012ലാണ് സേനയുടെ ഭാഗമായി ഹണിയെത്തിയത്. തൃശൂരിലെ പ്രമുഖ സ്വകാര്യ കെന്നലില്‍ നിന്നാണ് രണ്ട് ലാബ്രഡോര്‍ ഇനത്തിലുള്ള പട്ടികളെ കേരള പൊലീസിനായി വാങ്ങിയത്.

അതിലൊന്നാണ് ഹണി. നല്ലയിനം ബ്രീഡുകളില്‍ ഇണചേര്‍ത്തതിനെ തുടര്‍ന്ന് ഒറ്റ പ്രസവത്തില്‍ ഏഴ് ഡോഗുകളെയാണ് ഹണി നല്‍കിയത്. ഹണിയുടെ മക്കളായ ഫ്രിഡ, ലൈക്ക, ഡെല്‍മ, ബെറ്റി, മാര്‍ക്കോ, ഹെക്ടര്‍, ഡോണ്‍ എന്നിവര്‍ ഡോഗ് സ്‌ക്വാഡ് അംഗങ്ങളായി വിവിധ ജില്ലകളില്‍ നാര്‍ക്കോട്ടിക് ഡിറ്റക്ഷന്‍ രംഗത്ത് കഴിവുതെളിയിച്ചു. ഹണിയുടെ സഹോദരി ജൂലി ഇപ്പോഴും പാലക്കാട് കെ.നയന്‍ സ്‌ക്വാഡ് അംഗമായി പ്രവര്‍ത്തിക്കുന്നു.

Related Articles

Back to top button