InternationalLatest

ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പരയ്ക്ക് വെള്ളിയാഴ്ച്ച തുടക്കം

“Manju”

മൊഹാലി: ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പര വെള്ളിയാഴ്ച്ച ആരംഭിക്കാനിരിക്കെ വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിനെ കാത്ത് പുതിയൊരു റെക്കോര്‍ഡ്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബൗളറാവാനുള്ള അവസരമാണ് അശ്വിനെ കാത്തിരിക്കുന്നത്. നിലവില്‍, 84 ടെസ്റ്റില്‍ നിന്ന് 24.38 ശരാശരിയില്‍ 430 വിക്കറ്റാണ് അശ്വിന്‍ വീഴ്ത്തിയത്.

അഞ്ച് വിക്കറ്റുകള്‍ കൂടി നേടിയാല്‍ അശ്വിന് മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിനെ മറികടക്കാം. 131 ടെസ്റ്റില്‍ നിന്ന് 434 വിക്കറ്റാണ് കപില്‍ നേടിയിട്ടുള്ളത്. അതേസമയം, രോഹിത് ശര്‍മ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായി അരങ്ങേറുന്ന ആദ്യ മത്സരം കൂടിയാണിത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ശേഷം വിരാട് കോഹ്ലി നായകസ്ഥാനം ഒഴിഞ്ഞതോടെയാണ് രോഹിത്തിനെ പുതിയ നായകനായി പരിഗണിച്ചത്.

നിലവില്‍, മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയെ നയിക്കുന്നത് രോഹിത്താണ്. സീനിയര്‍ താരങ്ങളായ അജിന്‍ക്യ രഹാനെ, ചേതേശ്വര്‍ പൂജാര എന്നിവരെ ഇന്ത്യ ഒഴിവാക്കിയിരുന്നു. ദീര്‍ഘകാലമായി മോശം ഫോമിലായിരുന്നു ഇരുവരും. അതേസമയം, നൂറ് ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കുന്ന 12-ാമത്തെ ഇന്ത്യന്‍ താരാമാവാന്‍ ഒരുങ്ങുകയാണ് വിരാട് കോഹ്ലി. 2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു കോഹ്ലിയുടെ അരങ്ങേറ്റം. കരിയറിലെ 99 ടെസ്റ്റില്‍ 27 സെഞ്ച്വറിയും ഏഴ് ഇരട്ട സെഞ്ച്വറിയും 28 അര്‍ധ സെഞ്ച്വറിയും സഹിതം 50.39 ശരാശരിയില്‍ 7962 റണ്‍സ് താരം തന്റെ ടെസ്റ്റ് കരിയറില്‍ നേടിയിട്ടുണ്ട്.

Related Articles

Back to top button